Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗ് നവംബർ 16ന്; ഒമ്പത് ചുണ്ടനുകൾ മത്സരിക്കും

09 Nov 2024 19:28 IST

CN Remya

Share News :

കോട്ടയം: കോട്ടയം താഴത്തങ്ങാടിയിൽ നവംബർ 16ന് നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ നെഹ്‌റുട്രോഫി ജലോത്സവ വിജയികളായ ഒമ്പത് ചുണ്ടൻ വള്ളങ്ങളും താഴത്തങ്ങാടി വള്ളംകളിയിൽ പതിനഞ്ചിലധികം ചെറുവള്ളങ്ങളും മത്സരിക്കും. സി.ബി.എൽ. മത്സരത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾ വിനോദസഞ്ചാരവകുപ്പ് ഒരുക്കും. ചുണ്ടൻ വള്ളങ്ങൾക്കുള്ള സമ്മാനവും മറ്റ് ആനുകൂല്യങ്ങൾക്കുള്ള തുകയും വകുപ്പ് നൽകും. 

ചാമ്പ്യൻസ് ബോട്ട് ലീഗും (സി.ബി.എൽ.) താഴത്തങ്ങാടി വള്ളംകളിയുമായും ബന്ധപ്പെട്ട് കളക്‌ട്രേറ്റിൽ നടന്ന ഉന്നതതല യോഗത്തിൽ സഹകരണ- തുറമുഖ- ദേവസ്വം വകുപ്പു മന്ത്രി വി. എൻ. വാസവൻ അധ്യക്ഷത വഹിച്ചു. വള്ളംകളി സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ യോഗം വിലയിരുത്തി. നദിയിലെ വള്ളംകളി ട്രാക്കിലും പാലങ്ങളിലും അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങൾ നീക്കുന്നതിന് നടപടി സ്വീകരിച്ചതായി ഇറിഗേഷൻ വകുപ്പ് യോഗത്തെ അറിയിച്ചു. വള്ളംകളിക്കുള്ള പൊലീസ് സുരക്ഷ വർധിപ്പിക്കും. 230 പൊലീസുകാരെ ഇതിനായി നിയോഗിക്കും. നാല് സ്പീഡ് ബോട്ടുകളും രണ്ട് മോട്ടോർ ബോട്ടുകളിലുമായി പൊലീസ് പെട്രോളിങ് നടത്തും. സ്റ്റാർട്ടിങ് പോയിന്റിലും ഫിനിഷിങ് പോയിന്റിലും കൂടുതൽ പൊലീസിനെ വിന്യസിച്ച് സുരക്ഷ ഉറപ്പാക്കാൻ മന്ത്രി ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. വള്ളംകളി ട്രാക്കിന്റെ ഭാഗത്ത് ചെറുവള്ളങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. ട്രാക്കിനെ തടസപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിച്ചാൽ പൊലീസ് കർശനനടപടി സ്വീകരിക്കും. അഗ്നിരക്ഷാസേനയുടെ വിപുലമായ സേവനം ലഭ്യമാക്കും.

തീരത്തുനിന്ന് നദിയിലേക്ക് വളർന്നുനിൽക്കുന്ന മരശിഖരങ്ങളും ചെടികളും വെട്ടിയൊതുക്കാൻ കോട്ടയം നഗരസഭ, തിരുവാർപ്പ് പഞ്ചായത്ത് എന്നിവയ്ക്ക് കളക്ടർ നിർദ്ദേശം നൽകി. ചെറുവള്ളങ്ങളുടെ മത്സരം കോട്ടയം വെസ്റ്റ് ക്ലബിന്റെ നേതൃത്വത്തിലുള്ള സംഘാടകസമിതിയാണ് സംഘടിപ്പിക്കുക. നിലവിൽ 15 ചെറുവള്ളങ്ങൾ രജിസ്റ്റർ ചെയ്തു. ചെറുവള്ളങ്ങളുടെ രജിസ്‌ട്രേഷൻ നവംബർ 12ന് സമാപിക്കും. ചെറുവള്ളങ്ങൾ ട്രാക്ക് തെറ്റിച്ച് മത്സരിച്ചാൽ അയോഗ്യരാക്കും.  

നവംബർ 16ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജലോത്സവം ആരംഭിക്കും. ചുണ്ടൻവള്ളങ്ങളുടെ മാസ്ഡ്രിൽ, കലാപരിപാടികൾ എന്നിവ നടക്കും. പ്രാദേശിക സമിതിയുടെ നേതൃത്വത്തിൽ പ്രചാരണത്തിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കും.

മന്ത്രി വി.എൻ. വാസവൻ ചെയർമാനും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. വർക്കിങ് ചെയർമാനും ജില്ലാ കളക്ടർ ജോൺ വി. സാമുവൽ കൺവീനറുമായി സി.ബി.എൽ. പ്രാദേശിക കമ്മറ്റി രൂപീകരിച്ചു. യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, വിനോദസഞ്ചാരവകുപ്പ് റീജണൽ ജോയിന്റ് ഡയറക്ടർ ടി. ജി. അഭിലാഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. എം. ബിന്നു, നഗരസഭാംഗങ്ങളായ എം. പി. സന്തോഷ് കുമാർ, ജിഷ ജോഷി, ഗ്രാമപഞ്ചായത്തംഗം കെ. എം. ഷൈനിമോൾ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ. കെ. പത്മകുമാർ, ഡി.റ്റി.പി.സി. സെക്രട്ടറി ആതിര സണ്ണി, കോട്ടയം വെസ്റ്റ് ക്ലബ് പ്രസിഡന്റ് കെ. ജി. കുര്യാച്ചൻ, സെക്രട്ടറി അനീഷ് കുമാർ, ചീഫ് കോ ഓർഡിനേറ്റർ പ്രൊഫ. കെ. സി. ജോർജ് താഴത്തങ്ങാടി, കോ ഓർഡിനേറ്റർമാരായ ലിയോ മാത്യു, സാജൻ പി. ജേക്കബ്, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ മനു കുര്യാക്കോസ്, ഡിവൈ.എസ്.പി.മാരായ കെ. ജി. അനീഷ്, ടിപ്‌സൺ തോമസ്, ജില്ലാ മാസ് മീഡിയ ഓഫീസർ ജെ. ഡോമി, അഗ്നിരക്ഷാസേന സ്‌റ്റേഷൻ ഓഫീസർ വിഷ്ണു മാധവ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Follow us on :

More in Related News