Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Oct 2024 09:30 IST
Share News :
കൊടകര: ഗ്രാമാന്തരങ്ങളിലെ നടവഴിയോരങ്ങള്‍ക്കും വെളിമ്പറമ്പുകള്‍ക്കും മഞ്ഞക്കുറി ചാര്‍ത്തുകയാണ് സിംഗപ്പൂര്‍ ഡെയ്‌സി പൂക്കള്‍.
പച്ചനിറമാര്‍ന്ന ഇലച്ചാര്‍ത്തുകള്‍ക്കു മീതെ മഞ്ഞനിറത്തിലുള്ള അസംഖ്യം കുഞ്ഞുപൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നത് നാട്ടിന്‍പുറങ്ങളിലെ മനോഹരകാഴ്ചയായി മാറിയിരിക്കയാണ്.
സൂര്യകാന്തിപൂക്കളുടെ ചെറുരൂപത്തിലുള്ള മഞ്ഞപ്പൂക്കളാണ് സിംഗപൂര്‍ ഡെയ്‌സിയില്‍ വിരിയുന്നത്. കമ്മല്‍പൂ. അമ്മണിപൂ, തീരകാന്തി എന്നീ പേരുകളില്‍ നാട്ടിന്‍പുറത്ത് അറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രീയ നാമം സ്ഫാഗ്‌നെറ്റിക്കോല ട്രിലോബാറ്റ എന്നാണ്. കാഴ്ചയില്‍ മനോഹരിയാണെങ്കിലും സിംഗപ്പൂര്‍ ഡെയ്‌സികള്‍ കര്‍ഷകര്‍ക്ക് ഭീഷണിയാണ്.
ഓരോ വര്‍ഷം കഴിയുന്തോറും കൃഷിയിടങ്ങളിലേക്ക് അതിവേഗം വ്യാപിക്കുന്ന ഇവ കര്‍ഷകര്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ്. മധ്യ അമേരിക്കയിലെ മെക്‌സിക്കോ ജന്മദേശമായിട്ടുള്ള ഈ ചെടി ആദ്യമൊക്കെ അലങ്കാരചെടിയായി അറിയപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ കര്‍ഷകരെ വലക്കുന്ന കളകളില്‍ പ്രധാനപ്പെട്ടവയിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. കൃഷിയിടങ്ങളിലും വഴിയോരത്തും തോട്ടുവക്കിലും പുഴയിറമ്പിലുമെല്ലാം കൂട്ടമായി വളര്‍ന്നു നില്‍ക്കുന്ന സിംഗപൂര്‍ ഡെയിസികള്‍ കര്‍ഷകരെ അലട്ടുന്ന ഒഴിയാബാധയായി മാറിയിരിക്കുകയാണ്. മുപ്പതുസെന്റീമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ ചെടികള്‍ വെട്ടിനീക്കിയാലും അതിവേഗത്തില്‍ വീണ്ടും കിളിര്‍ത്തുവരുന്നവയാണ്. നിലത്ത് പരവതാനി വിരിച്ചപോലെയാണ് സിഗപ്പൂര്‍ ഡെയ്‌സികള്‍ വളരുന്നത്. ഇവയുടെ കടുംമഞ്ഞ നിറത്തിലുള്ള പൂവുകള്‍ മൂന്ന് തൊട്ട് പതിനഞ്ച് സെ.മീ. വരെ വലിപ്പമുള്ള തണ്ടിലാണ് ഉണ്ടാവുന്നത്. പുതിയ ചെടികള്‍ തണ്ടില്‍ നിന്നാണ് പൊട്ടിമുളക്കുന്നത്. മരങ്ങളില്‍ 70 സെ.മീ. വരെ ഉയരത്തില്‍ പടര്‍ന്ന് കയറുന്ന ഈ ചെടികള്‍ മറ്റ് ചെറു ചെടികള്‍ക്ക് മുകളിലൂടെയും പടര്‍ന്ന്പിടിച്ച് വളരുന്നുണ്ട്. മണ്ണിലെ വളം വലിച്ചെടുക്കുന്ന ഇവ കാര്‍ഷിക വിളകളുടെ വളര്‍ച്ചക്ക് ഭീഷണിയാണ്. മണ്ണിലേക്ക് സൂര്യപ്രകാശം എത്താത്ത വിധത്തിലാണ് ഇവ ഈര്‍പ്പമുള്ള സ്ഥലത്ത് തഴച്ചുവളരുന്നത്. ഇന്റര്‍നാഷനല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ.യു.സി.എന്‍) ഈ അധിനിവേശ സസ്യത്തെ ലോകത്തെ ഉപദ്രവകാരികളായ ചെടികളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.