Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2024 20:16 IST
Share News :
കോട്ടയം: മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ ബസുകൾ എത്തി. ബസുകൾ വീണ്ടും എത്തിയപ്പോൾ, ബലക്ഷയത്തിൻ്റെ പേര് പറഞ്ഞ്, യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭ ഇടിച്ച് നിരത്തിയ ഷോപ്പിംഗ് കോംപ്ലക്സ് സമുച്ചയവും അതിൽ ഉണ്ടായിരുന്ന കച്ചവടക്കാരും ഇന്നവിടെയില്ല. മണ്ണിട്ട് നിരത്തിയ മൈതാനത്തേക്കാണ് ബസുകൾ എത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതലാണ് ബസുകൾ പഴയ സ്റ്റാൻഡിനുള്ളിൽ നിർത്തി, യാത്രക്കാരെ കയറ്റി, ഇറക്കി തുടങ്ങിയത്. വേണ്ടത്ര മുൻകരുതൽ ഇല്ലാതെ, കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കർശന നിർദേശത്തെ തുടർന്ന്, കോട്ടയം നഗരസഭ സ്റ്റാൻഡ് തുറക്കുകയായിരുന്നു.
നഗരസഭ ഭരണപക്ഷ തമ്മിത്തല്ലിനും പൊട്ടിത്തെറിക്കുമിടയിൽ നഗരസഭ അധികാരികൾക്ക് വികസന പ്രവർത്തനങ്ങൾ നടത്താൻ നേരം കിട്ടാതായി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞപ്പോൾ കാലാവസ്ഥയെ പഴിചാരിയ നഗരസഭ, തിരുനക്കരയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഒരുക്കിയിട്ടില്ല. സ്റ്റാൻഡിലേക്ക് കയറുന്ന ഇടത് വശം പൊട്ടിപ്പൊളിഞ്ഞാണ് കിടക്കുന്നത്. തിരുനക്കരയിൽ യാത്രക്കാർക്ക് വെയിലും മഴയും ഏൽക്കാതെ കയറി നിൽക്കാൻ വേണ്ട സൗകര്യം ഒരുക്കിയിട്ടില്ല. കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതിനാൽ തന്നെ യാത്രക്കാർ വെയിലും മഴയും കൊള്ളണം. അത് യാത്രക്കാർക്ക് ഏറെ ദുരിതമാകും. കൂടാതെ ബസുകൾ ഓടിത്തുടങ്ങുന്നതോടെ പൊടി ശല്യവും രൂക്ഷമാകും. മഴ പെയ്താൽ ഇവിടെ ചെളിക്കുളവുമായി മാറും. സ്പോൺസറെ കണ്ടെത്തി താൽക്കാലികമായിട്ട് എങ്കിലും വെയിറ്റിംഗ് ഷെഡ് സ്ഥാപിക്കണമെന്നുള്ള നിർദ്ദേശവും ലീഗൽ സർവീസസ് അതോറിറ്റി നഗരസഭയ്ക്ക് നൽകിയിട്ടുണ്ട്. എന്നാൽ ഇവിടെ ഒരു ടാർപോളിൻപോലും വലിച്ച് കെട്ടാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.
ഇതിനിടെ നഗരസഭ തിരുനക്കര ബസ്സ്റ്റാൻഡ് കെട്ടിടം പൊളിച്ച സ്ഥലത്ത് മണിക്കൂറിന് 25 രൂപ നിരക്കിൽ പേ ആൻഡ് പാർക്കിങ് സംവിധാനം തുടങ്ങിയിരുന്നു. സ്ഥലം അളന്നു തിരിച്ചശേഷം പുതിയ കെട്ടിടം വരുന്നതുവരെ പാർക്കിങ്ങിന് നൽകാനാണ് കൗൺസിൽ തീരുമാനിച്ചിരുന്നെങ്കിലും അതും ഉണ്ടായില്ല. ബലക്ഷയത്തിന്റെ പേരിൽ 52 വ്യാപാരികളെ വഴിയാധാരമാക്കി കെട്ടിടം പൊളിച്ചുകളഞ്ഞ സ്ഥലത്താണ് നഗരസഭ പണം വാങ്ങി പാർക്കിങ് നടത്തിയത്. രാഷ്ട്രീയ യോഗങ്ങൾക്കും തിരുനക്കര ഉത്സവകാലത്ത് കാർണിവൽ നടത്തുവാനും നഗരസഭ ഈ സ്ഥലം കൊടുത്തു.
കഴിഞ്ഞ ദിവസം നടന്ന സിറ്റിംങിൽ ബുധനാഴ്ച മുതൽ തിരുനക്കര പഴയ ബസ് സ്റ്റാൻഡ് തുറന്നു നൽകുമെന്നായിരുന്നു നഗരസഭ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നൽകിയ ഉറപ്പ്. എന്നാൽ ബസ് ബേ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രതികൂല കാലാവസ്ഥമൂലം സജ്ജമാക്കിയില്ല എന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അതോറിറ്റി, ഒരു ദിവസത്തെകൂടി സാവകാശം നഗരസഭയ്ക്ക് നൽകുകയായിരുന്നു. തുടർന്നാണ് വ്യാഴാഴ്ച ഉച്ച മുതൽ ബസുകൾ കടത്തിവിട്ട് തുടങ്ങിയത്.
തിരുനക്കര സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സ് ബലക്ഷയമെന്ന് വിധിച്ച് പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് 2023 സെപ്റ്റംബറിലാണ് ദുരന്തനിവാരണത്തിന്റെ പേരിൽ തിരുനക്കര സ്റ്റാൻഡിനുള്ളിൽ ബസ് പ്രവേശിക്കുന്നത് ജില്ലാ കളക്ടർ തടഞ്ഞത്. സ്റ്റാൻഡ് ഇല്ലാതായതോടെ ബസുകൾ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിലാണ് നിർത്തി ആളെ കയറ്റിയിരുന്നത്. ഇത് നഗരത്തിൽ വലിയ ഗതാഗതകുരുക്കിനും യാത്രാ ദുരിതത്തിനും കാരണമായതോടെയാണ് ലീഗൽ സർവീസസ് സൊസൈറ്റി വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്.
ബസ് സ്റ്റാൻഡിനുള്ളിൽ ഒരു ദിശാ ബോർഡ് നിലവിൽ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ട്രാഫിക് പോലീസും, ബസ്സുകൾ സ്റ്റാൻഡിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് നിർദ്ദേശം നൽകി ഇവിടെ ഡ്യൂട്ടിയിലുണ്ട്.
തിരുനക്കര ബസ് സ്റ്റാൻഡിൽ പുതിയ ഷോപ്പിംഗ് കോംപ്ലക്സും അതിനെ ആശ്രയിച്ചിരുന്ന കച്ചവടക്കാരും ഇവിടേയ്ക്ക് എന്ന് തിരിച്ച് വരുമെന്ന് കാത്തിരുന്ന് കാണാം.
Follow us on :
Tags:
More in Related News
Please select your location.