Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2025 21:55 IST
Share News :
വൈക്കം: ശനിയാഴ്ച ഉച്ചയോടെ മഴയ്ക്ക് ശമനം വന്നെങ്കിലും കിഴക്കൻ വെള്ളത്തിൻ്റെ വരവ് വർധിച്ചത് വൈക്കത്തെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ ദുരിതത്തിലാക്കി. മൂവാറ്റുപുഴയാറും കൈവഴികളും കരകവിഞ്ഞതിനെ തുടർന്ന് 700ൽ അധികം വീടുകളിൽ വെള്ളം കയറി. ആയിരത്തിലധികം വീടുകൾ വെള്ളക്കെട്ടിലായി. തലയോലപ്പറമ്പ് പഞ്ചായത്തിലെ തേവലക്കാട്, പഴമ്പട്ടി, കോരിക്കൽ, കാളിവേലിൽ, മുണ്ടോടി, വടയാർ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. വെള്ളൂർ പഞ്ചായത്തിലെ തണ്ണിപ്പള്ളി മറവൻതുരുത്ത് പഞ്ചായത്തിൽ ഇടവട്ടം, കൊച്ചുപുരയ്ക്കൽ നഗർ, മണലേൽ നഗർ, മേലേകുറ്റിക്കാട്, കുലശേഖരമംഗലം, മുഴിക്കൽ, ആഞ്ഞിലിത്തറ, പേരേപ്പറമ്പ്, പഞ്ഞിപ്പാലം മുതലക്കുഴി, ആറ്റുവേലക്കടവ്, ചെമ്പ് പഞ്ചായത്തിൽ കാട്ടിക്കുന്ന്, തുരുത്തുമ്മ, ഉദയനാപുരം പഞ്ചായത്തിൽ പടിഞ്ഞാറേക്കര, വൈക്കപ്രയാർ, മുട്ടുങ്കൽ, തലയാഴം പഞ്ചായത്തിൽ തോട്ടകം ചെട്ടിക്കരി, സി.കെ.എൻ. ബ്ലോക്ക്, കളപ്പുരയ്ക്കൽ കരി, ഏനേഴം, വെച്ചൂർ പഞ്ചായത്തിൽ ഈട്ടുംപുറം, മറ്റം, പരിയാരം, അച്ചിനകം, തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിലായി.
വെച്ചൂർ പഞ്ചായത്തിൽ ശനിയാഴ്ച വൈകിട്ട് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. വെച്ചൂർ ദേവിവിലാസം സ്കൂളിൽ അഞ്ച് കുടുംബങ്ങളിൽ നിന്നായി 15 പേരാണ് ക്യാമ്പിൽ കഴിയുന്നത്. തലയോലപ്പറമ്പ് പഞ്ചായത്തിൽ തേവലക്കാട്,വടയാർ, പഴമ്പെട്ടി പ്രദേശത്താണ് കൂടുതൽ ദുരിതം. ഇവിടങ്ങളിൽ 200-ൽ അധികം വീടുകളിൽ വെള്ളം കയറുകയും ഇരട്ടിയോളം വീടുകൾ വെള്ളക്കെട്ടിൽ അമരുകയും ചെയ്തിട്ടുണ്ട്.
താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 115 കുടുംബങ്ങൾ കഴിയുന്നുണ്ട്. ഗവ. എച്ച്എസ് മാഞ്ഞൂർ സൗത്ത്, സെൻ്റ് മേരീസ് എച്ച്എസ്എസ് വല്ലകം, എ.ജെ. ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് എച്ച്എസ്‌എസ് തലയോലപ്പറമ്പ്, ഗവ. എൽപിഎസ് കാട്ടിക്കുന്ന്, ഗവ. എൽപിഎസ് തോട്ടകം, ഗവ. യുപിഎസ് എഴുമാന്തുരുത്ത്, ദേവീവിലാസം എച്ച്എസ്എസ് വെച്ചൂർ എന്നിവിടങ്ങളിൽ ഇന്നലെ മുതൽ ക്യാമ്പുകൾ ആരംഭിച്ചിരുന്നു. എല്ലാ ക്യാമ്പുകളിലും വൈദ്യുതി ആരോഗ്യപ്രവർത്തകരുടെ സേവനം അടക്കം ഉറപ്പു വരുത്തിയിട്ടുണ്ട്.വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പലരും ക്യാമ്പുകളിൽ വരാതെ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റിയിട്ടുണ്ട്.പല പ്രദേശങ്ങളിലും ക്യാമ്പ് ആരംഭിച്ചിട്ടില്ലെങ്കിലും വേണ്ട മുന്നോരുക്കങ്ങൾ അധികൃതർ നടത്തിയിട്ടുണ്ട്. രാത്രിമഴ തുടരുകയും കിഴക്കൻ വെള്ളത്തിൻ്റെ വരവ് വർധിക്കുകയും ചെയ്‌താൽ കൂടുതൽ പേർ ക്യാമ്പുകളിൽ എത്താനും സാധ്യതയുണ്ട്.ശനിയാഴ്ച ശക്തമായ കാറ്റ് വീശാതിരുന്നതിനാൽ കൂടുതൽ നാശനഷ്ട്ടങ്ങൾ സംഭവിച്ചിട്ടില്ല. പാടശേഖരങ്ങളിൽ പമ്പിംഗ് നടത്താൻ കഴിയാത്തതിനാൽ തലയാഴത്ത് നിരവധി വീടുകൾ വെള്ളക്കെട്ടിലമർന്നു. പെയ്ത്തുവെള്ളം ഒഴുകി പോകാൻ മാർഗ്ഗമില്ലാത്തതിനാൽ പ്രധാന റോഡുകളിലും ഉൾപ്രദേശത്തെ റോഡുകളിലും വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിയുണ്ട്. ശനിയാഴ്ച പകൽ മഴയ്ക്ക് അല്പം ശമനം വന്നതിനെ തുടർന്ന് കെട്ടി നിന്നിരുന്ന വെള്ളം താഴ്ന്ന് പോയിട്ടുണ്ടെങ്കിലും പുഴയിലെ ജലനിരപ്പ് ഉയരുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.