Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക്‌സഭ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ; വോട്ടെണ്ണാൻ 675 ഉദ്യോഗസ്ഥർ

03 Jun 2024 20:31 IST

CN Remya

Share News :

കോട്ടയം: കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണൽ നാളെ രാവിലെ എട്ടിന് ആരംഭിക്കും. നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെ ഏഴിടങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുക. വോട്ടെണ്ണാൻ 675 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണലിന് ഓരോ മേശയിലും ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് തെരഞ്ഞെടുപ്പു നിരീക്ഷകരുടെ സാന്നിധ്യത്തിൽ രാവിലെ 5.30ന് റാൻഡമൈസേഷൻ നടത്തും. ഉദ്യോഗസ്ഥർ രാവിലെ ആറിന് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഹാജരാകും.

പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ് റൂം രാവിലെ ഏഴിന് തുറക്കും. തുടർന്ന് പോസ്റ്റൽ ബാലറ്റുകൾ 50 വീതമുള്ള കെട്ടുകളാക്കി തിരിക്കും. പോസ്റ്റൽ ബാലറ്റുകളും ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇ.ടി.പി.ബി.എസ്.) എണ്ണുന്നതിനായി 31 മേശയാണ് സജ്ജീകരിച്ചിട്ടുള്ളത്. ഒരു ടേബിളിൽ 500 പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകൾ രാവിലെ 7.30ന് തുറക്കും. വരണാധികാരി, ഉപവരണാധികാരി, സ്ഥാനാർഥികൾ അല്ലെങ്കിൽ അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിലാണ് മുദ്രവച്ച സ്‌ട്രോങ്ങ് റൂം തുറക്കുക. തുടർന്ന് വോട്ടിങ് യന്ത്രങ്ങൾ ഏഴിടങ്ങളിലായി സജ്ജീകരിച്ച വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തിക്കും. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. 

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണാൻ മൊത്തം 98 മേശ ഒരുക്കിയിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിനും 14 വോട്ടെണ്ണൽ മേശയാണ് ക്രമീകരിച്ചിട്ടുള്ളത്. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പർവൈസർ ഉണ്ടാവും. ഇത് ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരും ഉണ്ടാകും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്സർവറുടെ ജോലി. 

ഒരു റൗണ്ടിൽ ഒരേ സമയം 14 മേശയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണും. പിറവം-12, പാലാ-13, കടുത്തുരുത്തി-13, വൈക്കം-12, ഏറ്റുമാനൂർ-12, കോട്ടയം-13, പുതുപ്പള്ളി-13 എന്നിങ്ങനെയാണ് വോട്ടെണ്ണൽ റൗണ്ടുകളുടെ എണ്ണം. ഓരോ റൗണ്ടും പൂർത്തീകരിക്കുമ്പോൾ ലീഡ് നില അറിയാം. 

പോസ്റ്റൽ ബാലറ്റുകളും സേനാവിഭാഗങ്ങളിലും മറ്റും ജോലി ചെയ്യുന്നവർക്കു നൽകിയ ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇ.റ്റി.പി.ബി.എസ്.) എണ്ണുന്നത് കോളജ്  മൈതാനത്ത് നിർമിച്ച പന്തലിലാണ്. പാലാ, പിറവം, വൈക്കം നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ സമീപത്തുള്ള മറ്റൊരു പന്തലിലാണ്. ഏറ്റുമാനൂർ നിയമസഭ മണ്ഡലത്തിലേത് കോളജ് ലൈബ്രറി ഹാളിലും കോട്ടയത്തേത് ഓഡിറ്റോറിയത്തിലും കടുത്തുരുത്തി, പുതുപ്പള്ളി മണ്ഡലങ്ങളിലേത് ഡി ബ്ലോക്കിലുമാണ് എണ്ണുക.

വോട്ടെണ്ണൽ ഹാളിൽ മൊബൈൽഫോൺ അനുവദിക്കില്ല. കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിങ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ, തെരഞ്ഞെടുപ്പ്  കമ്മീഷൻ പ്രതിനിധികൾ, നിരീക്ഷകർ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, അവരുടെ വോട്ടെണ്ണൽ ഏജന്റുമാർ എന്നിവർക്ക് മാത്രമാണ് വോട്ടെണ്ണൽ ഹാളിലേക്ക് പ്രവേശനമുള്ളത്. തെരഞ്ഞെടുപ്പു കമ്മിഷൻ അതോറിറ്റി ലെറ്റർ അനുവദിച്ചിട്ടുള്ള മാധ്യമപ്രവർത്തകർക്ക് നിബന്ധനകളുടെ അടിസ്ഥാനത്തിൽ വോട്ടെണ്ണൽ ഹാളിൽ പ്രവേശിക്കാം. വോട്ടെണ്ണൽ ഹാളുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അധികാരമില്ല. കർശന നിയന്ത്രണങ്ങളാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. വോട്ടെണ്ണലിനുള്ള ഒരുക്കം പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയുമായ കോട്ടയം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി പറഞ്ഞു.

Follow us on :

More in Related News