Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 May 2024 08:43 IST
Share News :
കോഴിക്കോട്: വധശിക്ഷക്ക് വിധിക്കപ്പെട്ട മകനെയോർത്ത് മനസ്സിനുള്ളിൽ തിരയടിച്ച കണ്ണീർ കടലിനെ, കാരുണ്യത്തിന്റെ ആകാശംകൊണ്ട് അതിജീവിച്ച ഫാത്തിമക്കിത് കാത്തിരിപ്പിന്റെ നാളുകൾ. താരാട്ടിയും താലോലിച്ചും വളർത്തിയ മകൻ നീണ്ട പതിനെട്ടു വർഷത്തിനുശേഷം കഴുമരത്തിൽനിന്ന് തന്നിലേക്ക് വന്നണയാനുള്ള കാത്തിരിപ്പിലാണിവർ. ‘ന്റെ പ്രാർഥന ഫലിച്ചില്ലേ... മോൻ അബ്ദുറഹീം വേഗം വരും’ ഫാത്തിമ ഇത് പറയുമ്പോൾ ആ മകൻ നാടണയാൻ പോകുന്നതിന്റെയും ആ ഉമ്മയുടെ കണ്ണീർ തോരുന്നതിന്റെയും ആശ്വാസമാണ് കേൾക്കുന്നവർക്കെല്ലാം.
ഫറോക്കിൽ ഓട്ടോ ഡ്രൈവറായിരുന്ന എന്റെ മോനെ ഈ വീട്ടിൽനിന്നാണ് (സീനത്ത് മൻസിൽ) എല്ലാവരും കൂടി 2006 നവംബർ 28ന് റിയാദിലേക്ക് സ്നേഹത്തോടെ യാത്രയാക്കിയത് എന്ന് പറഞ്ഞാണ് ഫാത്തിമ താനനുഭവിച്ച സമാനതകളില്ലാത്ത യാതന വിശദീകരിച്ചത്. പെട്ടെന്ന് ജോലിയിൽ കയറിയെങ്കിലും ഒരുമാസമാകുമ്പോഴേക്കും മകൻ ജയിലിലായ വാർത്തയാണ് കുടുംബത്തെ തേടിയെത്തിയത്. സ്പോണ്സറുടെ ശാരീരിക വൈകല്യമുള്ള മകന്റെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ റഹീമിന്റെ കൈതട്ടിയതും അനസ് ബോധം നഷ്ടമായി മരിച്ചതുമായിരുന്നു കാരണം.
കേസ് കോടതിയിലെത്തി റഹീമിന് വധശിക്ഷയും വിധിച്ചു. അന്നുമുതൽ പ്രാർഥനയിലാണ്. വീട്ടിൽനിന്ന് പുറത്തേക്കിറങ്ങിയിട്ടില്ല. കൊച്ചുമക്കളുടെ വിവാഹത്തിനുപോലും പങ്കെടുത്തിട്ടില്ല. എന്നും മകന്റെ മോചനത്തിനായി പ്രാർഥന മാത്രം.
അവസാനം ദൈവം എന്റെ വിളികേട്ടു. മകനിപ്പോൾ തൂക്കുമരത്തിൽനിന്ന് രക്ഷപ്പെട്ടു. സാങ്കേതിക നൂലാമാലകൾ തീർത്ത് അവനുടനെ എന്റെ അടുത്തെത്തും -ഫാത്തിമ പറഞ്ഞുനിർത്തി.
കോടമ്പുഴ സ്വദേശിയായ മച്ചിലകത്ത് ഫാത്തിമയുടെ തോരാത്ത കണ്ണീർ കണ്ടാണ് നാട്ടുകാർ അബ്ദുറഹീം നിയമസഹായ ട്രസ്റ്റ് രൂപവത്കരിച്ച് മോചനത്തിന് മുന്നിട്ടിറങ്ങിയത്. ഇടനിലക്കാരെ നിയോഗിച്ചുള്ള നീണ്ട ചർച്ചകൾക്കൊടുവിൽ, മാപ്പുനൽകി വധശിക്ഷയിൽ നിന്നൊഴിവാക്കാൻ, കൊല്ലപ്പെട്ട സൗദി പൗരന്റെ കുടുംബം പതിനഞ്ച് മില്യൺ റിയാൽ (34 കോടി രൂപ) ഏപ്രിൽ 16നകം നൽകാനാണ് നിർദേശിച്ചത്. തുടർന്ന് മൂന്നാഴ്ചക്കുള്ളിലാണ് 34.45 കോടി രൂപ ജനകീയമായി സമാഹരിച്ചത്. മകനെ ഓർത്ത് വർഷങ്ങളായി കണ്ണീർ പൊഴിച്ച ആ ഉമ്മയെക്കുറിച്ചറിഞ്ഞവരെല്ലാം പണം നൽകിയതാണ് ആശ്വാസമായത്.
പണം ഇന്ത്യൻ എംബസി വഴി കൈമാറാനുള്ള നടപടി പൂർത്തിയായതായി അബ്ദുറഹീമിന്റെ സഹോദരൻ അബ്ദുൽ നസീർ പറഞ്ഞു. റിയാദ് എംബസി വഴി കോടതിക്കും തുടർന്ന് സൗദി കുടുംബത്തിന്റെ അക്കൗണ്ടിലേക്കും പണം കൈമാറുകയാണ് ചെയ്യുക.
അവരുടെ അഭിഭാഷകന്റെ ഫീസായി 1.60 കോടിയോളം രൂപ വേറെയും നൽകണം. അതിനിടെ റഹീമിന് വീട് ഉൾപ്പെടെ നിർമിച്ചുനൽകാനും കൂടുതൽ സഹായം നൽകാനും ചിലർ മുന്നോട്ടുവന്നെങ്കിലും ഇപ്പോൾ വേണ്ടെന്ന് അറിയിക്കുകയായിരുന്നു.
ഉമ്മ ഫാത്തിമ അടക്കമുള്ളവർ റഹീമുമായി ഫോണിൽ സംസാരിച്ചതായും എല്ലാവർക്കും നന്ദി പറയുന്നതായും സഹോദരൻ കൂട്ടിച്ചേർത്തു.
കടപ്പാട്: mdm CCT
Follow us on :
Tags:
More in Related News
Please select your location.