Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുതിപ്പിനൊരുങ്ങി കോട്ടയം മെഡിക്കൽ കോളജ്: സർജിക്കൽ ബ്ലോക്ക് സെപ്റ്റംബറിൽ പൂർത്തീകരിക്കും

23 May 2024 00:00 IST

CN Remya

Share News :

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജിക്കൽ ബ്ലോക്കിന്റെ നിർമാണം സെപ്റ്റംബറിൽ പൂർത്തീകരിക്കും. സർജിക്കൽ ബ്ലോക്കിലെ ഉപകരണങ്ങൾ വാങ്ങുന്നതടക്കമുള്ള പ്രവൃത്തികൾ സെപ്റ്റംബറിനം പൂർത്തീകരിക്കും. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിർമാണ പുരോഗതി അവലോകനം ചെയ്യാനായി മെഡിക്കൽ കോളജിൽ സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി. എൻ. വാസവന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് വിവിധ വകുപ്പുകൾ ഇക്കാര്യം അറിയിച്ചത്. ആശുപത്രിയിലേക്ക് വൈദ്യുതി സുഗമമായി ലഭ്യമാക്കുന്നതിനായി 33 കെ.വി. സബ്‌സ്‌റ്റേഷൻ സ്ഥാപിക്കാനുള്ള അടങ്കൽ തയാറാക്കി. തുക കണ്ടെത്താനുള്ള തുടർനടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.

നബാർഡ് സഹായത്തോടെ നിർമിക്കുന്ന 200 കിടക്കകളുള്ള കാർഡിയോജളി ബ്ലോക്കിന്റെ നിർമാണം നവംബറിൽ പൂർത്തീകരിക്കാനാകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ നിർമാണം പുരോഗമിക്കുകയാണ്. നിർമാണം അടുത്തവർഷം പൂർത്തീകരിക്കാൻ സാധിക്കും. 14 കോടി രൂപ ചെലവിൽ നിർമിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെയും നിർമാണം പുരോഗതിയിലാണ്. മെഡിക്കൽ കോളജിൽനിന്ന് ബസ് സ്റ്റാൻഡിലേക്ക് നിർമിക്കുന്ന ഭൂഗർഭപാതയുടെ നിർമാണം രണ്ടു മാസത്തിനകം പൂർത്തീകരിക്കാനാകുമെന്നും യോഗം വിലയിരുത്തി. മെഡിക്കൽ കോളജ് ആശുപത്രി വികസനത്തിനായി നടപ്പാക്കുന്ന മറ്റു പദ്ധതികളുടെ നടത്തിപ്പ് പുരോഗതിയും യോഗം വിലയിരുത്തി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എസ്.ശങ്കർ, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, നബാർഡ്, പൊതുമരാമത്ത് വകുപ്പ്, കെ.എം.സി.എൽ., കെ.എസ്.ഇ.ബി., വിവിധ വകുപ്പുകളുടെ സംസ്ഥാന-ജില്ലാതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

Follow us on :

More in Related News