Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2024 10:28 IST
Share News :
കോഴിക്കോട് : ബീച്ചിലെ തണുത്ത കാറ്റ്, ഗുജറാത്തി സ്ട്രീറ്റിലെ വാൾ പെയിന്റിങ്സ് ഇതിനൊക്കെയപ്പുറം മ്മളെ കോയ്ക്കോടിനെ സ്പെഷ്യലാക്കുന്നത് കോഴിക്കോടൻ ബിരിയാണിയും, ഹൽവയും, ഖൽബ് നിറയെ ഭക്ഷണപ്രേമം കൊണ്ടു നടക്കുന്ന കോഴിക്കോട്ടുകാരും തന്നെയാണ്. മാറുന്ന ജീവിത ശൈലിയ്ക്കൊപ്പം, മാറികൊണ്ടേയിരിക്കുന്ന ഭക്ഷണ ശീലങ്ങളും മലയാളികൾക്ക് പുതുമയല്ല. പുതിയ ഫുഡ് ട്രെൻഡുകൾ തേടിപോകുന്നവരാണ് നമ്മൾ മലയാളികൾ. മെയ് മൂന്ന് മുതൽ 12 വരെ കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന ദ ഗ്രേറ്റ് ഇന്ത്യൻ ഫൂഡ് ആർട്ട് എന്ന ഭക്ഷ്യ മാമാങ്കത്തിന്റെ പ്രേരകശക്തിയും മറ്റൊന്നല്ല. കാശ്മീർ മുതൽ കോഴിക്കോട് വരെ 25ലധികം ഇന്ത്യൻ നഗരങ്ങളിലെ 200ലധികം രുചി വൈവിധ്യങ്ങൾ കോഴിക്കോടിന്റെ മണ്ണിൽ എത്തിയ അത്യപൂർവ്വ വേദിയിൽ പുതുകാലം പുതുശീലം എന്ന സെഷനിൽ അതിഥികളായെത്തിവർ ഭക്ഷ്യ മേഖലയിൽ നവീന ആശയങ്ങളുമായെത്തി പ്രശസ്തി നേടിയവരാണ്. ഇന്ത്യയുടെ ഓംലെറ്റ് മാൻ എന്നറിയപ്പെടുന്ന, ക്യൂൻസ് ഇൻസ്റ്റയുടെ സ്ഥാപകൻ അർജ്ജുൻ പി, ബ്രേക്ക് ഫാസ്റ്റ് സംസ്ക്കാരത്തിൽ വിപ്ലവം സൃഷ്ടിച്ച റാഷ ബൗളിന്റെ കോ-ഫൗണ്ടർ രാംദാസ് മാവത്ത്, കേരളത്തിന്റെ തനത് രുചികളായ നെയ്ച്ചോറും, കല്ലുമ്മക്കായ പൊരിച്ചതുമൊക്കെ കേടുകൂടാതെ സൂക്ഷിക്കാനുള്ള വിദ്യ മലയാളിയ്ക്ക് പരിചയപ്പെടുത്തിയ ഫൂ ഫുഡ്സിന്റെ കോ-ഫൗണ്ടർ ഫവാസ് ടി സി. പുതു കാലം, പുതു ശീലം എന്ന പ്രത്യേക ഡിസ്കഷൻ സെഷന്റെ ഭാഗമായ ഈ പുതു സംരംഭകരുടെ യാത്രയിലൂടെ ഒരെത്തിനോട്ടം.....
