Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുട്ടുചിറ - വാലാച്ചിറ റോഡില്‍ കെ.എസ്.ടി.പി. നിര്‍മ്മാണ ജോലികള്‍ ജനുവരി 29 ന് തുടക്കം കുറിക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ.

27 Jan 2025 20:19 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: മുട്ടുചിറ - കല്ലറ റോഡിന്റെ തുടക്ക ഭാഗത്ത് മുട്ടുചിറ പെട്രോള്‍ പമ്പ് മുതല്‍ കടുത്തുരുത്തി റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള വാലാച്ചിറ ഗേറ്റ് വരെ ഏറ്റവും ദുര്‍ഘടാവസ്ഥയില്‍ തകര്‍ന്നുകിടക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ മെയിന്‍ റോഡ് റീടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നിര്‍മ്മാണ ജോലികള്‍ക്ക് ജനുവരി 29 ബുധനാഴ്ച രാവിലെ 9 മണിയ്ക്ക് മുട്ടുചിറയില്‍ നിന്ന് തുടക്കം കുറിക്കുന്നതിന് ഡിപ്പാര്‍ട്ടുമെന്റ് തലത്തില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥ യോഗത്തില്‍ തീരുമാനിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. 

മുട്ടുചിറ - ആയാംകുടി - എഴുമാന്തുരുത്ത് - വടയാര്‍ - തലയോലപ്പറമ്പ് - വെട്ടിക്കാട്ടുമുക്ക് - വെള്ളൂര്‍ - മുളക്കുളം അമ്പലപ്പടി റോഡ് ഉന്നത നിലവാരത്തില്‍ നവീകരിക്കുന്ന പദ്ധതിയ്ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത് തുടക്കം കുറിച്ചെങ്കിലും പ്രവര്‍ത്തി ഏറ്റെടുത്ത കരാറുകാരുടെ കമ്പനിയും സര്‍ക്കാരും തമ്മിലുണ്ടായ തര്‍ക്കവും സാമ്പത്തിക പ്രതിസന്ധിയും മൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവയ്‌ക്കേണ്ട ഗതികേടുണ്ടായതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരം നിലവിലുള്ള പ്രധാന വര്‍ക്ക് വീണ്ടും നടപ്പാക്കണമെങ്കില്‍ നിര്‍ദ്ദിഷ്ട കണ്‍സള്‍ട്ടന്റ് തയ്യാറാക്കുന്ന പുതുക്കിയ എസ്റ്റിമേറ്റ് സര്‍ക്കാര്‍ അംഗീകരിച്ച് റീടെണ്ടര്‍ ചെയ്യേണ്ടതുണ്ട്. ഇതിനായി ഏതാണ്ട് ഒരു വര്‍ഷമെങ്കിലും ഇനിയും കാലതാമസം ഉണ്ടാകുമെന്ന് ഉറപ്പായപ്പോഴാണ് ജനങ്ങളുടെ രക്ഷയ്ക്കുവേണ്ടി നിലവിലുള്ള റോഡ് സഞ്ചാരയോഗ്യമാക്കുന്ന പ്രവര്‍ത്തിയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കണമെന്നുള്ള ബദല്‍ നിര്‍ദ്ദേശം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചത്. ധനകാര്യ - പൊതുമരാമത്ത് വകുപ്പുകള്‍ ഇക്കാര്യം അംഗീകരിച്ചുകൊണ്ട് അടിയന്തിരമായി അനുവദിച്ച 134 ലക്ഷം രൂപ പ്രയോജനപ്പെടുത്തിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് തുടക്കം കുറിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യത്തെ ഒരാഴ്ചകൊണ്ട് മുട്ടുചിറ മുതല്‍ വാലാച്ചിറ റെയില്‍വേ ഗേറ്റ് വരെയുള്ള ഭാഗം റീടാറിംഗ് നടപ്പാക്കുന്നതാണ്. ഈ കാലയളവില്‍ ജനുവരി 29 രാവിലെ മുതല്‍ മുട്ടുചിറ - കല്ലറ റോഡില്‍ മുട്ടുചിറ പെട്രോള്‍ പമ്പ് മുതല്‍ വാലാച്ചിറ ഗേറ്റ് വരെ ഇരുവശത്തേക്കും വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിക്കുന്നതിന് പൊതുമരാമത്ത് കെ.എസ്.ടി.പി. വിഭാഗം ഔദ്യോഗിക തീരുമാനം എടുത്തിട്ടുണ്ട്. ഇതിന് പകരമായി മുട്ടുചിറ - മള്ളിയൂര്‍ റോഡിലൂടെ കുറുപ്പന്തറ മണ്ണാറപ്പാറ ജംഗ്ഷനിലൂടെ മേട്ടുംപാറയുമായി ബന്ധിപ്പിച്ചുകൊണ്ട് ബസ് സര്‍വ്വീസുകളും ലോറി, ടെമ്പോവാന്‍, ടോറസ് തുടങ്ങിയ എല്ലാ വാഹനങ്ങളും ഇരുവശത്തേക്കും വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്നതാണ്. മുട്ടുചിറ - വാലാച്ചിറ റോഡില്‍ ടാറിംഗ് മൂലം റോഡ് ഗതാഗതം നിരോധിക്കുന്ന സാഹചര്യത്തില്‍ ചെറുവണ്ടികള്‍ക്കുവേണ്ടി വാലാച്ചിറ ഗേറ്റ് മുതല്‍ ഐ.ടി.സി. ജംഗ്ഷന്‍ വരെ റോഡ് ഉപയോഗിക്കാവുന്നതാണ്. ഇതുവഴി ഓട്ടോറിക്ഷ, സ്‌കൂട്ടറുകള്‍, കാറും ജീപ്പും ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ എന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 

ആദ്യഘട്ടത്തില്‍ മുട്ടുചിറ - വാലാച്ചിറ റെയില്‍വേ ഗേറ്റ് ഭാഗം റീടാറിംഗ് പൂര്‍ത്തീകരിച്ചാല്‍ ഉടനെ ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതാണ്. ഒരാഴ്ചക്കുള്ളില്‍ ഇക്കാര്യം പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി. തുടര്‍ന്ന് വാലാച്ചിറ - ആയാംകുടി - എഴുമാന്തുരുത്ത് റീച്ച് നന്നാക്കുന്നതാണ്. മുളക്കുളം - അമ്പലപ്പടി - വെളളൂര്‍ - വെട്ടിക്കാട്ടുമുക്ക് റീച്ച് ഉള്‍പ്പെടെ ഇപ്പോള്‍ തകര്‍ന്നുകിടക്കുന്ന മുഴുവന്‍ ഭാഗവും ഒറ്റയടിയ്ക്ക് സഞ്ചാരയോഗ്യമാക്കാന്‍ കഴിയുന്ന വിധത്തിലാണ് നിര്‍മ്മാണ ജോലികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കുന്നതിനുവേണ്ടി കെ.എസ്.ടി.പി. - പൊതുമരാമത്ത് വകുപ്പ് - വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ സംയുക്തയോഗം ജനുവരി 29 ന് രാവിലെ 10.30 ന് കടുത്തുരുത്തി പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ ചേരുന്നതിനും തീരുമാനിച്ചിട്ടുള്ളതായി കെ.എശ്.ടി.പി. പൊന്‍കുന്നം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വ്യക്തമാക്കി. 





Follow us on :

More in Related News