Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പണിമുടക്ക് രണ്ടാം ദിവസവും: വിമാനങ്ങൾ റദ്ധാക്കി. ദുരിതകയത്തിലായി യാത്രക്കാർ

09 May 2024 08:40 IST

Enlight News Desk

Share News :


കൊച്ചി: ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് രണ്ടാം ദിവസവും എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. 

ജീവനക്കാരുടെ പണിമുടക്ക് തുടരുന്നതിനാലാണ് രണ്ടാം ദിവസം എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയത്. 

നെടുമ്പാശ്ശേരിയിൽ നിന്ന് രാവിലെ 8.50ന് മസ്ക്കറ്റിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാനം റദ്ദാക്കി. കരിപ്പൂരില്‍ മൂന്ന് സര്‍വീസുകൾ റദ്ദാക്കി. അല്‍ ഐന്‍, ജിദ്ദ, ദോഹ എന്നിവടങ്ങളിലേക്ക് രാവിലെ എട്ടിന് പുറപ്പെടേണ്ട അല്‍ ഐന്‍ സര്‍വീസ്, 08.50നുള്ള ജിദ്ദ, 09.30നുള്ള ദോഹ എന്നിവയാണ് റദ്ദാക്കിയ സര്‍വീസുകള്‍.


8.30ന് പുറപ്പെടേണ്ട തിരുവനന്തപുരം -മസ്‌ക്കറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും റദ്ദാക്കിയിരുന്നു. കണ്ണൂരില്‍ നാല് സര്‍വീസുകളാണ് റദ്ദാക്കിയത്. ഷാര്‍ജ, അബുദബി, ദമാം, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് കണ്ണൂരില്‍ നിന്ന് റദ്ദാക്കിയത്. കരിപ്പൂരിൽ നിന്നുള്ള സർവീസുകൾ സലാല, റിയാദ് വിമാനങ്ങളും റദ്ദാക്കി.


വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്. ഇന്നലെ രാത്രിയും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയര്‍ ഇന്ത്യയില്‍ സര്‍വ്വീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിന്‍ ക്രൂ ജീവനക്കാര്‍ സിക്ക് ലീവ് എടുക്കുകയായിരുന്നു.


നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസം മുതല്‍ റദ്ദാക്കിയത്. അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഫ്ളൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ക്ഷമ ചോദിച്ചിരുന്നു. ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതികരിച്ചു. യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും സര്‍വീസ് മുടങ്ങുമെന്ന് എയര്‍ ഇന്ത്യ എംഡി അറിയിച്ചു. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളിലും നിരവധി യാത്രക്കാര്‍ വലഞ്ഞു. തിരുവനന്തപുരത്തേക്ക് എത്തേണ്ട നാലു വിമാനങ്ങളും റദ്ദാക്കി.

Follow us on :

More in Related News