Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2024 20:12 IST
Share News :
ഇടുക്കി: അന്തര്‍ സംസ്ഥാന ചന്ദന മോഷ്ടാവ് പിടിയില്‍. തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി സുനീഷ് ചെറിയാനാന്‍ (36) ആണ് വനം വകുപ്പിന്റെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് അംഗത്തിലുണ്ടായിരുന്ന ആളാണ് പ്രതി. ചന്ദന മോഷണ മാഫിയയിലെ മറ്റ് അംഗങ്ങള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു. മറയൂര്‍ കഴിഞ്ഞാല്‍ ഇടുക്കിയില്‍ ഏറ്റവുമധികം ചന്ദനമരങ്ങള്‍ വളരുന്നത് കേരള - തമിഴ്‌നാട് അതിര്‍ത്തിയിലെ പട്ടം കോളനി മേഖലയിലാണ്. ഇവിടങ്ങളില്‍ കഴിഞ്ഞ നാളുകളില്‍ വ്യാപകമായ ചന്ദന മോഷണ പരമ്പരയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ തുടര്‍ന്ന് കുമളി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ. അനില്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ ജോജി എം. ജേക്കബിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മോഷ്ടാക്കള്‍ പിടിയിലായത്. സന്യാസിയോടയില്‍ നിന്നും മോഷ്ടിച്ച ചന്ദനമരം കേസിലെ മറ്റൊരു പ്രതിയായ പൊക്കന്‍ ഷിബു എന്നയാളുടെ വീട്ടുമുറ്റത്ത് വച്ച് കാതല്‍ ഒരുക്കി എടുക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. ഒപ്പമുണ്ടായിരുന്ന പൊക്കന്‍ ഷിബു തൂക്കുപാലത്തെ വര്‍ക്ക് ഷോപ്പ് തൊഴിലാളി സച്ചു, തൂക്കുപാലം സ്വദേശി ബിജു, ഓട്ടോറിക്ഷ തൊഴിലാളിയായ കണ്ണന്‍ എന്ന് വിളിക്കുന്ന അഖില്‍ എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ഇതിനിടയില്‍ സംഘത്തലവനായ സുനീഷിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന 15 കിലോയോളം ചന്ദനം മോഷണം നടത്തുവാന്‍ ഉപയോഗിച്ച വാക്കത്തി, കോടാലി, വാള്‍ തുടങ്ങിയവയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. മുമ്പ് വെള്ളിമാട്കുന്നില്‍ പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് അംഗമായിരുന്നു സുനീഷ്. സ്വഭാവ ദൂഷ്യം മൂലം ഇയാളെ സേനയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. ഇയാളുടെ പേരില്‍ ചന്ദന മോഷണം, അബ്കാരി കേസുകള്‍, മറ്റു ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെയുള്ളവ വിവിധ പോലീസ്, എക്‌സൈസ് സ്‌റ്റേഷനുകളിലുണ്ട്. പട്ടയ ഭൂമികളിലെ ചന്ദനമരങ്ങളായിരുന്നു സംഘം പതിവായി കടത്തിയിരുന്നത്. കേരളത്തില്‍ നിന്നും മോഷ്ടിക്കുന്ന ചന്ദനം പരുവപ്പെടുത്തിയ ശേഷം തമിഴ്‌നാട്ടിലെത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു പതിവ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തില്‍ ഉദ്യോഗസ്ഥരായ പി.എസ്.നിഷാദ്, അരുണ്‍ ജോയി, ഇ.എസ്. ഷൈജു, പി.എസ്. ജോബിന്‍, വി.കെ മഞ്ചേഷ്, ബി.എസ്. ബാദുഷ, പ്രിന്‍സ് ജോണ്‍, പി.ടി. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.