Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്തെ ആകാശപ്പാത: നിർമാണവുമായി മുന്നോട്ടു പോകാൻ കഴിയില്ല; മുഖ്യമന്ത്രി വേണമെങ്കിൽ പരിശോധിക്കട്ടെയെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ

26 Jun 2024 16:16 IST

CN Remya

Share News :

കോട്ടയം: കോട്ടയത്തെ ആകാശപ്പാത നിർമാണവുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ നിയമസഭയിൽ. സർക്കാരിന്റെ പൊതുമുതല്‍ ഇത്തരം കാര്യങ്ങള്‍ക്ക് ദുർവ്യയം ചെയ്യാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. കോട്ടയം ആകാശപാതയിൽ സർക്കാർ പണം ദുർവ്യയം ചെയ്തെന്ന് മന്ത്രി ഗണേഷ് കുമാർ മറുപടി നല്‍കി.ആകാശപാത പൊളിച്ചു മാറ്റേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മുഖ്യമന്ത്രി വേണമെങ്കിൽ പരിശോധിക്കട്ടെ. മുഖ്യമന്ത്രി പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും എന്നും ഗണേഷ് കുമാർ പറഞ്ഞു.

ആദ്യഘട്ടത്തില്‍ അഞ്ചു കോടി രൂപ നിശ്ചയിച്ച പദ്ധതിക്ക് ഇപ്പോള്‍ 17.82 കോടിയിലേറെ രൂപ വേണ്ടിവരും. സ്ഥലം ഏറ്റെടുക്കേണ്ടി വന്നാല്‍ അതിലും കൂടുതല്‍ പണം വേണ്ടിവരും. ഇത്രയും പണം മുടക്കി ആകാശപ്പാത നിർമിച്ചാല്‍ ഭാവിയില്‍ കോട്ടയത്തിന്റെ തുടർവികസനവുമായി ബന്ധപ്പെട്ട് അതു പൊളിച്ചുനീക്കേണ്ട അവസ്ഥയും ഉണ്ടാകും. ഈ സാഹചര്യത്തില്‍ റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച്‌ നിർമാണവുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. 

എറണാകുളത്ത് ബിനാലെയ്ക്ക് വന്ന ഏതോ കലാകാരൻ സ്ഥലത്തെ എംഎല്‍എയോടുള്ള ബന്ധംകൊണ്ട് ഉണ്ടാക്കിയ ശില്‍പമാണെന്നാണ് കരുതിയത്. മന്ത്രിയായി ചുമതലയേറ്റ ശേഷമാണ് അതൊരു സ്‌കൈവാക്കാണെന്നു മനസിലാക്കിയത്. ഇതു പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ ഹൈക്കോടതിയെ സമീപിച്ചു. പദ്ധതിക്ക് സ്വകാര്യസ്ഥലം ഏറ്റെടുക്കേണ്ടിവരില്ലെന്നാണ് അന്നത്തെ കലക്ടർ റിപ്പോർട്ട് നല്‍കിയത്. സൗജന്യമായി ഭൂമി വിട്ടു നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ അവർ വിസമ്മതിക്കുന്നതിനാല്‍ കോടിക്കണക്കിനു രൂപ സ്ഥലം ഏറ്റെടുക്കാൻ വേണ്ടിവരും. പണം കൊടുത്ത് സ്ഥലം ഏറ്റെടുക്കാൻ റോഡ് സേഫ്റ്റി അതോറിറ്റിക്ക് അധികാരമില്ല.

ആകാശപ്പാതയുടെ നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. തിരുവഞ്ചൂർ വനംമന്ത്രിയായിരുന്നപ്പോള്‍ താൻ സമർപ്പിച്ച ഒരു പദ്ധതി നിഷ്‌കരുണം തള്ളിയിരുന്നു. അതിനു പകരമായാണ് ഇതു ചെയ്യുന്നതെന്നു കരുതരുതെന്നും ഗണേഷ്‌കുമാർ പറഞ്ഞു.

Follow us on :

More in Related News