Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Sep 2024 13:35 IST
Share News :
ചൂരല്‍മല-മുണ്ടക്കൈ ദുരന്തമേഖലയിലെ 107.5 ഹെക്ടര്‍ സ്ഥലം സുരക്ഷിതമല്ലെന്നും വാസ്യയോഗ്യമല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കി. ഉരുള്‍പൊട്ടി മണ്ണും പാറയുമടക്കം അന്‍പതുലക്ഷം ടണ്‍ അവശിഷ്ടമാണ് ഒലിച്ചെത്തിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മൂന്നുലക്ഷം ടണ്‍ മേല്‍മണ്ണുമാത്രം ഒലിച്ചുപോയി. സമുദ്രനിരപ്പില്‍നിന്ന് 1500 അടി ഉയരത്തിലാണ് പ്രഭവകേന്ദ്രം.
104 ഹെക്ടര്‍ പ്രദേശമാണ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നത്. ഇതിനോടുചേര്‍ന്നുള്ള 3.5 ഹെക്ടര്‍ സ്ഥലംകൂടി അപകടകരമാണെന്നാണ് സമിതി റിപ്പോര്‍ട്ടിലുള്ളത്. ഉരുളൊഴുകിപ്പോയ വഴിയും അതിനോടുചേര്‍ന്ന് 300 മീറ്ററോളം വരുന്ന സ്ഥലവുമാണിത്. പ്രൊഫ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറി. ഭൂമി പാറയില്‍ വിള്ളലുകള്‍വീണ് പാളികളായാണ് ഇരിക്കുന്നത്. പ്രഭവകേന്ദ്രത്തില്‍ ഏഴ് ഹെക്ടറോളം സ്ഥലമാണ് ഇത്തരത്തില്‍ പാളികളായും വിള്ളലുകളോടെയും കാണുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിമഴപെയ്താല്‍ വീണ്ടും അപകടസാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പ്രാദേശികമായി ഉരുള്‍പൊട്ടല്‍സാധ്യതാ മേഖലകള്‍ അടയാളപ്പെടുത്തണമെന്നും സമിതി നിര്‍ദേശിച്ചു. പുന്നപ്പുഴയുടെ നദീതടസംരക്ഷണം സംബന്ധിച്ച നിര്‍ദേശങ്ങള്‍, കെട്ടിടനിര്‍മാണത്തിലെ നിര്‍ദേശങ്ങള്‍ എന്നിവയും സമിതി റിപ്പോര്‍ട്ടിലുണ്ട്.
36 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള മുന്നൂറുമീറ്ററിലധികം ഉയരമുള്ള പ്രദേശം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി രണ്ടുദിവസങ്ങളിലായി പെയ്ത 572.8 മില്ലിമീറ്റര്‍ മഴ, ദുരന്തമുണ്ടായ 30-ന് രണ്ട് മണിക്കൂറില്‍ 50 മില്ലിമീറ്റര്‍ മഴ ലഭിച്ചത്, കാറ്റിന്റെ ഗതിമാറ്റം തുടങ്ങിയ ഘടകങ്ങളാണ് ഉരുള്‍പൊട്ടലിന് പിന്നിലെന്നാണ് കമ്മിറ്റി പറയുന്നത്. അതേസമയം പ്രഭവകേന്ദ്രത്തിന് ഒരുകിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ ക്വാറികളില്ലെന്നും സമീപത്ത് ചെക്ഡാമുകള്‍പോലുള്ളവ ഇല്ലെന്നും ഇവയൊന്നും ദുരന്തത്തിന് കാരണമായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതായി പരിഗണനയിലുള്ള കല്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റ്, മേപ്പാടി നെടുമ്പാലയിലെ എച്ച്.എം.എല്‍. എസ്റ്റേറ്റ് ഭൂമി എന്നിവിടങ്ങളില്‍ വീണ്ടും വിദഗ്ധസമിതി പരിശോധന നടത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൂടി പരിഗണിച്ചായിരിക്കും പുനരധിവാസം സംബന്ധിച്ച അന്തിമതീരുമാനം. സി.ഡബ്‌ള്യു.ആര്‍.ഡി.എം. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി.കെ. ദൃശ്യ, സൂറത്ത്കല്‍ എന്‍.ഐ.ടി. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശ്രീവല്‍സന്‍ കൊളത്തയാര്‍, ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ താരാ മനോഹരന്‍, ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് പി. പ്രദീപ് എന്നിവരും വിദഗ്ധസമിതിയില്‍ ഉണ്ടായിരുന്നു.
ചൂരല്‍മല അങ്ങാടിയും സ്‌കൂള്‍ റോഡും സുരക്ഷിതമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുഴയുടെ പഴയ കൈവഴിയായാണ് ഈ പ്രദേശത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇവിടെ വീടുപണിയുന്നത് സുരക്ഷിതമല്ല, ഈ ഭാഗം വെറുതേയിടണം. എന്നാല്‍, പടവെട്ടിഭാഗത്ത് താമസിക്കുന്നവര്‍ക്കുവേണ്ടി തകര്‍ന്ന റോഡ് പണിയണം. ഇപ്പോള്‍ ഉള്ളതില്‍നിന്ന് ഉയരത്തിലാണ് റോഡ് പണിയേണ്ടത്. ബെയ്ലി പാലം മാറ്റി ചൂരല്‍മല-മുണ്ടക്കൈ പാലം പണിയുമ്പോള്‍ രണ്ടരമീറ്ററെങ്കിലും കൂടുതല്‍ ഉയരത്തില്‍ പണിയണം. നിലവിലുള്ള പാലത്തെക്കാള്‍ ഒന്നരമീറ്റര്‍ ഉയരത്തിലാണ് ഉരുള്‍പൊട്ടി ഒഴുകിവന്നത്. ചൂരല്‍മല അങ്ങാടിയില്‍ നിലവിലുള്ള കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രദേശത്ത് പുതിയകെട്ടിടം പണിയുകയാണെങ്കില്‍ ഉയര്‍ത്തിപ്പണിയണമെന്നും നിര്‍ദേശിക്കുന്നു
Follow us on :
Tags:
More in Related News
Please select your location.