Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിശോധനക്കിടെ പിടിച്ചെടുത്ത പഴകിയ ഭക്ഷണം തിരികെ നൽകിയ സംഭവത്തിൽ സൂപ്പർവൈസർക്ക് സസ്പെൻഷൻ

13 Jun 2024 18:44 IST

Anvar Kaitharam

Share News :

പരിശോധനക്കിടെ പിടിച്ചെടുത്ത പഴകിയ ഭക്ഷണം തിരികെ നൽകിയ സംഭവത്തിൽ സൂപ്പർവൈസർക്ക് സസ്പെൻഷൻ


പറവൂർ: നഗരസഭ ആരോഗ്യ വിഭാഗം പരിശോധനയിൽ പിടിച്ചെടുത്ത പഴകിയ ഭക്ഷണം ഹോട്ടലിലേക്ക് തന്നെ തിരികെ നൽകിയ സംഭവത്തിൽ സൂപ്പർവൈസർ (ക്ലീൻ സിറ്റി മാനേജർ) പി വി ജിജുവിനെ നഗരസഭ സെക്രട്ടറി സസ്പെൻഡ് ചെയ്‌തു.

പറവൂർ ഡോൺബോസ്കോ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന സ്വാഗത് ഹോട്ടലിൽ നിന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ദിവസങ്ങളോളം പഴക്കമുള്ള ഇറച്ചി ഉൾപ്പടെയുള്ള ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചത്. പിടിച്ചെടുത്തവ നഗരസഭയുടെ വാഹനത്തിൽ കയറ്റവേ ഭരണകക്ഷിയിലെ ഒരു കൗൺസിലർ സൂപ്പർവൈസറെ വിളിച്ചതിനെത്തുടർന്നാണ് പിടിച്ചെടുത്ത സാധനങ്ങൾ ഹോട്ടലിലേക്ക് തന്നെ തിരികെ നൽകിയത്. സംഭവസമയം ഒപ്പമുണ്ടായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ ഈ നടപടിയെ എതിർത്തെങ്കിലും ഫലമുണ്ടായില്ല.

സംഭവം കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ വലിയ ബഹളത്തിനിടയാക്കി. ഭരിക്കുന്നവർ പറഞ്ഞാൽ അനുസരിക്കേണ്ടി വരുമെന്നും, വേണമെങ്കിൽ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ വന്ന് പിടിച്ചെടുക്കട്ടെ എന്ന് സൂപ്രണ്ട് പറഞ്ഞതായും ഹെൽത്ത് ഇൻസ്പെക്ടർ കൗൺസിൽ യോഗത്തിൽ പറഞ്ഞു.

ആരോഗ്യ വിഭാഗം പരിശോധന നടത്തുന്ന വിവരം മുൻകൂറായി ഹോട്ടലുകളെ അറിയിക്കുന്നത് ഭരണകക്ഷി കൗൺസിലറാണെന്ന് നേരത്തേ ആക്ഷേപം ഉയർന്നിരുന്നു.

Follow us on :

More in Related News