Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാജ പരസ്യം നൽകി കബളിപ്പിച്ച സംഭവം; സ്വർണക്കടയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ.

16 Sep 2025 20:11 IST

santhosh sharma.v

Share News :

കോട്ടയം: സോഷ്യൽ മീഡിയയിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി കബിളിപ്പിച്ചെന്ന പരാതിയിൽ സ്വർണക്കടയ്ക്ക് പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. കോട്ടയം കൂരോപ്പട സ്വദേശി ലിൻസി ജോസഫിന്റെ പരാതിയിലാണ് എറണാകുളം ഇടപ്പള്ളി നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സിനെതിരെ നടപടി സ്വീകരിച്ചത്. സോഷ്യൽ മീഡിയയിലെ പരസ്യത്തിൽ വിശ്വസിച്ച് 2024 ജൂൺ 25ന് പഴയ സ്വർണം നൽകി പാദസരം വാങ്ങിയെങ്കിലും ഇത് ഒരു മാസത്തിനുള്ളിൽ പൊട്ടിപ്പോവുകയായിരുന്നു. ജ്വല്ലറിയെ സമീപിച്ചപ്പോൾ പാദസരം നന്നാക്കി നൽകാമെന്നും തുക തിരികെ നൽകാനാവില്ലെന്നും അറിയിച്ചതിനെ തുടർന്നാണ് ലിൻസി കമ്മീഷനിൽ പരാതി നൽകിയത്. പാദസരം ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗത്തിൽ പൊട്ടിയതല്ലെന്നും നിർമാണത്തിലെ പാകപ്പിഴയാണെന്നും കമ്മീഷന് അപ്രൈസർ റിപ്പോർട്ടു നൽകി. തുടർന്നാണ് പാദസരത്തിന് ചെലവായ 36,200 രൂപയും ഒൻപതു ശതമാനം പലിശയോടുകൂടി നഷ്ടപരിഹാരമായി പതിനായിരം രൂപയും കോടതി ചെലവിനത്തിൽ 2000 രൂപയും നൽകാൻ കമ്മീഷൻ ഉത്തരവിട്ടത്. ആഭരണം പൊട്ടിപോകില്ലെന്ന് ഉറപ്പു നൽകിയ സോഷ്യൽ മീഡിയ പരസ്യം 30 ദിവസത്തിനകം പിൻവലിക്കണമെന്നും അഡ്വ.എസ് മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ നിർദ്ദേശവും നൽകി.


Follow us on :

More in Related News