Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാൻ നീക്കം

17 Oct 2024 13:43 IST

ജേർണലിസ്റ്റ്

Share News :


ചെറുതോണി: മൂന്നാറിലും വാഗമണ്ണിലും ഉള്‍പ്പെടെ വിനോദസഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ടൂറിസം മേഖലയെ തകര്‍ക്കുമെന്നതിനാല്‍ ഈ നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് കേരള കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രഫ. എം ജെ ജേക്കബ് ആവശ്യപ്പെട്ടു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ജനവാഹക ശേഷി പരിശോധിച്ചു സന്ദര്‍ശകര്‍ക്ക് വിലക്കും നിയന്ത്രണവും ഏര്‍പ്പെടുത്താനുള്ള പ്രാഥമിക പഠനം നടത്താന്‍ വനം- ടൂറിസം വകുപ്പുകളെ ഏല്‍പ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഗൂഢാലോചനയും ദുരൂഹവുമാണ്. വയനാട് പോലുള്ള മേഖലകളുടെ ജനവാഹക ശേഷി പഠിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന്റെ മറവിലാണ് സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെ അപ്പാടെ ഉള്‍പ്പെടുത്തി പഠനം നടത്തുന്നത്. പൊന്‍മുടി, ചെമ്പ്ര, മൂന്നാര്‍, വാഗമണ്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ട പഠനം.ഇടുക്കിയിലെ ടൂറിസം മേഖലകളിലേക്ക് പരിസ്ഥിതിയുടെയും നിലനില്‍ക്കുന്ന അശാസ്ത്രീയ നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ കപട പരിസ്ഥിതി വാദികളുടെ വാദഗതികള്‍ക്ക് അനുസരിച്ച് ഹൈക്കോടതി കേസുകള്‍ പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ഒരക്ഷരം മിണ്ടാതെ എല്ലാ വാദഗതികളെയും പിന്തുണയ്ക്കുകയും ശിരസാ വഹിക്കുകയും ആണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതിന്റെ ഫലമായാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവുകള്‍ പുറപ്പെടുവിപ്പിക്കപ്പെടുന്നത്. മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളുടെ നാലില്‍ മൂന്നു ഭാഗവും ഭൂമി പതിവ് നിയമമനുസരിച്ച് പട്ടയം ലഭിച്ചിട്ടുള്ള ഭൂമിയില്‍ വീട് വെക്കാനും കൃഷിക്കും മാത്രമേ ഉപയോഗിക്കാവൂ എന്നുള്ള വ്യവസ്ഥ ലംഘിച്ച് നിര്‍മ്മിച്ചിട്ടുള്ളവയാണ്. ഈ റിസോര്‍ട്ടുകളെ ഒന്നും തന്നെ ജനവാഹക കേന്ദ്രങ്ങള്‍ ആയി കണക്കാക്കുകയില്ല. ഫലത്തില്‍ മൂന്നാറിലേക്കുള്ള പ്രവേശനം ഇപ്പോഴുള്ളതിന്റെ നാലിലൊന്നായി ചുരുങ്ങുന്ന ഗൗരവമായ സ്ഥിതി ഉണ്ടാവും. നിരവധി പേര്‍ ദിവസേന മൂന്നാറിലെത്തി പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അന്നുതന്നെ മടങ്ങുന്നവരാണ്. ഇപ്രകാരമുള്ള സന്ദര്‍ശനം പുതിയ നയം വരുന്നതോടെ അവസാനിക്കുമെന്നും മുന്‍കൂട്ടി അനുമതി വാങ്ങാതെ മൂന്നാറില്‍ സന്ദര്‍ശനം അനുവദിക്കാത്ത സ്ഥിതി ഉണ്ടാവുമെന്നും സര്‍ക്കാരിന്റെ നിരുത്തരവാദപരമായ ഈ നീക്കം ഇടുക്കിയിലെടൂറിസം മേഖലയെ ഇല്ലായ്മ ചെയ്യുമെന്നും എം.ജെ ജേക്കബ് പറഞ്ഞു.


Follow us on :

More in Related News