Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Apr 2024 18:11 IST
Share News :
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ക്രമസമാധാനപ്രശ്‌നങ്ങളും അനിഷ്ടസംഭവങ്ങളും ഒഴിവാക്കാൻ വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പുള്ള സമയപരിധിയിൽ കോട്ടയം ജില്ലയിൽ അനധികൃത ആൾക്കൂട്ടം ചേരലും റാലി, ഘോഷയാത്ര തുടങ്ങിയവ നടത്തുന്നതും ഐ.പി.സി. 141-ാം വകുപ്പ് പ്രകാരം നിരോധിച്ച് കോട്ടയം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി. നിയമവിരുദ്ധമായ ലക്ഷ്യത്തോടുകൂടി അഞ്ചോ അതിലധികമോ ആളുകൾ ഒത്തുചേരുന്നത് വിലക്കുന്നതാണ് 141-ാം വകുപ്പ്. ബുധൻ (ഏപ്രിൽ 24) വൈകിട്ട് ആറുമണി മുതൽ വിലക്ക് ബാധകമാണ്. വോട്ടെടുപ്പ് അവസാനിക്കുന്നതിനു മുമ്പുള്ള 48 മണിക്കൂർ സമയപരിധിയിൽ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഉച്ചഭാഷിണി അനുവദിക്കില്ല.
വോട്ടെടുപ്പ് ദിനത്തിൽ വരണാധികാരി അനുമതി നൽകിയിട്ടുള്ള വാഹനങ്ങൾക്ക് മാത്രമാണ് ഓടുന്നതിന് അനുമതിയുള്ളത്. സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി വരണാധികാരി അനുമതി നൽകിയിട്ടുള്ള വാഹനങ്ങൾ വോട്ടെടുപ്പ് ദിനത്തിൽ ഓടാൻ പാടില്ല. പണം, മദ്യം, സമ്മാനങ്ങൾ എന്നിവയുടെ വിതരണം തടയാനും ക്രമസമാധാനപ്രശ്‌നങ്ങളും ബഹളങ്ങളും ഒഴിവാക്കാനും വേണ്ടിയാണിത്. ഇത്തരം അനധികൃത ഇടപാടുകൾ തടയുന്നതിനായി എല്ലാ സ്വകാര്യവാഹനങ്ങളും വ്യക്തികൾക്കു ശല്യമോ അപമാനമോ തോന്നാത്ത തരത്തിൽ നിയമം അനുശാസിക്കുന്ന രീതിയിൽ മാന്യമായി പരിശോധിക്കും.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂർ സമയപരിധിയിൽ മദ്യഷോപ്പുകൾ, മദ്യം വിൽക്കുന്ന/വിതരണം ചെയ്യുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബുകൾ മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മദ്യം വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ലെന്നും ജില്ലാ മജിസ്‌ട്രേറ്റു കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.