Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2025 06:44 IST
Share News :
മലപ്പുറം : സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി എസ്.എസ്.കെ, ഡയറ്റ് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കായി സമഗ്ര പ്ലസ് പോര്‍ട്ടല്‍ വഴിയുള്ള അക്കാദമിക മോണിറ്ററിങ് പ്രക്രിയയുടെ പരിശീലനം സംഘടിപ്പിച്ചു. മലപ്പുറം കൈറ്റ് ഹാളില്‍ വെച്ചു നടന്ന പരിശീലനം കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു.
എസ്.എസ്.കെ മലപ്പുറം പ്രോജക്ട് കോഡിനേറ്റര്‍ പി. അബ്ദു സലീം അധ്യക്ഷത വഹിച്ചു. കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ. മുഹമ്മദ് ഷെരീഫ്, വിദ്യാകിരണം കോഡിനേറ്റര്‍ സുരേഷ് കൊളശ്ശേരി, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ബാബു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. പരിശീലനത്തിന് പി.കെ. കുട്ടിഹസ്സന്‍, മുഹമ്മദ് ബഷീര്‍ ചെമ്മല, കെ. സുമി കൃഷ്ണന്‍, പി.കെ. മുഹമ്മദ് റാഫി, വി. മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന ഡിജിറ്റല്‍ റിസോഴ്സുകള്‍ അടങ്ങിയ സമഗ്ര വിഭവ പോര്‍ട്ടലിന്റെ നവീകരിച്ച പതിപ്പില്‍ അക്കാദമിക മോണിറ്ററിങ് നടപ്പിലാക്കുന്നതിനായി വിവിധ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കുള്ള ലോഗിനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഹൈടെക് ക്ലാസ്സ് മുറികള്‍ക്കനുയോജ്യമായി ഡിജിറ്റല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി പാഠസൂത്രണങ്ങള്‍ തയ്യാറാക്കാനും, ചോദ്യപേപ്പറുകള്‍ ക്രമീകരിക്കാനും സമഗ്ര പോര്‍ട്ടലില്‍ സൗകര്യമുണ്ട്. പ്രധാനധ്യാപകര്‍ക്ക് വിദ്യാലയപ്രവര്‍ത്തനങ്ങളുടെ നിരീക്ഷണക്കുറിപ്പുകള്‍ രേഖപ്പെടുത്തുന്നതിനുള്ള ക്രമീകരണം മുതല്‍ ഡി.ജി.ഇ വരെയുള്ള വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സ്‌കൂള്‍, ഉപജില്ല, ജില്ല, സംസ്ഥാന തല അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ക്രോഡീകരണം വരെ ഇതില്‍ ലഭ്യമാണ്.
നിലവില്‍ സംസ്ഥാനത്തെ മുഴുവന്‍ പ്രഥമാധ്യാപകര്‍ക്കും എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.ഇ തലങ്ങളിലുള്ള വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ടെന്ന് അന്‍വര്‍ സാദത്ത് അറിയിച്ചു. സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള പരിശീലനവും ജില്ലയില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.