Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2024 06:44 IST
Share News :
കല്ലൂര്‍ ; ആശാനും അരങ്ങേറ്റവുമില്ലാത്ത വാദ്യവിശേഷമെന്ന് ആദ്യകാലത്ത് വിശേഷിപ്പിച്ചിരുന്ന ഘനവാദ്യമായ ഇലത്താളത്തില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് പത്തംഗ താളസംഘം. ആമ്പല്ലൂര്‍ കല്ലൂര്‍ കണ്ണംകുറ്റി ആലുക്കല്‍ ഭഗവതിക്ഷേത്രത്തില്‍ 10 ന് വൈകീട്ട് 6 നാണ് ഇവരുടെ അരങ്ങേറ്റം. കീനൂര്‍ മണികണ്ഠന്റെ ശിക്ഷണത്തിലാണ് ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. മണ്ണംപേട്ട കീനൂര്‍ അനുഷ്ഠാന കലാക്ഷേത്രത്തില്‍ മട്ടന്നൂര്‍ശങ്കരന്‍കുട്ടിമാരാരുടെ അനുഗ്രഹാശീര്‍വാദങ്ങളോടെ കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ ശിഷണത്തില്‍ ചെണ്ടയും ഏഷ്യാഡ് ശശിമാരാരുടെ ശിക്ഷണത്തില്‍ ഇലത്താളവും അഭ്യസിച്ച മണികണ്ഠന്‍ ഇലത്താളവാദനരംഗത്ത് വാദ്യവേദികളില്‍ സജീവസാന്നിധ്യമാണ്. ഉദയന്‍ നമ്പൂതിരിക്കൊപ്പം തായമ്പകകള്‍ക്കും മേളങ്ങള്‍ക്കും ഇലത്താളക്കാരനായി ഒട്ടനവധി വേദികളില്‍ പങ്കെടുത്തു. തൃശൂര്‍പൂരത്തിന് തിരുവമ്പാടി വിഭാഗം മേളത്തില്‍ ഇല്തതാളനിരയില്‍ പതിറ്റാണ്ടിലേറെയായി മണികണ്ഠനുണ്ട്. പെരുവനം പൂരം, ആറാട്ടുപുഴ പൂരം, ഇരിങ്ങാലക്കുട ഉത്സവം,എടക്കുന്നി വിളക്ക് തുടങ്ങി കേരളത്തിലെ മേള-പഞ്ചവാദ്യവേദികളില്‍ മണികണ്ഠന്റെ ഇലത്താളം ഇമ്പവും ഈണവും ഇരമ്പവുമാണ്. പണ്ടുകാലത്ത് ഇലത്താളത്തിന് പരിശീലനക്കളരികളോ പഠനവേദികളോ ഉണ്ടായിരുന്നില്ല. ഇലത്താളപഠന സമ്പ്രദായം ആദ്യമായി ആവിഷ്‌കരിച്ച ഏഷ്യാഡ് ശശിമാരാരുടെ ആദ്യശിഷ്യന്‍കൂടിയാണ് കല്ലൂര്‍ തെക്കാട്ട് വീട്ടില്‍ ഗോവിന്ദന്‍കുട്ടിനായരുടേയും പരേതയായ സുഭദ്രമ്മയുടേയും മകനായ മണികണ്ഠന്‍. ഗുരുവിന്റെ അഭ്യസനവൈഭവത്തിലുള്ള അറിവും അനുഭവസമ്പത്തും ശിഷ്യനും കരസ്ഥമാക്കി. പാലയ്ക്കല്‍ ശെരിശ്ശേരിക്കാവ് , വലച്ചിറ ഭഗവാന്‍-ഭഗവതി ക്ഷേത്രം, അവണൂര്‍ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലും മണികണ്ഠന്‍ ഇലത്താളം അഭ്യസിപ്പിച്ചിട്ടുണ്ട്. തായമ്പക ആചാര്യന്‍ കല്ലൂര്‍ രാമന്‍കുട്ടിമാരാരും ഏഷ്യാഡ് ശശിയും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ഗണപതിക്കൈ വിളക്കത്ത് കൊട്ടിച്ചാണ് കളരിയുടെ തുടക്കം. പിന്നീട് ചെണ്ടപരിശീലനത്തിലെ 'തകിട' പാഠക്കൈ ഇലത്താളത്തില്‍ ഇരട്ടികളായി സാധകം ചെയ്യിച്ച് കൈകള്‍ക്ക് സ്വാധീനമുണ്ടാക്കുകയുമാണ് ബാലപാഠം. മുറിച്ചെമ്പടയില്‍ ഇലത്താളം കൂട്ടിപ്പിടിപ്പിച്ചശേഷം പഞ്ചാരിമേളത്തിന്റെ കണക്കും താളവ്യവസ്ഥകളും പറഞ്ഞുകൊടുത്ത് താളംപിടിക്കാറാക്കുകയാണ് പതിവ്. മേളങ്ങളുടെ ചെമ്പടവട്ടങ്ങളും അക്ഷരകാലങ്ങളും ഉള്‍പ്പെടുത്തിയുള്ള പാഠ്യപദ്ധതിയാണ് ഇലത്താളത്തിന്റെ ശിക്ഷണസമ്പ്രദായത്തില്‍ മണികണ്ഠനും തുടരുന്നത്. പഞ്ചാരിക്ക് വലംതല പിടിക്കുന്നിടത്ത് കൂട്ടിപ്പിടിക്കുന്ന വിധവും കലാശങ്ങളും കൃത്യമായി പഠിപ്പിക്കും. ആലുക്കല്‍ ഭഗവതിക്ഷേത്രത്തില്‍ കഴിഞ്ഞ 3 മാസം മുമ്പാണ് പരിശീലനക്കളരി ആരംഭിച്ചത്. പി.എസ്.വിഷ്ണുപ്രസാദ് , തേജസ് ജീമോന്‍, അനീഷ് കോനിക്കര, കെ.വിഷ്ണുശങ്കര്‍, അജിതന്‍ കരുമത്തില്‍, അഭിനവ്സുധീര്‍, അര്‍ജുന്‍ബൈജു, അര്‍ജുന്‍കൃഷ്ണ, അര്‍ജുന്‍ ഷിജേഷ്, ഇഷാന്‍സംഗീത് എന്നിവരാണ് ഞായറാഴ്ച അരങ്ങേറ്റം കുറിക്കുന്നത്. ആലുക്കല്‍ ക്ഷേത്രത്തില്‍ ഇലത്താളത്തിന്റെ രണ്ടാമത് ബാച്ചാണ് ഇപ്പോള്‍ അരങ്ങേറുന്നത്. അരങ്ങേറ്റമേളത്തിന് ഏഷ്യാഡ് ശശിമാരാര്‍, കേളത്ത് സുന്ദരന്‍മാരാര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും. ഉരുട്ടുചെണ്ട, വലംതല, കുറുംകുഴല്‍, കൊമ്പ് എന്നിവയില്‍ യഥാക്രമം മുരിയാട് അജിത്ത്, കൊടകര അനീഷ്, കല്ലൂര്‍ കൃഷ്ണകുമാര്‍, ചിറ്റിശ്ശേരി ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കും.
Follow us on :
Tags:
More in Related News
Please select your location.