Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് ക്രിപ്റ്റോ കറൻസിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ

11 Oct 2024 20:25 IST

CN Remya

Share News :

കോട്ടയം: കോട്ടയം വാകത്താനം കാടമുറി സ്വദേശിയായ യുവാവിനെ ഓൺലൈനായി ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച് ഗോൾഡ് മൈനിങ് നടത്തി ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എട്ട് തവണകളായി 18.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ലയിൽ കീഴൂർ പുന്നാട് മീതലെ എന്ന സ്ഥലത്ത് ശ്രീരാഗം വീട്ടിൽ നാരായണൻ മകൻ പ്രദീഷ് എ. കെ (42) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 20 വരെയുള്ള കാലയളവിൽ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ഒരാൾ യുവാവിനെ സമീപിച്ച് ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തി ഗോൾഡ് മൈനിങ് ചെയ്ത് ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ഇതിനായി ഒരു ആപ്ലിക്കേഷൻ (BGC) m.barrickgoldcapital.com എന്ന ലിങ്ക് വഴി മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് യൂസർ ഐഡിയും പാസ്‌വേഡും ഉണ്ടാക്കിയ ശേഷം ഈ ആപ്ലിക്കേഷൻ വഴി ട്രേഡ് ചെയ്യാൻ പറയുകയുമായിരുന്നു. ആപ്ലിക്കേഷൻ്റെ ചാറ്റ് ഫംഗ്ഷൻ വഴി അയച്ചുകൊടുത്ത വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇയാളെ കൊണ്ട് 18 ലക്ഷത്തോളം രൂപ നിക്ഷേപിപ്പിക്കുകയും ചെയ്തു. പിന്നീട് പണം തിരികെ ലഭിക്കുന്നതിന് വീണ്ടും 14 ലക്ഷം രൂപ ടാക്സ് ആയി അടയ്ക്കണമെന്ന് ഇവർ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായിയെന്ന് യുവാവിന് മനസ്സിലായത്. ക്രിപ്റ്റോ കറൻസി ട്രേഡ് നടത്തുന്ന ശരിയായ കമ്പനികളുടെ രൂപത്തിലുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ ഉണ്ടാക്കിയാണ് ഇവർ തട്ടിപ്പിന് ഉപയോഗിക്കുന്നത്. 

യുവാവിന്റെ പരാതിയെ തുടർന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പണം തട്ടിയെടുത്ത ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ വിവിധ ബാങ്കുകൾ വഴി തട്ടിയെടുത്ത പണം ഇയാൾ പിൻവലിച്ചിട്ടുള്ളതായി മനസ്സിലാക്കി ഇയാളെ പിടികൂടുകയായിരുന്നു. ബന്ധുക്കളുടെയും പരിചയക്കാരുടെയും പേരിൽ അക്കൗണ്ടുകൾ തുടങ്ങി ഇതിലൂടെയാണ്‌ ഇയാൾ പണം പിൻവലിച്ചിരുന്നത്. പതിനഞ്ചോളം അക്കൗണ്ടുകൾ ഇയാൾ ഇങ്ങനെ എടുത്തതായി അറിവായിട്ടുണ്ട്.  

ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈഎസ്പി കെ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വാകത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ സി. കെ മനോജ്, എസ് ഐമാരായ അനിൽകുമാർ, ആന്റണി മൈക്കിൾ, സജീവ് ടി, സി.പി.ഓ ൺമാരായ മഹേഷ് കുമാർ, അനിൽ കെ. സി, സജീവ്, പ്രദീപ് വർമ്മ, ശ്യാം കുമാർ, അഭിലാഷ്, സൈബർ സെൽ പോലീസ് ഉദ്യോഗസ്ഥനായ സതീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രദീഷിനെ കോടതിയിൽ ഹാജരാക്കി.

Follow us on :

More in Related News