Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2024 12:31 IST
Share News :
തൊടുപുഴ: കവര്‍ച്ച നടത്താനായി ഒരു പ്രദേശത്ത് ഒന്നാകെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച് മോഷ്ടാക്കള്‍. തൊടുപുഴയിലും പരിസര പ്രദേശങ്ങളുമാണ് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനായി മോഷ്ടാക്കള്‍ വൈദ്യുതി വിച്ഛേദിച്ചത്. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയിലാണ് സംഭവം. തൊടുപുഴ, പുറപ്പുഴ സബ് സ്റ്റേഷനു കീഴില്‍ വിവിധ മേഖലകളിലാണ് ഇത്തരത്തില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. പുലര്‍ച്ചെ 1.45 ഓടെ കറണ്ടില്ലെന്ന പരാതിയുമായി നാട്ടുകാര്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസുകളില്‍ വിളിച്ചു. ഇതോടെ വൈദ്യുതി ഇല്ലാതായതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്ക് സംഭവം ആസൂത്രിതമാണെന്ന് വ്യക്തമായത്. കെ.എസ്.ഇ.ബി അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മൂലമറ്റം ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ കുടയത്തൂര്‍ ഭാഗത്തും ഇതേ രീതിയില്‍ വൈദ്യുതി തടസപ്പെട്ടിരുന്നു. അന്നേ ദിവസം രാത്രിയില്‍ കുടയത്തൂര്‍ മേഖലയില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടന്നിരുന്നു. ഇവിടെ വൈദ്യുതി ബന്ധം ഇല്ലാതാക്കി പ്രദേശം ഇരുട്ടിലാക്കിയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. അര്‍ധരാത്രിയ്ക്കു ശേഷമായതിനാല്‍ വൈദ്യുതി മുടങ്ങിയത് പ്രദേശ വാസികള്‍ കാര്യമായി ശ്രദ്ധിച്ചില്ല. പിന്നീട് നാട്ടുകാരും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ട്രാന്‍സ്ഫോര്‍മറിലെ ഫ്യൂസുകള്‍ ഊരി മാറ്റിയ നിലയില്‍ കണ്ടെത്തിയത്. ട്രാന്‍സ്ഫോര്‍മറിലെ എ.ബി സ്വിച്ചുകളാണ് കവര്‍ച്ചയ്ക്കു മുന്നോടിയായി ഓഫ് ചെയ്യുന്നത്. ഇത് ഓഫ് ചെയ്യുന്നതോടെ ട്രാന്‍സ്ഫോര്‍മറിന്റെ പരിധിയില്‍ പൂര്‍ണമായും വൈദ്യുതി മുടങ്ങും. ഇതു മുതലെടുത്താണ് കവര്‍ച്ച ആസൂത്രണം നടത്തുന്നത്. പുറപ്പുഴ സെക്ഷനു കീഴില്‍ നാല് എ.ബി സ്വിച്ചുകളാണ് കഴിഞ്ഞ ദിവസം ഓഫ് ചെയ്തത്. ആലക്കോട് സെക്ഷനു കീഴിലും സമാന രീതിയില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. സംഭവത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു.
Follow us on :
More in Related News
Please select your location.