Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2024 09:52 IST
Share News :
കോട്ടയം: വീണ്ടും ചെങ്കടലായി പുതുപ്പള്ളി. റെഡ് വാളണ്ടിയർ മാർച്ചൊടെ സിപിഎം പുതുപ്പള്ളി ഏരിയ സമ്മേളനം സമാപിച്ചു. മണ്ഡലത്തിലെ വികസനപദ്ധതികളോട് അവഗണന കാണിക്കുന്ന ചാണ്ടി ഉമ്മൻ എംഎൽഎയുടെ സമീപനം അവസാനിപ്പിക്കണമെന്ന് സിപിഐ എം പുതുപ്പള്ളി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുതുപ്പള്ളിയിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിൽ തുടരുന്ന അവഗണനയും പുതുപ്പള്ളി പഞ്ചായത്തിന്റെ ടർഫ് പൂർത്തീകരണത്തിന് ഫണ്ട് അനുവദിക്കാത്ത നിഷേധാത്മക സമീപനവും എംഎൽഎ അവസാനിപ്പിക്കണം.
മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാനാണ് എൽഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്തുകൾ ജൽജീവൻ മിഷൻ പദ്ധതി ഏറ്റെടുത്ത് പൂർത്തീകരിച്ചത്. പദ്ധതിയുടെ നിർമാണത്തിന്റെ ഭാഗമായി തകർന്ന ഗ്രാമീണ റോഡുകൾ പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് പുനരുദ്ധരിക്കാൻ കഴിയുന്നതല്ല. എംഎൽഎക്ക് ഒരുവർഷം ആറുകോടി രൂപ വിനിയോഗിക്കാൻ കഴിയുമെന്നിരിക്കെ ഗ്രാമീണ റോഡുകളെ അവഗണിക്കുന്നത് രാഷ്ട്രീയ വൈരാഗ്യം മൂലമാണ്. നാടിന്റെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് പോലും നൽകാതെ തന്നെ ഉദ്ഘാടന ചടങ്ങിന് വിളിക്കുന്നില്ല എന്ന പേരിൽ എംഎൽഎ നടത്തുന്ന നാടകം ജനം തിരിച്ചറിയുമെന്നും പ്രമേയം വ്യക്തമാക്കി.
റബർ കർഷകരെ നിരന്തരം ദ്രോഹിക്കുന്ന കേന്ദ്രസർക്കാരിന്റെ റബർ ഇറക്കുമതി നയം തിരുത്തണം.വാകത്താനം പഞ്ചായത്തിലെ സിഎച്ച്‌സി നിർമാണം വേഗത്തിലാക്കണം, പാലക്കാലുങ്കൽ പാലം നിർമാണം വേഗത്തിലാക്കണം എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. രണ്ടുദിവസങ്ങളിലായി പുതുപ്പള്ളി സീതാറാം യെച്ചൂരി നഗറിൽ(ഇ എം എസ് സ്മാരക മന്ദിരം) നടന്ന പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാംദിനം പൊതുചർച്ചയോടെയാണ് ആരംഭിച്ചത്. പൊതുരാഷ്ട്രീയ കാര്യങ്ങളിന്മേൽ ഉയർന്ന ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ, ജില്ലാ സെക്രട്ടറി എ വി റസൽ എന്നിവർ മറുപടി പറഞ്ഞു. റിപ്പോട്ടിന്മേലുള്ള ചർച്ചയ്‌ക്ക് ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കൃഷ്ണകുമാരി രാജശേഖരൻ, ടി ആർ രഘുനാഥൻ, സി ജെ ജോസഫ്, കെ എം രാധാകൃഷ്ണൻ ജില്ലാ കമ്മറ്റിയംഗം ടി സി മാത്തുക്കുട്ടി എന്നിവർ സംസാരിച്ചു.
വാഴൂർ, വൈക്കം ഏരിയ സമ്മേളനങ്ങൾക്കും തുടക്കമായി. ശനി, ഞായർ ദിവസങ്ങളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (പൊൻകുന്നം പഞ്ചായത്ത് ടൗൺ ഹാൾ) നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി എ വി റസൽ ഉദ്ഘാടനം ചെയ്യും. 18 ഏരിയ കമ്മറ്റിയംഗങ്ങളും ഏഴ് ലോക്കൽ കമ്മിറ്റികളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 140 പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. അഞ്ചിന് വൈകിട്ട് നാലിന് ഇരുപതാം മൈലിൽനിന്ന് ചുവപ്പുസേനാ മാർച്ചും പ്രകടനവും ആരംഭിക്കും. തുടർന്ന് അഞ്ചിന് സീതാറാം യെച്ചൂരി നഗറിൽ(പൊൻകുന്നം ഗവ. ഹൈസ്കൂളിന് സമീപം) നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനംചെയ്യും.
വൈക്കം വെച്ചൂരിൽ നാലുവരെ നടക്കുന്ന വൈക്കം ഏരിയ സമ്മേളനം ശനി, ഞായർ ദിവസങ്ങളിലായി കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ഇടയാഴം രുഗ്മിണി ഓഡിറ്റോറിയത്തിൽ) നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം സി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. ഏരിയയിലെ പത്ത് ലോക്കൽ കമ്മറ്റികളിൽനിന്നായി 145 പ്രതിനിധികൾ പങ്കെടുക്കും. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വെച്ചൂർ ബണ്ട് റോഡിൽനിന്ന് ആരംഭിക്കുന്ന റാലിക്ക് ശേഷം ഇടയാഴത്ത് നടക്കുന്ന പൊതുസമ്മേളനം സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്യും.
Follow us on :
Tags:
More in Related News
Please select your location.