Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയ യാത്രക്കാരെ രണ്ട് തവണ ഇറക്കി വിട്ടു

18 Oct 2024 21:12 IST

- ജേർണലിസ്റ്റ്

Share News :

തൊടുപുഴ: കെ.എസ്.ആര്‍.ടി.സി തൊടുപുഴ ഡിപ്പോയില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്ന ബസില്‍ കയറിയ യാത്രക്കാരെ രണ്ട് തവണ ജീവനക്കാര്‍ ഇറക്കി വിട്ടതായി പരാതി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. എറണാകുളം ബോര്‍ഡ് വച്ച ബസില്‍ മുപ്പതിലേറെ യാത്രക്കാര്‍ കയറി കഴിഞ്ഞപ്പോള്‍ ഒരു ഡ്രൈവറെത്തി വാഹനം സ്റ്റാര്‍ട്ട് ചെയ്തു. ഇതിന് ശേഷം യാത്രക്കാരോട് ഈ ബസ് ഇപ്പോള്‍ പുറപ്പെടില്ലെന്നും അടുത്ത് കിടക്കുന്ന വണ്ടിയില്‍ കയറാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് യാത്രക്കാര്‍ കൂട്ടത്തോടെ അടുത്ത് കിടന്ന ബസില്‍ കയറി. അപ്പോഴേക്കും നേരത്തെയെത്തി സീറ്റ് പിടിച്ച പലര്‍ക്കും ഇരിപ്പടം നഷ്ടമായിരുന്നു. തുടര്‍ന്ന് അടുത്ത ബസില്‍ കയറി അഞ്ച് മിനിട്ട് കഴിഞ്ഞപ്പോഴേക്കും മറ്റൊരു ജീവനക്കാരനെത്തി ഈ വണ്ടിയും പോകില്ലെന്നും അടുത്തത്തില്‍ കയറാനും ആവശ്യപ്പെട്ടു. ഇതോടെ യാത്രക്കാര്‍ ക്ഷുഭിതരായി. ചിലര്‍ ഡിപ്പോയിലെത്തി പ്രതിഷേധമറിയിച്ചു. എന്നാല്‍ ഡിപ്പോ അധികൃതര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. മൂന്നാമതായി കയറാന്‍ പറഞ്ഞ ബസ് വൈറ്റിലയ്ക്കുള്ളതായിരുന്നു. തുടര്‍ന്ന് എറണാകുളം കെ.എസ്.ആര്‍.ടി.സി ഭാഗത്തേക്ക് പോകേണ്ടവരടക്കം വൈറ്റിലയിലിറങ്ങി അടുത്ത ബസ് പിടിച്ചാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. അതേസമയം യാത്രക്കാര്‍ പ്രതിഷേധമറിയിച്ചിട്ടും ഡി.ടി.ഒ അടക്കമുള്ള അധികൃതര്‍ സംഭവമറിഞ്ഞില്ലെന്നാണ് പറയുന്നത്.


Follow us on :

More in Related News