കല്ലുമ്മക്കായ മണമുള്ള ഫൂ ഫുഡ്സ്
കല്ലുമ്മക്കായ പൊരിച്ചത്, പോത്ത് വരട്ടിയത്, നെയ്ച്ചോറ്.....കേരളത്തിന്റെ തനത് രുചികളായ ഇവയെല്ലാം നൂറ് നൂറ്റമ്പതു ദിവസം കേടു കൂടാതെ വെയ്ക്കാനാകും എന്ന് കേട്ടാൽ നിങ്ങൾ വിശ്വസിക്കുമോ ? എന്നാലിത് സാധ്യമാക്കി തരുന്ന ഒരു സംരംഭമുണ്ട് കേരളത്തിൽ. പേര് ഫൂ ഫുഡ്സ്. കോഴിക്കോട്ടുകാരനായ ഫവാസ് പിസിയും സുഹൃത്തും ചേർന്ന് തുടക്കമിട്ട സംരംഭം. 2018-19 കാലഘട്ടത്തിൽ സുഹൃത്തുമൊത്ത് തുടക്കം കുറിച്ച ഹോം മേയ്ഡ് കല്ലുമ്മക്കായ ബിസിനസിൽ നിന്ന് ഫൂ ഫുഡ്സിലേക്ക് എത്തിയ യാത്രയെക്കുറിച്ച് പറയുമ്പോൾ ഫവാസിന് നൂറ് നാവ്. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു കല്ലുമ്മക്കായയുടെ തുടക്കം തൊട്ടേയുള്ള പ്രധാന ഉപഭോക്താക്കൾ. കൂടുതൽ ദിവസം കേടുകൂടാതെ അവരിലേക്ക് കല്ലുമ്മക്കായ എത്തിക്കുന്നത് എങ്ങനെയെന്ന ചിന്തയാണ് ഫൂ ഫുഡ്സിന്റെ പിറവിയിലേക്ക് നയിക്കുന്നത്. അന്നും, ഇന്നും കോഴിക്കോട്ടുകാരുടെ ഭക്ഷണപ്രിയം തന്നെയാണ് മുന്നോട്ടു പോകാനുള്ള ഊർജ്ജം നൽകുന്നതെന്ന് ഫവാസ് പറയുന്നു. പോത്ത് വരട്ടിയതും, നെയ്ച്ചോറും, കല്ലുമ്മക്കായ പൊരിച്ചതുമെല്ലാം 180 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാനുള്ള മാജിക്ക് ഫൂ ഫൂഡ്സിന്റെ ആവനാഴിയിലുണ്ട്. പ്രിസർവേറ്റീവുകളുടെ സഹായമില്ലാതെ, സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്. പുതിയൊരാശയത്തിന്റെ പിൻബലത്തിൽ സംരംഭം തുടങ്ങുമ്പോൾ, ഉപഭോക്താക്കളെ ബോധവൽക്കരിക്കുക എന്നത് തന്നെയായിരുന്നു ആദ്യത്തെ വെല്ലുവിളി. സംരംഭകത്വമെന്നത് അവസാനമില്ലാത്ത ഒരു യാത്രയാണ്. ആറു മാസത്തിനുള്ളിൽ പത്തു പ്രൊഡക്ടുകൾ കൂടി പോർട്ട്ഫോളിയോയിലുൾപ്പെടുത്താനുള്ള പരിശ്രമത്തിലാണിപ്പോൾ ഫൂ ഫുഡ്സ്. ഭാവി പദ്ധതികളുടെ കാര്യത്തിലും തെളിച്ചവുമുണ്ട് ഫവാസിന്റെ വാക്കുകളിൽ.
