Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തപാല്‍ വോട്ട് : കോഴിക്കോട്-13,270, വടകര-14,405

01 Jun 2024 09:12 IST

enlight media

Share News :

സർവീസ് വോട്ടുകൾ ഇപ്പോഴും വരുന്നു


കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലായി പോള്‍ ചെയ്ത ആകെ തപാല്‍ വോട്ടുകള്‍ 27000 ത്തിലേറെ. ഇതിനകം തപാല്‍ വഴി ലഭിച്ച ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റ് ബാലറ്റ് സിസ്റ്റം) അഥവാ സര്‍വീസ് വോട്ടുകള്‍ ഉള്‍പ്പെടെ കോഴിക്കോട് മണ്ഡലത്തില്‍ 13,270 ഉം വടകര മണ്ഡലത്തില്‍ 14,405 ഉം തപാല്‍ വോട്ടുകളാണുള്ളത്. 


മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ 85 വയസ്സ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഒരുക്കിയ ഹോം വോട്ടിംഗ് തപാല്‍ വോട്ട് അഥവാ ആബ്‌സന്റീ വോട്ടിന്റെ പരിധിയിലാണ് വരുന്നത്. അതോടൊപ്പം പോലിസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, എക്‌സൈസ്, ആരോഗ്യം, വനം തുടങ്ങിയ വകുപ്പുദ്യോഗസ്ഥര്‍, ഓള്‍ ഇന്ത്യാ റേഡിയോ, ദൂരദര്‍ശന്‍, ബിഎസ്എന്‍എല്‍, റെയില്‍വേ, പോസ്റ്റല്‍ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയ അവശ്യ സര്‍വീസ് വിഭാഗക്കാരെയും തെരഞ്ഞെടുപ്പ്, അനുബന്ധ ഡ്യൂട്ടികളുള്ള ഉദ്യോഗസ്ഥരെയും ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ തപാല്‍ വോട്ടുകളുടെ എണ്ണം മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കൂടുതലാണ്.


കോഴിക്കോട്ടെ ഹോം വോട്ടിംഗ്-7,710


കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ 85 വയസ്സ് കഴിഞ്ഞ 5288 പേരും ഭിന്നശേഷിക്കാരായ 2422 പേരും ഉള്‍പ്പെടെ 7,710 പേരാണ് ഹോം വോട്ടിംഗ് ഉപയോഗപ്പെടുത്തിയത്. അവശ്യ സര്‍വീസ് വിഭാഗത്തില്‍ പെട്ട 1814 പേരും തപാല്‍ വോട്ട് രേഖപ്പെടുത്തി. കോഴിക്കോട് മണ്ഡലത്തിലെ പോളിംഗ് ഡ്യൂട്ടിയിലുള്ള 955 പേരാണ് അവര്‍ക്കായി ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെത്തി തപാല്‍ വോട്ട് രേഖപ്പെടുത്തിയത്. മറ്റ് ജില്ലകളില്‍ ജോലി ചെയ്യുന്നവരോ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മറ്റ് ജില്ലയില്‍ നിയോഗിക്കപ്പെട്ടവരോ ആയ മണ്ഡലത്തിലെ 1382 പേരും തപാല്‍ വോട്ട് ചെയ്തു. 


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈനിക സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കോഴിക്കോട് മണ്ഡലത്തിലെ സര്‍വീസ് വോട്ടര്‍മാര്‍ക്കായി 2877 പോസ്റ്റല്‍ ബാലറ്റാണ് അയച്ചത്. ഇവയില്‍ 1409 എണ്ണം ഇതിനകം തപാല്‍ വഴി തിരിച്ചെത്തി. വോട്ടെണ്ണുന്നതിന് മുമ്പ് വരെ ലഭിക്കുന്ന സര്‍വീസ് വോട്ടുകള്‍ വോട്ടെണ്ണലില്‍ ഉള്‍പ്പെടുത്തും. 


വടകരയിലെ ഹോം വോട്ടിംഗ്-8,429


വടകര മണ്ഡലത്തില്‍ 85 വയസ്സ് കഴിഞ്ഞ 5809 ഉം ഭിന്നശേഷിക്കാരായ 2620 ഉം പേരാണ് ഹോം വോട്ടിംഗ് സൗകര്യം ഉപയോഗപ്പെടുത്തി വീട്ടില്‍ നിന്ന് വോട്ട് ചെയ്തത് (ആകെ 8429). അവശ്യ സര്‍വീസ് വിഭാഗത്തില്‍ പെട്ട 1630 പേരും തപാല്‍ വോട്ട് ചെയ്തു. വടകര മണ്ഡലത്തിലെ പോളിംഗ് ഡ്യൂട്ടിയിലുള്ള 732 പേര്‍ ജില്ലയില്‍ ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെത്തിയാണ് തപാല്‍ വോട്ട് രേഖപ്പെടുത്തിയത്. മറ്റു ജില്ലകളില്‍ ജോലി ചെയ്യുന്ന വടകര മണ്ഡലത്തിലെ 2144 വോട്ടര്‍മാരും തപാല്‍ വോട്ട് ചെയ്തു. വടകര മണ്ഡലത്തില്‍ നിന്നുള്ള 2909 സര്‍വീസ് വോട്ടര്‍മാര്‍ക്കാണ് ഇടിപിബിഎസ് വഴി പോസ്റ്റല്‍ ബാലറ്റുകള്‍ അയച്ചത്. ഇവയില്‍ 1470 എണ്ണമാണ് ഇതുവരെ തിരികെയെത്തിയത്.

Follow us on :

More in Related News