Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ്: മന്ത്രിക്കെതിരെ സിഐടിയു

19 Aug 2024 07:52 IST

- Enlight Media

Share News :

തിരുവനന്തപുരം: ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് നൽകിയ നടപടിക്കെതിരെ സി.ഐ.ടി.യു. നിലപാടെടുക്കുമ്പോൾ തീരുമാനം ന്യായീകരിച്ച് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. ഓട്ടോറിക്ഷാത്തൊഴിലാളികൾക്ക് കൂടുതൽ യാത്രലഭിക്കാൻ അനുകൂലമായ തീരുമാനമാണിതെന്നാണ് മന്ത്രിയുടെ പക്ഷം. എന്നാൽ, ഹ്രസ്വദൂര യാത്രകൾക്കുവേണ്ടി രൂപകല്പനചെയ്തിട്ടുള്ള ഓട്ടോറിക്ഷകൾ ദീർഘദൂര ഓട്ടത്തിന് ഉപയോഗിച്ചാൽ അപകടത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ-സി.ഐ.ടി.യു. തീരുമാനത്തെ എതിർക്കുന്നു. ഇതോടെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ടി.എ.) തീരുമാനത്തിൽ മന്ത്രിയും ഇടത് തൊഴിലാളി സംഘടനയും തർക്കത്തിലേക്ക് നീങ്ങുകയാണ്.

സി.ഐ.ടി.യു. കണ്ണൂർ മാടായി യൂണിറ്റ് ഭാരവാഹികൾ നവകേരള സദസ്സിൽ നൽകിയ നിവേദനത്തിന്റെ പകർപ്പാണ് എസ്.ടി.എ.യ്ക്കും കൈമാറിയത്. സമീപജില്ലകളിലേക്ക് യാത്രചെയ്യാനുള്ള തടസ്സം ഒഴിവാക്കണമെന്ന ആവശ്യത്തിനൊപ്പം സംസ്ഥാനപെർമിറ്റ് വേണമെന്നും നിവേദനത്തിലുണ്ടായിരുന്നു. ഒരു ജില്ലയിൽ രജിസ്റ്റർചെയ്ത ഓട്ടോറിക്ഷയ്ക്ക് സമീപജില്ലയിലേക്ക് 30 കിലോമീറ്ററെങ്കിലും പ്രവേശിക്കാൻ അനുമതി നൽകണമെന്ന ആവശ്യമാണ് സി.ഐ.ടി.യു. സംസ്ഥാന നേതൃത്വത്തിനുള്ളത്. ഈ ആവശ്യം പലതവണ എസ്.ടി.എ.യ്ക്കുമുന്നിൽ എത്തിയെങ്കിലും തള്ളിക്കളഞ്ഞിരുന്നു.

അപകടങ്ങൾ വർധിക്കാൻ സാധ്യത

ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് നൽകാനുള്ള തീരുമാനമെടുക്കുന്നതിന് മുമ്പായി എസ്.ടി.എ. പഠനം നടത്തിയിട്ടില്ല. ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത്, ട്രാഫിക് ഐ.ജി. ജി. സ്പർജൻകുമാർ, അനൗദ്യോഗിക അംഗം പ്രകാശ്കുമാർ എന്നിവരാണ് സമിതിയിലുള്ളത്. നിവേദനം പരിഗണിച്ച് തീരുമാനമെടുക്കുകയായിരുന്നുവെന്ന് രേഖകൾ പറയുന്നു.

മണിക്കൂറിൽ 50 കിലോമീറ്ററാണ് ഓട്ടോറിക്ഷകൾക്ക് അനുവദിച്ച പരമാവധി വേഗം. 100 കിലോമീറ്റർ വേഗമെടുക്കാൻ കഴിയുന്ന ആറുവരി ദേശീയപാതകളുടെ നിർമാണം പുരോഗമിക്കുന്ന സമയത്ത് ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് നൽകാനുള്ള നീക്കം അപകടങ്ങൾക്ക് ഇടയാക്കുമെന്ന വാദമാണ് സി.ഐ.ടി.യു. ഉയർത്തുന്നത്.

ജില്ലാ പെര്‍മിറ്റ് സംസ്ഥാന പെര്‍മിറ്റുകളായി മാറും

ഓട്ടോറിക്ഷകള്‍ക്ക് സ്റ്റേറ്റ് പെര്‍മിറ്റ് അനുവദിച്ച എസ്.ടി.എ. തീരുമാനം പ്രാബല്യത്തിലാകണമെങ്കില്‍ നിയമഭേദഗതി വരുത്തി ഉത്തരവ് ഇറങ്ങണം. ഇത് വൈകുമെന്നതിനാൽ നിലവിലെ ജില്ലാ പെര്‍മിറ്റ് സംസ്ഥാന പെര്‍മിറ്റുകളായി പരിഗണിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കും. ഇപ്പോള്‍ പെര്‍മിറ്റുള്ളവര്‍ പുതിയതിന് അപേക്ഷിക്കേണ്ടി വരില്ല. പുതിയവ സ്റ്റേറ്റ് പെര്‍മിറ്റുകളായി നല്‍കും.

Follow us on :

More in Related News