Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർഷകർക്ക് കൂട്ടായി ആത്മ മലപ്പുറത്തിന്റെ 'കാർഷികം' യൂട്യൂബ് ചാനൽ

20 Feb 2025 10:28 IST

Jithu Vijay

Share News :

മലപ്പുറം : കൃഷി അനുബന്ധമേഖലയിലെ പുതിയ വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി 'ആത്മ' മലപ്പുറം ആരംഭിച്ച യുട്യൂബ് ചാനൽ ജനശ്രദ്ധയാകർഷിക്കുന്നു. 2024 ജൂലായിൽ 'കാർഷികം' എന്ന പേരിൽ ആരംഭിച്ച യുട്യൂബ് ചാനൽ കുറഞ്ഞ കാലയളവിൽ 10 ലക്ഷത്തോളം കർഷകരിലേക്ക് വിജ്ഞാനം പകർന്നു കഴിഞ്ഞു.


കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ആഭിമുഖ്യത്തിൽ കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യവികസനം എന്നീ

വകുപ്പുകളെ സംയോജിപ്പിച്ച് ജില്ലാ കലക്ടർ ചെയർമാനായുളള സ്വയംഭരണ രീതിയിൽ പ്രവർത്തിക്കുന്ന ഏജൻസിയാണ് ആത്മ (അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി). വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള നൂതന സാങ്കേതിക വിദ്യകൾ, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ പദ്ധതികളും പരിശീലന പരിപാടികളും, മാതൃകാ കർഷകരുടെ വിജയഗാഥകൾ, കാർഷിക വാർത്തകൾ എന്നിവ കർഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായാണ് ആത്മ മലപ്പുറം യുട്യൂബ് ആരംഭിച്ചത്. ആത്മയുടെ കീഴിൽ സംസ്ഥാനത്ത് തന്നെ സ്വന്തമായി യുട്യൂബ് ചാനലുള്ള ഏക ജില്ലയാണ് മലപ്പുറം. 


ജില്ലയിൽ ഉൽപ്പാദിപ്പിക്കുന്ന വൈവിധ്യമാർന്ന വിളകളും അവയുടെ ഉൽപ്പന്നങ്ങളും കേരളാ അഗ്രോ ബ്രാൻഡിങ്ങിലൂടെ വിപണനം ചെയ്ത് കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുന്നതിന് രൂപീകരിച്ച കൃഷി വകുപ്പിന്റെ മാർക്കറ്റിങ് വിഭാഗമായ KABCO Ltd കമ്പനിയുടെ പ്രവർത്തനങ്ങളും ചാനൽ വഴി കർഷകരിലേക്ക് എത്തിക്കുന്നുണ്ട്. പ്രാഥമിക കൃഷിയിൽ നിന്നും ദ്വിതീയ കൃഷിയിലേക്ക് കർഷകരെ മാറ്റി അവരെ സംരംഭകരാക്കുക, ഇതിനാവശ്യമായ പ്രോജക്ടുകൾ തയ്യാറാക്കുക, വായ്പാ സംവിധാനം, വിവിധ ലൈസൻസുകൾ, വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും ധനസഹായം,

ജൈവ സാക്ഷ്യപത്രം എന്നിവ ഉൾപ്പെടുന്ന 37 പരം വീഡിയോകൾ ഇതിനോടകം യുട്യൂബ് ചാനൽ വഴി കർഷകരിൽ എത്തിച്ചിട്ടുണ്ട്. 


കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്നതിനുളള നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള വിവരങ്ങൾ വരും ദിനങ്ങളിൽ യുട്യൂബ് ചാനൽ വഴി ലഭ്യമാക്കുമെന്നും ജില്ലയിലെ മുഴുവൻ കർഷകരും ഈ ചാനൽ സബ്സ്‌ക്രൈബ് ചെയ്യണമെന്നും

ആത്മ പ്രൊജക്ട് ഡയറക്ടർ പ്രകാശ് പുത്തൻമഠത്തിൽ പറഞ്ഞു. ആത്മ പ്രൊജക്ട് ഡയറക്ടറുടെ നേതൃത്വത്തിൽ ബ്ലോക്ക് ടെക്നോളജി മാനേജർമാരും അസിസ്റ്റന്റ് ടെക്നോളജി മാനേജർമാരും അടങ്ങുന്ന ടീമാണ് ചാനലിന് പിന്നിൽ പ്രവർത്തിക്കുന്നത്. കൂടാതെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴിയും ആത്മയുടെ പദ്ധതി പ്രവർത്തനങ്ങൾ കർഷകരിലേക്കെത്തിക്കുന്നുണ്ട്. tthps://youtube.com/@atmamalappuram?si=kMQldU9MJtkzmbxq എന്നതാണ് യുട്യൂബ് ചാനലിന്റെ ലിങ്ക്.

Follow us on :

More in Related News