Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2024 16:39 IST
Share News :
തിരുവല്ല- നഗരസഭയിലെ ജീവനക്കാർ ഓഫിസിൽവച്ച് ചിത്രീകരിച്ച റീൽസ് വൈറലായതിനു പിന്നാലെ, ഞായറാഴ്ചയാണ് വിഡിയോ ചിത്രീകരിച്ചതെന്ന വിശദീകരണവുമായി ജീവനക്കാർ. നഗരസഭാ സെക്രട്ടറി അവധിയിലായിരുന്നതിനാൽ സീനിയർ സൂപ്രണ്ടിനാണ് വിശദീകരണം നൽകിയത്. ദുരന്തനിവാരണത്തിന്റെ ഭാഗമായി കലക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്ന് ഇവർ ജോലിക്കെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീൽസ് എടുത്തതെന്നും ജീവനക്കാരുടെ വിശദീകരണത്തിൽ പറയുന്നു.
അതേസമയം, നഗരകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചു തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു. ഓഫിസ് സമയത്ത് ഓഫിസിനുള്ളിൽ റീൽസ് പകർത്തിയത് അച്ചടക്ക ലംഘനമാണെന്നു ചൂണ്ടിക്കാട്ടി നഗരസഭാ സെക്രട്ടറി ജീവനക്കാർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. കൈപ്പറ്റി 3 ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകിയില്ലെങ്കിൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നാണ് നോട്ടിസിൽ പറയുന്നത്.
ഒൻപതു ജീവനക്കാർക്കാണു നോട്ടിസ് നൽകിയത്.‘താഴ്‌വാരങ്ങൾ പാടുമ്പോൾ, താമരവട്ടം തളരുമ്പോൾ... ഇന്ദുകളങ്കം ചന്ദനമായെൻ കരളിൽ പെയ്തു....’ എന്ന പാട്ടിനൊപ്പം താളം പിടിച്ച് ചുവടുവച്ച് ഓഫിസ് ജോലികൾ ചെയ്യുന്ന തിരുവല്ല നഗരസഭയിലെ ജീവനക്കാർ പകർത്തിയ റീൽസ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
ജീവനക്കാർ പാട്ടിനൊപ്പം ചുണ്ടനക്കി പാടുന്നതായി അഭിനയിച്ച് ഫയൽ കൈമാറുന്ന ദൃശ്യങ്ങളാണ് റീലിൽ ചിത്രീകരിച്ചത്. ഓഫിസിലെ ജീവനക്കാരുടെ കയ്യിലൂടെ ഫയൽ കൈമാറി പാട്ടിന്റെ വരികൾക്കനുസരിച്ച് ഓഫിസിന്റെ ഓരോ ഭാഗത്തെയും ജീവനക്കാർ താളം പിടിച്ച് പാട്ടു പാടി വിഡിയോയുടെ ഭാഗമാകുന്നു. ദൃശ്യം പകർത്തുന്ന സമയത്ത് ഓഫിസിൽ ആൾത്തിരക്കുണ്ടായിരുന്നില്ല.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയിൽ ഉദ്യോഗസ്ഥരെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ കമന്റുകൾ വന്നിരുന്നു. ഓഫീസിലെത്തുന്ന സാധാരണക്കാരെ നിസ്സാര കാരണത്തിൽ തിരിച്ചയക്കുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കാതെ കലാപരമായ ചിത്രീകരണങ്ങൾക്കെതിരെ കടുത്ത നിലപാടെടുക്കുന്നതിലെ അസാഗത്യവും ചിലർ ചൂണ്ടിക്കാട്ടുന്നു.
Follow us on :
Tags:
More in Related News
Please select your location.