Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2024 16:27 IST
Share News :
കൂവപ്പടി ജി. ഹരികുമാർ
പെരുമ്പാവൂർ: ചിരട്ടയിൽ പരിസ്ഥിതി സൗഹൃദങ്ങളായ കരകൗശലവസ്തുക്കൾ നിർമ്മിച്ച് ഉപജീവനത്തിനുള്ള വഴിതേടുന്ന നിർദ്ധനനായ ഒരു കലാകാരൻ കുറുപ്പംപടി വേങ്ങൂരിലുണ്ട്. വക്കുവള്ളിയിലെ കനാൽപ്പാലത്തിനടുത്ത് അല്ലപ്രപ്പുരയ്ക്കൽ മാധവൻ. വീട് മഴക്കാലമായതോടെ ചോർന്നൊലിച്ച് ഇടിഞ്ഞുവീഴാറായ നിലയിലാണ്. ആരോടും പരിഭവമില്ലാതെ അതിനുള്ളിൽ ജീവിതപ്രാരബ്ധങ്ങളുടെ സങ്കടങ്ങൾ ഉള്ളിലൊതുക്കി എപ്പോഴും പുതിയ സൃഷ്ടികർമ്മങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് അമ്പത്തൊമ്പതു വയസ്സുള്ള മാധവേട്ടൻ. നാട്ടിൻപുറത്തുനിന്നും തന്റെ നിർമ്മിതികൾക്കായി ഗുണനിലവാരമുള്ള ചിരട്ടകൾ സംഘടിപ്പിച്ച് ചെത്തിമിനുക്കിയെടുത്ത ശേഷമാണ് സൃഷ്ടികൾക്ക് തുടക്കമിടുന്നത്. 15 വയസ്സു മുതൽ തുടങ്ങിയതാണ് ചിരട്ടകൾകൊണ്ടുള്ള ശില്പവേല. ചിമ്മിനി വിളക്ക്, നിലവിളക്ക്, പാത്രങ്ങൾ, വട്ടകൾ തുടങ്ങി നിരവധി വസ്തുക്കൾ ഇദ്ദേഹം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
വീടിന്റെ മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റു വലിച്ചുകെട്ടിയാണ് കലാരൂപങ്ങൾ മഴക്കാലത്ത് നനഞ്ഞു നശിയ്ക്കാതെ ഇദ്ദേഹം സംരക്ഷിച്ചിരിയ്ക്കുന്നത്. ജീവിതമാർഗ്ഗത്തിനായി നിർമ്മിയ്ക്കുന്ന ഇവയുടെ വിപണനസാദ്ധ്യതയെക്കുറിച്ചുള്ള വലിയ അറിവൊന്നും മാധവനില്ല. സംസ്ഥാന സർക്കാന്റെ കരകൗശലവികസന കോർപ്പറേഷനു കീഴിലുള്ള കൈരളി ഹാൻഡിക്രാഫ്റ്റ് എമ്പോറിയങ്ങൾ ഇദ്ദേഹത്തിന്റെ നിർമ്മിതികൾ ഏറ്റെടുത്ത് വില്പന നടത്തിക്കൊടുക്കുകയും ഓണക്കാലത്തും ടൂറിസം വാരാഘോഷക്കാലത്തും മറ്റും കൂടുതൽ ഓർഡറുകൾ നൽകി മേളകളിൽ പങ്കെടുക്കാനുള്ള അവസരം നൽകുകയും ചെയ്താൽ മാധവേട്ടന് അതൊരു വലിയ സഹായമാകും.
Follow us on :
Tags:
More in Related News
Please select your location.