ഹെൽത്തി ബ്രേക്ക് ഫാസ്റ്റിന് റാസ ബൗൾ
ഇരുപത്തിരണ്ടു വർഷത്തെ കോർപ്പറേറ്റ് ജീവിതം. അതിനിടയിൽ വന്ന കോവിഡും, വർക്ക് ഫ്രം ഹോമും. വിരസത നുഴഞ്ഞെത്തിയ തൊഴിൽ ജീവിതത്തിന്റെ ഗിയർ ഒന്നു മാറ്റി പിടിച്ചാലോയെന്ന ചിന്തയിൽ നിന്ന് സംരംഭകത്വത്തിലേക്കെത്തിയ ദമ്പതികൾ. കോഴിക്കോട്ടുകാരായ രാംദാസ് മാവത്തും, ഭാര്യ ശ്യാമളയും. കേരളത്തിലെ പതിവ് പ്രഭാത ഭക്ഷണ ശീലങ്ങളെ പൊളിച്ചെഴുതുകയാണ് ഇരുവരും ചേർന്ന് തുടക്കം കുറിച്ച റാഷ ബൗൾ. പൊതുവെ ഭക്ഷണ പ്രിയരായ കോഴിക്കോട്ടുകാരിലേക്ക് ആരോഗ്യകരമായ ഭക്ഷണശീലം പരിചയപ്പെടുത്തുകയായിരുന്നു റാസ ബൗൾ. ഭക്ഷണം എത്ര ആരോഗ്യകരമായാലും രുചിയില്ലെങ്കിൽ കോഴിക്കോട്ടുകാർ പിന്തുണയ്ക്കില്ലെന്ന തിരിച്ചറിവിൽ നിന്ന് അന്നും, ഇന്നും സ്വാദിനും, രുചിയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് തന്നെയാണ് യാത്ര. നിലവിൽ 21 വിഭവങ്ങൾ റാസ ബൗൾ നൽകുന്നു. ഭാവിയിൽ കോഴിക്കോട് ഫിസിക്കൽ ഔട്ട്ലെറ്റ് ആരംഭിക്കാനും, കൊച്ചിയിലേക്കു കൂടി ബിസിനസ് വിപുലീകരിക്കാനുമുള്ള പരിശ്രമത്തിലാണ് റാസ ബൗൾ.
ഇൻസ്റ്റന്റാണ് ഈ ഓംലെറ്റ്
വീട്ടിൽ മകൾക്ക് വേണ്ടി ഭാര്യ തയാറാകാറുള്ള മുട്ടയപ്പത്തിൽ നിന്ന് ഒരു ദിവസം വന്ന ദുർഗന്ധം എവിടെ നിന്ന് വന്നു എന്ന് ഒരു കൗതുകത്തിൽ തേടി ഇറങ്ങിയതാണ് സിവിൽ എൻജിനീയറായ അർജ്ജുൻ. കൗതുകം കാര്യമായപ്പോൾ, അത് ' ഇന്‍സ്റ്റന്റ് ഓംലെറ്റ് ' എന്ന സംരംഭമായി. ഇന്‍സ്റ്റന്റ് ഓംലെറ്റിന്റെ ഓംലെറ്റ് പൗഡർ വെള്ളത്തിൽ കലർത്തി ചട്ടിയിൽ ഒഴിച്ചാൽ മതി ഒരു മിനിറ്റിനകം ഓംലെറ്റ് റെഡി.
അഞ്ചും പത്തും രൂപ പാക്കറ്റിലാണ് നിലവിൽ പ്രൊഡക്ട് ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്. പത്തൊമ്പതാമത്തെ ശ്രമത്തിൽ വിജയം കുറിച്ച ബിസിനസ് ആശയം “ഇന്ത്യയുടെ ഓംലെറ്റ് മാൻ “ എന്ന പേരിലേക്ക് അർജ്ജുനെ എത്തിച്ചു. കിഡ്സ് ഓംലെറ്റ്, മസാല ഓംലെറ്റ്, എഗ്ഗ് ബുര്‍ജി
സ്വീറ്റ് ഓംലെറ്റ്, ടച്ചിങ്സ് ഓംലെറ്റ് (ബാര്‍ സ്‌നാക്ക്) തുടങ്ങിയവയും ഭാവി പദ്ധതിയിലുണ്ട്. ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ക്വീന്‍സ് ഇന്‍സ്റ്റ ഇപ്പോൾ ഇൻസ്റ്റന്റ് ഷൈക്ക് , ഇൻസ്റ്റന്റ് ജ്യൂസ് എന്നിവ കൂടി ജനങ്ങളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യൻ റെയിൽവെക്കായി ഓംലെറ്റ് വെന്റിങ്ങ് മെഷീനും പണിപുരയിലുണ്ട്.
Follow us on :
More in Related News
Please select your location.