Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2025 18:57 IST
Share News :
കോട്ടയം : കോട്ടയം ജില്ലയിലെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ ശേഷിക്കുന്നത് 138 കോടി രൂപയുടെ നിക്ഷേപം. ജില്ലയിൽ ഇത്തരം 5.07 ലക്ഷം അക്കൗണ്ടുകളാണുള്ളത്. ഇത്തരം നിക്ഷേപങ്ങള്‍ അക്കൗണ്ട് ഉടമയ്ക്കോ അവകാശികൾക്കോ തിരിച്ചു നൽകുന്നതിനായി നിങ്ങളുടെ പണം നിങ്ങളുടെ അവകാശം എന്ന പേരില്‍ രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായ പ്രത്യേക ക്യാമ്പ് കോട്ടയത്ത് നവംബര്‍ മൂന്നിന് സംഘടിപ്പിക്കും. ലീഡ് ബാങ്കിന്‍റെ നേതൃത്തില്‍ എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെ നടത്തുന്ന ജില്ലാതല ക്യാമ്പിൻ്റെ ഉദ്ഘാടനം രാവിലെ 10.30ന് കോട്ടയം ശാസ്ത്രി റോഡിലെ സെന്‍റ് ജോസഫ് കത്തീഡ്രല്‍ ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ നിർവഹിക്കും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിക്കും.
നിക്ഷേപകർ മരിച്ചു പോകുക, വിദേശത്ത് പോകുക തുടങ്ങിയ കാരണങ്ങളാല്‍ അക്കൗണ്ടുകളിൽ ഇടപാടുകള്‍ മുടങ്ങാറുണ്ട്. ചിലരുടെ അനന്തരാവകാശികള്‍ക്കും അക്കൗണ്ടിനെക്കുറിച്ച് അറിവുണ്ടാവില്ല.
പത്തു വർഷത്തിലേറെയായി ഒരു ഇടപാടുപോലും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക. ഇത്തരം അക്കൗണ്ടുകള്‍ റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലാണ്. രാജ്യവ്യാപകമായി 1.82 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലുള്ളത്.
അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് ബാങ്ക് രേഖകൾ പ്രകാരമുള്ള വിലാസത്തിൽ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും അറിയിപ്പു നൽകുകയും ചെയ്യാറുണ്ട്. ഈ നടപടിയും സാധ്യമാകാത്ത അക്കൗണ്ടുകളിലെ പണം നല്‍കുന്നതിനായാണ് ക്യാമ്പ് നടത്തുന്നത്. ഇത്തരം നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ക്യാമ്പിൽ നിന്ന് അറിയാനാകുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജർ രാജു ഫിലിപ്പ് പറഞ്ഞു. നിക്ഷേപത്തിന്‍റെ അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകൾ ഉണ്ടായിരിക്കണം.
അവകാശികളാണെന്ന് ബോധ്യമായാല്‍ തുക തിരികെ ലഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ക്യാമ്പിൽ ലഭിക്കും. ക്യാമ്പിന് ശേഷമുള്ള തുടര്‍ നടപടികള്‍ക്കായി എല്ലാ ബാങ്കുകളിലും സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
Follow us on :
Tags:
More in Related News
Please select your location.