Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2024 20:17 IST
Share News :
തിരുവനന്തപുരം : സർക്കാർ ഓഫീസിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ ശിക്ഷാനടപടി ഉണ്ടാകില്ല. അവധി ദിനമായ ഞായറാഴ്ച അധിക ജോലിക്കിടയിൽ റീൽ ചിത്രീകരിച്ചതിന്റെ പേരിൽ ജീവനക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
സംഭവത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ മേധാവിയിൽ നിന്നും നഗരസഭാ സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലാകളക്ടറുടെ നിർദ്ദേശ പ്രകാരമാണ് അവധിദിനത്തിലും ജീവനക്കാർ എത്തിയത്. ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് റീൽ ചിത്രീകരിച്ചത് എന്നും വ്യക്തമായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ജീവനക്കാരുടെ എല്ലാ സർഗാത്മക-സാംസ്കാരിക പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ പൂർണപിന്തുണയുണ്ട്. പക്ഷെ ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സർവീസ് ചട്ടങ്ങൾ ലംഘിക്കാതെയും മാത്രമായിരിക്കണം ഇതെല്ലാം. പ്രവൃത്തി സമയത്ത് ജോലിക്ക് തടസം വരുന്ന രീതിയിൽ ആഘോഷപരിപാടികളൊന്നും ഓഫീസുകളിൽ സംഘടിപ്പിക്കരുതെന്ന് സർക്കാർ നേരത്തെ തന്നെ നിഷ്കർഷിച്ചിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു. അവശ്യഘട്ടങ്ങളിൽ സേവനസജ്ജരായി ഞായറാഴ്ചകളിൽ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
നേരത്തെ തിരുവല്ലയിലെ നഗരസഭ ഓഫീസിൽ വച്ച് ചിത്രീകരിച്ച റീൽസ് വിവാദമായതിന് പിന്നാലെ ജീവനക്കാർ വിശദീകരണം നൽകിയിരുന്നു. ഞായറാഴ്‌ചയാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് നഗരസഭാ സെക്രട്ടറി അവധിയായതിനാൽ സീനിയർ സൂപ്രണ്ടിന് ഇവർ നൽകിയ വിശദീകരണം. ദുരന്ത നിവാരണത്തിന്റെ ഭാഗമായി കളക്‌ടറുടെ പ്രത്യേക നിർദേശപ്രകാരമാണ് അന്ന് ഇവർ ജോലിക്കെത്തിയത്. ഞായറാഴ്‌ച ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീൽസ് എടുത്തതെന്നും ജീവനക്കാരുടെ വിശദീകരണത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.