Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പ് അങ്ങാടിക്കടവിലെ ജങ്കാർ സർവ്വീസ് പുനരാരംഭിക്കൽ - വാഗ്ദാനം കടലാസിൽ, പ്രതിപക്ഷം പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു.

17 Jul 2024 18:51 IST

santhosh sharma.v

Share News :

വൈക്കം: ചെമ്പ് പഞ്ചായത്തിലെ അങ്ങാടിക്കടവിലെ ജങ്കാർ സർവ്വീസ് ചൊവ്വാഴ്ച പുനരാരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ രേഖാമൂലം നൽകിയ ഉറപ്പ് പാലിക്കാത്തതിൽ പ്രതിക്ഷേധിച്ച് പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളുടെയും കോൺഗ്രസ് പ്രവർത്തകരുടെയും നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരുടെ മുന്നിൽ പ്രതിഷേധിച്ചു. ചെമ്പ് അങ്ങാടിക്കടവില്‍ മൂവാറ്റുപുഴയാറിനു കുറുകെ സർവ്വീസ് നടത്തിയിരുന്ന ജങ്കാര്‍ സര്‍വീസ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ ജൂലൈ 5 ന് രാവിലെ മുതൽ നിർത്തിയിരുന്നു. ഇതെ തുടർന്ന് പ്രശ്നത്തിന് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ അന്ന് രാവിലെ നാട്ടുകാർ ചെമ്പ് പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുകയും ജൂലൈ 16ന് സർവ്വീസ് പുനരാരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയതുമാണ്. ജങ്കാര്‍ സര്‍വീസ് നിലച്ചതിനെ തുടർന്ന് തുരുത്തുമ്മയിലും ചെമ്പിലും ബ്രഹ്മ മംഗലത്തുമുള്ള നൂറുകണക്കിന് പ്രദേശവാസികൾ മറുകരയെത്താന്‍ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയിലാണ് ഇപ്പോൾ. 

ഇരുകരകളിലേക്കും യാത്രചെയ്യുന്നവര്‍ക്ക് എളുപ്പമാര്‍ഗമെന്നത് അങ്ങാടിക്കടവിലെ കടത്താണ്. ബ്രഹ്മമംഗലം മേഖലയിലെ തുരുത്തുമ്മയെയും ചെമ്പ് മാര്‍ക്കറ്റിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അങ്ങാടിക്കടവില്‍ ജങ്കാര്‍ സര്‍വീസ് മാത്രമാണ് ഏക ആശ്രയം. മുച്ഛക്ര, ഇരചക്ര വാഹനങ്ങളും യാത്രക്കാരും ഇതിലൂടെയാണ് മറുകര കടക്കുന്നത്. ബസുകളിലോ മറ്റ് വാഹനങ്ങളിലോ ഇരുകരകളിലേക്കും വിവിധ ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ 10 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യമാണ് ഉള്ളത്.

പ്രതിപക്ഷ നേതാവ് റെജി മേച്ചേരിയുടെ ആവശ്യപ്രകാരം അടിയന്തിര കമ്മറ്റി വിളിച്ച് കൂട്ടുവാനും ജനകീയ സമതി അഗങ്ങളുമായി ചർച്ച നടത്താനും തീരുമാനിച്ചതായി സെക്രട്ടറി അറിയിച്ചു. മെംബർമാരായ ലയാ ചന്ദ്രൻ,രാഗിണി ഗോപി, രമണി മോഹൻദാസ്, കോൺഗ്രസ് നേതാക്കളായ അഡ്വ.പി.വി സുരേന്ദ്രൻ, എസ്. ശ്യംകുമാർ,മോനു ഹരിദാസ് തുടങ്ങിയവർ നേതൃത്വം നൽകി.രണ്ട് ദിവസത്തിനുള്ളിൽ വിഷയത്തിൽ ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. ഇരുകരകളിലുമുള്ളവര്‍ക്ക് മറ്റ് പല പഞ്ചായത്തുകള്‍ ചുറ്റിത്തിരിഞ്ഞ് യാത്ര ചെയ്യുന്നത് ഒഴിവാക്കാനായി അങ്ങാടിക്കടവില്‍ പാലം വേണമെന്ന് തുരുത്തുമ്മ നിവാസികള്‍ വർഷങ്ങളായി ഉയർത്തുന്ന ആവശ്യമാണ്.

Follow us on :

More in Related News