Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വികസന കുതിപ്പിൽ കോട്ടയം മെഡിക്കൽ കോളജ്: പ്രധാന കവാടനിർമ്മാണത്തിന്റെ ഉദ്ഘാടനം 24ന്

23 Sep 2024 17:24 IST

CN Remya

Share News :

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് വികസന കുതിപ്പിലാണ്. മെഡിക്കൽ കോളജിൽ നിർമ്മാണം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ പ്രധാന പ്രവേശനകവാടത്തിന്റെ നിർമ്മാണോദ്ഘാടനവും ജോൺ ബ്രിട്ടാസ് എം.പിയുടെ പ്രാദേശികവികസനഫണ്ടുവഴി അനുവദിച്ച നവീന ഉപകരണങ്ങളുടെ പ്രവർത്തനോദ്ഘാടനവും നാളെ നടക്കും. 

ആറുകോടി 40 ലക്ഷം രൂപ മുതൽമുടക്കിൽ വിവിധ പദ്ധതികളാണ് മെഡിക്കൽ കോളജിൽ നിർമ്മാണം പൂർത്തീകരിച്ചത്. 42.15 ലക്ഷം രൂപ മുടക്കിയ നിർമിച്ച സൈക്കോ സോഷ്യൽ റീഹാബലിലേറ്റൻ ഏരിയ, 88 ലക്ഷം രൂപ മുടക്കി നിർമിച്ച ഡോണർ ഫ്രണ്ട്‌ലി ബ്ലഡ് സെന്റർ ആൻഡ് പോസ്റ്റ് ഗ്രാജ്വേറ്റ് റിസർച്ച് യൂണിറ്റ്, ഗൈനക്കോളജി ബ്‌ളോക്കിൽ 25 ലക്ഷം രൂപ മുടക്കിയുള്ള കൂട്ടിരിപ്പുകാരുടെ കാത്തിരിപ്പ് കേന്ദ്രം, 1.83 കോടി രൂപ മുടക്കിയ അത്യാഹിത വിഭാഗത്തിലെ പുതിയ ലിഫ്റ്റ് ടവർ, 50 ലക്ഷം രൂപ മുടക്കിയ സൂപ്രണ്ട് ഓഫീസ് അനക്‌സ്, 1.54 കോടി രൂപ മുടക്കിയ 750 കെ.വി.എ. ഡീസൽ ജനറേറ്റർ, 750 കെ.വി.എ. ട്രാൻസ്‌ഫോർമർ, രണ്ടുകോടി 46 ലക്ഷം കോടി രൂപ മുടക്കിയ ആധുനിക ഉപകരണങ്ങൾ, 1.2 കോടി രൂപ മുടക്കി നവീകരിച്ച ഒ.പി. വിഭാഗം എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്. ജോൺ ബ്രിട്ടാസ് എം. പി. യുടെ പ്രാദേശികവികസനഫണ്ടിൽനിന്ന് അനുവദിച്ച 99.18 ലക്ഷം രൂപയുടെ നവീന ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. 99.3 ലക്ഷം രൂപ മുതൽമുടക്കിയാണ് പ്രധാന പ്രവേശനകവാടത്തിന്റെ നിർമിക്കുന്നത്.

ആരോഗ്യ- വനിതാ- ശിശുവികസനവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ആശുപത്രി അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ എം.പിമാരായ ജോൺ ബ്രിട്ടാസ്, അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എന്നിവർ മുഖ്യാതിഥികളാകും. ആശുപത്രി സൂപ്രണ്ട് ഡോ. ടി. കെ ജയകുമാർ വികസന പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

Follow us on :

More in Related News