Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടൽ ഭിത്തി നിർമ്മിക്കണമെന്ന് കടപ്പുറം ഗ്രാമപഞ്ചായത്ത്

27 Jun 2024 18:15 IST

MUKUNDAN

Share News :

ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്തിലെ കടൽക്ഷോഭം മൂലമുണ്ടാകുന്ന ദുരിതത്തിന് അറുതി വരുത്തുന്നതിന് തീരദേശത്ത് ഉടൻ കടൽ ഭിത്തി നിർമ്മിക്കണമെന്ന് കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പതിമൂന്നാം വാർഡ് മെമ്പർ ടി.ആർ.ഇബ്രാഹിം അവതരിപ്പിച്ച പ്രമേയത്തെ ഏഴാം വാർഡ് മെമ്പർ എ.വി.അബ്ദുൽ ഗഫൂർ പിന്താങ്ങി.കടപ്പുറം ഗ്രാമപഞ്ചായത്തിലെ തീരപ്രദേശം രൂക്ഷമായ കടൽക്ഷോഭം മൂലം വർഷങ്ങളായി ദുരിതത്തിലാണ്.നിരവധി കെട്ടിടങ്ങളും ഭൂമികളും കടലെടുത്ത് പോയി.കുടിവെള്ളം ലഭിച്ചിരുന്ന പ്രദേശം ഉപ്പ് വെള്ളം കയറി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്.കഴിഞ്ഞദിവസം(ബുധനാഴ്ച്ച) ഉണ്ടായ കടലാക്രമണം തീരദേശത്തെ ജനങ്ങളെ ഏറെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.നിരവധി വീടുകളിലേക്കാണ് ഇപ്പോഴും വെള്ളം അടിച്ചുകയറുന്നത്.കടപ്പുറം ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡായ അഹമ്മദ് കുരിക്കൽ പി.ഡബ്ലിയു റോഡ് തകർച്ചയയുടെ വക്കിലാണ്.അഞ്ചങ്ങാടി വളവ് പ്രദേശത്ത് റോഡും കടലും തമ്മിൽ എട്ട് മീറ്റർ അകലത്തിൽ എത്തിയിരിക്കുകയാണ്.പ്രദേശത്തെ കെട്ടിടങ്ങൾ കടൽക്ഷോഭത്തിൽ തകർന്നു വീഴുകയുണ്ടായി.നിരവധി വർഷങ്ങളായി നിരന്തരമായി ഉണ്ടാകുന്ന കടൽക്ഷോഭ ദുരിതത്തിന് പരിഹാരം ഉണ്ടാകണമെന്നും,കടപ്പുറം പഞ്ചായത്തിൻ്റെ തീര പ്രദേശം ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി തീരദേശത്ത് ടെട്രാപോഡ് സംവിധാനം ഉപയോഗിച്ച് കടൽഭിത്തികെട്ടി ശാശ്വത പരിഹാരം ഉണ്ടാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കേന്ദ്ര,സംസ്ഥാന സർക്കാരുകളോട് ഗ്രാമപഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു.പ്രമേയം ഐക്യകണ്ടേനെ അംഗീകരിച്ചു.യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന താജുദ്ദീൻ,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി.മൻസൂർ അലി,ആരോഗ്യം,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ,പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന ചന്ദ്രൻ,ഷീജ രാധാകൃഷ്ണൻ,മുഹമ്മദ് നാസിഫ്,ബോഷി ചാണാശ്ശേരി,എ.വി.അബ്ദുൽ ഗഫൂർ,സമീറ ഷെരീഫ്,പി.ഐ.മുഹമ്മദ്,ടി.ആർ.ഇബ്രാഹിം,റാഹില വഹാബ്,പി.എച്ച്.തൗഫീഖ്, സുനിത പ്രസാദ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News