Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടൈംസ് ഹയർ എജ്യുക്കേഷൻ ഏഷ്യൻ റാങ്കിംഗ്; എം.ജി. രാജ്യത്ത് മൂന്നാമത്

15 May 2024 12:24 IST

CN Remya

Share News :

കോട്ടയം: ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷൻറെ ഈ വർഷത്തെ ഏഷ്യാ യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് ഇന്ത്യയിൽ മൂന്നാം സ്ഥാനം. ബംഗലുരൂവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും തമിഴ്‌നാട്ടിലെ അണ്ണാ സർവകലാശാലയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. കഴിഞ്ഞ വർഷത്തെ റാങ്കിംഗിൽ മഹാത്മാ ഗാന്ധി സർവകലാശാല നാലാം സ്ഥാനത്തായിരുന്നു. ഏഷ്യൻ രാജ്യങ്ങളിലെ സർവകലാശാലകളുടെ പട്ടികയിൽ ചൈനയിലെ സിൻഗുവ, പീകിംഗ് സർവകലാശാലകൾ തുടർച്ചയായി അഞ്ചാം തവണയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി. ഈ പട്ടികയിൽ എം.ജി. സർവകലാശാല 134-ാം സ്ഥാനത്താണ്. എം.ജി ഉൾപ്പെടെ അഞ്ച് ഇന്ത്യൻ സർവകലാശാലകളാണ് ഏഷ്യൻ റാങ്കിംഗിൽ ആദ്യ 150ൽ ഉൾപ്പെട്ടിട്ടുള്ളത്.  ഇതിൽ കേരളത്തിൽനിന്നുള്ള ഏക സർവകലാശാലയും എം.ജിയാണ്. 

അധ്യാപനം, ഗവേഷണം, വിജ്ഞാന കൈമാറ്റം, രാജ്യാന്തര വീക്ഷണം, തുടങ്ങി 18 സൂചകങ്ങൾ വിലയിരുത്തിയാണ് റാങ്കിംഗ് നിർണയിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള 739 സർവകലാശാലകളാണ് ഈ വർഷത്തെ റാങ്ക് പട്ടികയിലുള്ളത്. നാഷണൽ അസസ്‌മെൻറ് ആൻറ് അക്രഡിറ്റേഷൻ കൗൺസിലിൻറെ (നാക്) നാലാം ഘട്ട റീ അക്രഡിറ്റേഷനിൽ എ ഡബിൾ പ്ലസ് ഗ്രേഡ് ലഭിച്ചതിനു പിന്നാലെ ഏഷ്യൻ റാങ്കിംഗിൽ രാജ്യത്ത് മൂന്നാം സ്ഥാനം നേടാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ പറഞ്ഞു. പഠനം, ഗവേഷണം, സംരംഭകത്വ വികസനം, വിദേശ സർവകലാശാലകളും വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം തുടങ്ങിയ മേഖലകളിൽ കാലോചിതമായി മൂന്നേറാൻ സർവകലാശാലയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow us on :

More in Related News