Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Sep 2025 21:41 IST
Share News :
കോട്ടയം: കോട്ടയത്തെ അയ്മനം ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന കല്ലുങ്കത്ര - കരീമഠം - ചീപ്പുങ്കൽ റോഡ് നിർമ്മാണം കേന്ദ്ര സർക്കാരിൻ്റെ റോഡ് വികസന പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയിൽ ഉൾപ്പെടുത്തിയതായും ഉന്നത നിലവാരത്തിൽ നിർമ്മിക്കുമെന്നും ഫ്രാൻസിസ് ജോർജ് എം പി അറിയിച്ചു. ജനവാസ കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും കുറഞ്ഞത് 6 മീറ്റർ വീതിയെങ്കിലും ഉള്ള മൺ റോഡുകളെയാണ് പി.എം.ജി.എസ്.വൈ 4-ാം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട്
പി എം ജി എസ് വൈ അധികൃതർ തയ്യാറാക്കും.
നിലവിൽ റോഡ് കല്ലുങ്കത്രയിൽ നിന്നും പടിഞ്ഞാട്ട് ചെങ്ങളവൻ പറമ്പ് വരെയും ചീപ്പുങ്കൽ നിന്നും കിഴക്കോട്ട് കോലടിച്ചിറ വരെയും എത്തി നിൽക്കുന്നു. ഇടയ്ക്കുള്ള മൂന്നരകിലോമീറ്റർ ദൂരം പാടശേഖരത്തിലൂടെയാണ് റോഡ് നിർമ്മിക്കേണ്ടത്. റോഡ് പൂർത്തിയാകുന്നതോടെ ചേർത്തല, വൈക്കം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് കുമരകത്ത് എത്താതെ കോട്ടയം ടൗണിലും, മെഡിക്കൽ കോളേജിലും വേഗത്തിൻ എത്താൻ കഴിയുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
ചേർത്തല - കുമരകം - കോട്ടയം റോഡിന് സമാന്തര പാതയാകുന്നതോടെ വാഹനങ്ങൾക്ക് കോട്ടയത്ത് എത്തുന്നതിന് അഞ്ച് കിലോമീറ്റർ ദൂരം ലാഭിക്കാനും കഴിയും. കുമരകത്തെ ഗതാഗതക്കുരുക്കിന് പരിഹാരവുമാകും. കുമരകത്തെ അയ്മനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായി മാറുന്നതോടെ അയ്മനം പഞ്ചായത്തിൻ്റെ ടൂറിസം വികസനത്തിനും കാർഷിക മേഖലയുടെ പുരോഗതിയ്ക്കും ഇത് ഗുണകരമാകും.
പി.എം.ജി.എസ് വൈ പദ്ധതിയിൽ ഈ റോഡ് ഉൾപ്പെടുത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് അയ്മനം മണ്ഡലം കോൺഗ്രസ് കമ്മറ്റിയും കേരളാ കോൺഗ്രസ് മണ്ഡലം കമ്മറ്റിയും ഫ്രാൻസിസ് ജോർജ് എം പി യ്ക്ക് നിവേദനം നൽകിയിരുന്നു. കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. ജോസഫ്, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ജയ്മോൻ കരീമഠം കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഒളശ്ശ ആൻ്റണി, ബാബു കെ. ഏബ്രഹാം,മനോജ് കോയിത്തറ, സന്തോഷ് വി ആർ, ലിപിൻ ആൻറണി, സുഗുണൻ പുത്തൻകളം, ഷീബാ ബൈജു, സുനിൽകുമാർ പരയ്ക്കാട്ടെഴുപതിൽ, ജോസ് മേനോൻകരി എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.