Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2024 13:11 IST
Share News :
കുടയത്തൂര്‍: മലങ്കര ജലാശയത്തില്‍ അഗ്‌നിരക്ഷാ സേനയിലെ സ്‌കൂബ ടീമിന്റെ നേതൃത്വത്തില്‍ മെഗാ പരിശീലനം സംഘടിപ്പിച്ചു. 100 അടി താഴ്ചയില്‍ വരെ മുങ്ങി കഴിവ് തെളിയിച്ച സ്‌കൂബ ഡൈവിങ് വിദഗ്ധരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. അടിക്കടി ജലാശയത്തിലും പുഴകളിലും ഉണ്ടാവുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണവും സേനാംഗങ്ങള്‍ക്ക് പരിശീലനവും നല്‍കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലാതല പരിശീലന പരിപാടി. ഫയര്‍ സര്‍വീസിന്റെ ഭാഗമായ സിവില്‍ ഡിഫന്‍സ് അംഗങ്ങളും ആറോളം ഡിങ്കി ബോട്ടുകളുടെ സഹായത്തോടെ നടത്തിയ പരിശീലനത്തില്‍ പങ്കാളികളായി. അഗ്‌നിരക്ഷാസേന ഉപയോഗിക്കുന്ന ഇ.ടി.ആര്‍ വാഹനവും അതില്‍ സജ്ജീകരിച്ചിരിക്കുന്ന ഉപകരണങ്ങളുടെ പ്രവര്‍ത്തന പ്രദര്‍ശനവും പരിശീലനത്തോടനുബന്ധിച്ച് നടത്തി. ജില്ലയിലെ ഏഴ് അഗ്‌നിരക്ഷാ നിലയങ്ങളിലെ ഉദ്യോഗസ്ഥരും സിവില്‍ ഡിഫന്‍സ് അംഗങ്ങളും പരിശീലനത്തില്‍ പങ്കാളികളായി. പരിശീലനത്തോടനുബന്ധിച്ച് ഫയര്‍ സര്‍വ്വീസിലെ അത്യാധുനിക സജ്ജീകരണങ്ങള്‍ കാണുന്നതിനും അടുത്തറിയുന്നതിനും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്കും അവസരം ഒരുക്കിയിരുന്നു. കേരളത്തിലെ മികച്ച അഗ്‌നിരക്ഷാ ഉപകരണങ്ങളില്‍ ഒന്നായ എമര്‍ജന്‍സി റെസ്‌ക്യൂ ടെണ്ടര്‍ സെമിനാറിനോട് അനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണത്തിനായി പ്രദര്‍ശിപ്പിച്ചു. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ആര്‍ ഷിനോയ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കുടയത്തൂര്‍ പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.എന്‍ ഷിയാസ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. കുടയത്തൂര്‍ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രസിഡണ്ട് ഡോ. തോംസണ്‍ ജോസഫ്, തൊടുപുഴ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ബിനു സെബാസ്റ്റ്യന്‍, ഫയര്‍ മെക്കാനിക്ക് സര്‍വീസ് ഡ്രൈവേഴ്‌സ് ആന്‍ഡ് മെക്കാനിക്ക് അസോസിയേഷന്‍ പ്രസിഡന്റ് ഓ.കെ. വേണു, സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ സുമോദ്, മൂലമറ്റം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ അബ്ദുല്‍ അസീസ്, സ്‌റ്റേഷന്‍ ഓഫീസര്‍ അഖില്‍ എം.എസ് തുടങ്ങിയവര്‍ സംസാരിച്ചു. തൊടുപുഴ സീനിയര്‍ ഫയര്‍ ഓഫീസര്‍ ടി.കെ വിനോദ് സ്‌കൂബാ മുങ്ങല്‍ പരിശീലനം സംബന്ധിച്ചുള്ള സെമിനാര്‍ നയിച്ചു. ഫയര്‍ ഫോഴ്‌സ് ഉദ്യോദസ്ഥരായ ജാഫര്‍ഖാന്‍, എം.വി മനോജ്, ബിജു പി. തോമസ്, ടി.കെ. ജയറാം, ജിന്‍സ് മാത്യു, എം.എസ് അനൂപ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അറക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മുട്ടം ഐ.എച്ച്.ആര്‍.ഡി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുടയത്തൂര്‍ സരസ്വതി വിദ്യാനികേതന്‍ തുടങ്ങിയ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ സെമിനാറില്‍ പങ്കെടുത്തു. നൂറോളം സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ - സാമൂഹ്യ - സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഡിങ്കി ബോട്ടില്‍ മലങ്കര ജലാശയത്തില്‍ നടത്തിയ പരിശീലനത്തില്‍ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.