Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോഹൻ കുമാറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പ്രതിപക്ഷ നേതാവെത്തി

20 Sep 2024 22:25 IST

Anvar Kaitharam

Share News :

മോഹൻ കുമാറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പ്രതിപക്ഷ നേതാവെത്തി


പറവൂർ: മരം മുറിക്കുന്നതിനിടെ കൊമ്പ് പിളർന്ന് വീണ് കയർ കുരുങ്ങി മരിച്ച മോഹൻ കുമാറിന്റെ കുടുംബത്തിന് തണലായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

കഴിഞ്ഞ പതിനൊന്നിനാണ് പറവൂർ ആസ്ഥാന ആശുപത്രി കോമ്പൗണ്ടിലെ മരങ്ങൾ മുറിക്കുന്നതിന് കരാറെടുത്ത വയനാട് വൈത്തിരി സ്വദേശി മോഹൻ കുമാർ (28) മരത്തിന് മുകളിൽ വച്ച് അപകടത്തിൽപ്പെട്ട് മരിച്ചത്. ഫയർഫോഴ്സ് എത്തി ഏറെ ശ്രമകരമായിട്ടാണ് താഴെയിറക്കിയത്.

നായരമ്പലം നെടുങ്ങാട് സ്വദേശിനി അശ്വതിയെ വിവാഹം ചെയ്ത ശേഷം തത്തപ്പിള്ളിയിൽ വാടകക്ക് താമസിച്ച് വരികയായിരുന്നു. മോഹൻ കുമാറിന്റെ വേർപാടോടെ അശ്വതിയും നാലുവയസുകാരിയും രണ്ട് വയസുള്ള ഇരട്ടക്കുട്ടികളും അനാഥരാവുകയായിരുന്നു.

വെള്ളിയാഴ്ച്ച മന്നം കൊച്ചമ്പത്തെ അമ്മാവന്റെ വീട്ടിൽ കഴിയുന്ന അശ്വതിയേയും കുഞ്ഞുങ്ങളേയും ആശ്വസിപ്പിച്ചു.

അശ്വതിക്കും കുഞ്ഞുങ്ങൾക്കുമായി സ്ഥലം വാങ്ങി വീട് വെച്ച് നൽകുമെന്നും പ്ലസ് ടു വരെ പഠിച്ച അശ്വതിക്ക് പറവൂരിൽ തന്നെ ജോലി ലഭ്യമാക്കുമെന്നും എം.എൽ.എ. ഉറപ്പു നൽകി. ബന്ധുക്കൾ താമസിക്കുന്നതിനടുത്തുതന്നെ സ്ഥലം കണ്ടെത്താൻ എം.എൽ.എ. പ്രാദേശിക കോൺഗ്രസ് നേതാക്കളെ ചുമതലപ്പെടുത്തി. വാടക വീട്ടിലേക്ക് മാറുകയാണെങ്കിൽ വീട് നിർമ്മിച്ചു നൽകുന്നതു വരെ വാടക നൽകുമെന്നും ഭാവിയിൽ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് സഹായം ലഭ്യമാക്കുമെന്നും എം.എൽ.എ. പറഞ്ഞു.

കുറഞ്ഞ നാളുകൾക്കുള്ളിൽ ജനങ്ങളിൽ വളരെ നല്ല അഭിപ്രായം സൃഷ്ടിച്ച ചെറുപ്പക്കാരനായിരുന്നു മോഹൻ കുമാറെന്നും എം.എൽ.എ. പറഞ്ഞു. സർക്കാരിൽ നിന്നും നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടും.

പ്രതിപക്ഷ നേതാവിനോടൊപ്പം കേരള കാർഷികഗ്രാമ വികസന ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ടി.എ. നവാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷാരോൺ പനക്കൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.എസ്. റെജി, മണ്ഡലം പ്രസിഡന്റ് വി.എച്ച്. ജമാൽ, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.അബ്ദുള്ള, ശ്രീദേവി, വി.ജി.ശശിധരൻ, ഗോപാലകൃഷ്ണൻ, ശശി പാലൂപ്പാടൻ, പയസ് തുടങ്ങിയവർ പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.


Follow us on :

More in Related News