Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കളക്ടറെ കാണാൻ എത്തുന്ന അംഗപരിമിതർക്ക് പിന്തുണയുമായി കളക്‌ട്രേറ്റിൽ രണ്ടാം ലിഫ്റ്റ് തുറന്നു

23 Sep 2024 15:50 IST

CN Remya

Share News :

കോട്ടയം: കോട്ടയം സിവിൽ സ്‌റ്റേഷനിൽ ജില്ലാ കളക്ടറെ കാണാൻ എത്തുന്ന അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും കൂടുതൽ സൗകര്യമൊരുക്കി പുതിയ ലിഫ്റ്റ് പ്രവർത്തനമാരംഭിച്ചു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ആളുകൾ മന്ത്രി വി. എൻ. വാസവന് നൽകിയ നിവേദനത്തെത്തുടർന്നാണ് സിവിൽ സ്‌റ്റേഷനിൽ രണ്ടാമത്തെ ലിഫ്റ്റും ഒരുക്കിയത്. സഹകരണ- തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ലിഫ്റ്റിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.

വിവധ ആവശ്യങ്ങൾക്കു ജില്ലാ കളക്ടർ അടക്കമുള്ളവരെ കാണാനെത്തുന്ന ഭിന്നശേഷിക്കാരായ വ്യക്തികൾ സിവിൽ സ്‌റ്റേഷൻ കെട്ടിട സമുച്ചയത്തിലെ മുകളിലത്തെ നിലകളിലെത്തുന്നതിൽ പ്രയാസം നേരിട്ടിരുന്നു. അംഗപരിമിതരായവരെ ജില്ലാ കളക്ടർ താഴത്തെ നിലയിലെത്തിയാണ് കണ്ടിരുന്നത്. നിലവിൽ ലിഫ്റ്റ് ഉണ്ടെങ്കിലും സിവിൽ സ്‌റ്റേഷൻ കെട്ടിട സമുച്ചയത്തിന്റെ പിൻഭാഗത്തു കോടതികൾക്കു സമീപമാണ് സ്ഥിതിചെയ്യുന്നത്. മന്ത്രി വി.എൻ. വാസവനു ലഭിച്ച നിവേദനത്തെത്തുടർന്നു അദ്ദേഹം ജില്ലാ കളക്ടർക്കു നിർദേശം നൽകുകയും സാമൂഹികനീതി വകുപ്പിൽനിന്ന് അനുവദിച്ച 63,62,000/ രൂപ ഉപയോഗിച്ചു ലിഫ്റ്റ് നിർമാണം പൂർത്തിയാക്കുകയുമായിരുന്നു.

 സിവിൽ സ്‌റ്റേഷനിലെ വിവിധ കാര്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന പൊതുജനങ്ങൾക്കും കൂടി പ്രയോജനപ്പെടുന്ന രീതിയിൽ പൊതുമരാമത്ത് വകുപ്പാണ് ലിഫ്റ്റ് പണിതീർത്തത്. ഗ്രൗണ്ട് ഫ്‌ളോറിലുള്ള അഡീഷണൽ ജില്ലാ കോടതിയോട് ചേർന്നാണ് പുതിയ ലിഫ്റ്റ് സ്ഥാപിച്ചിട്ടുള്ളത്. പ്രവേശനം മുൻവശത്തുകൂടിയാണ്. മുൻവശത്തെ പ്രവേശനകവാടത്തിനു സമീപമുള്ള റാമ്പിലൂടെ കടന്ന് കളക്‌ട്രേറ്റ് പൊതുജനപരാതി പരിഹാര വിഭാഗം കൗണ്ടറിന്റെ അരികിലുള്ള വാതിലിലൂടെ ലിഫ്റ്റിലേക്ക് പ്രവേശിക്കാം. ഒന്നാം നിലയിൽ ജില്ലാ കളക്ടറുടെ ചേംബറിനു സമീപവും രണ്ടാം നിലയിൽ ആർ.ടി.ഓഫീസിലെ എം.വി.ഡി. ഇ-സേവാകേന്ദ്രത്തിനു സമീപവുമാണ് ലിഫ്റ്റ് എത്തുന്നത്. ഒരേ സമയം  13 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ്  പുതിയ ലിഫ്റ്റ്. 13 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് നിലവിൽ പ്രവർത്തിച്ചുവരുന്ന ലിഫ്റ്റും. അഡീഷണൽ സബ് കോടതിക്കു മുന്നിൽ നിന്നാരംഭിച്ച് ഒന്നാം നിലയിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിനു സമീപവും രണ്ടാം നിലയിൽ പൊതുമരാമത്ത്് വകുപ്പ് കെട്ടിടവിഭാഗം ഓഫീസിനു സമീപവും എത്തുന്ന തരത്തിലാണ് പഴയ ലിഫ്റ്റ്.

 പുതിയ ലിഫ്റ്റിന്റെ സിവിൽ പ്രവർത്തികൾക്കായി 34,32,000/ രൂപയും ഇലക്ട്രിക്കൽ പ്രവർത്തികൾക്കായി 29,30,000/ രൂപയുമാണ് വകയിരുത്തിയത്. ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്,  പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News