Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിനിലം-പശ്ചിമ- കുഴിമാവ് റോഡ് പരമാവധി വേഗത്തിൽ റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കും: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

25 Jun 2024 19:16 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


മുണ്ടക്കയം : കോരുത്തോട്, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏഴ് കിലോമീറ്ററിലധികം ദൂരം വരുന്നതുമായ കരിനിലം-പശ്ചിമ- കുഴിമാവ് റോഡ് റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മുൻപ് ഈ റോഡ് റീ ടാർ ചെയ്യുന്നതിന് 1 കോടി രൂപ ഫണ്ട് അനുവദിച്ചിരുന്നതാണ്. ഈ ഫണ്ട് വിനിയോഗിച്ച് റോഡ് പുനരുദ്ധാരണം നടത്തുന്നതിന് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ ഉറപ്പിച്ച് കെ. വി തോമസ്, കോതപ്ലാക്കൽ വീട് തെള്ളകം പി. ഓ കോട്ടയം എന്ന ഒരു കരാറുകാരൻ എഗ്രിമെന്റ് വച്ചിരുന്നതാണ്. എന്നാൽ ഈ കരാറുകാരൻ ഏതാനും പ്രവർത്തികൾ നടത്തുകയും പാർട്ട്‌ ബില്ല് മാറുകയും ചെയ്തു. പിന്നീട് ഈ കരാറുകാരൻ തുടർ പ്രവർത്തികൾ നടത്താതെ വളരെയധികം കാലവിളംബം വരുത്തുകയും ചെയ്തു.ഒരു നിലയിലും ഈ കരാറുകാരൻ പണി പൂർത്തീകരിക്കുകയില്ല എന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് കരാറുകാരനെ അയാളുടെ റിസ്ക് ആൻഡ് കോസ്റ്റിൽ കരാറിൽ നിന്നും ഒഴിവാക്കി. തുടർന്ന് നിരവധി തവണ വർക്ക് റീ ടെൻഡർ ചെയ്തുവെങ്കിലും ഒരു കോൺട്രാക്ടറും പ്രവർത്തി ഏറ്റെടുക്കാൻ മുന്നോട്ടു വന്നില്ല. ഇക്കാലയളവുകളിൽ കാലവർഷക്കെടുതിയും മറ്റും മൂലം റോഡ് കൂടുതലായി തകരാറിലാവുകയും ,മുൻപ് അനുവദിക്കപ്പെട്ടിരുന്ന ഒരു കോടി രൂപയിൽ അവശേഷിച്ചിരുന്ന അറുപത്തിയെട്ട് ലക്ഷം രൂപ കൊണ്ട് റോഡ് പുനരുദ്ധാരണം നടക്കുകയില്ല എന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഇക്കാര്യം പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് ചെയ്യുകയും തുടർന്ന് ചീഫ് എൻജിനീയറും, ചീഫ് ടെക്നിക്കൽ എക്സാമിനറും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ റോഡ് പരിശോധന നടത്തുകയും  റോഡിന് അധിക കേടുപാടുകൾ സംഭവിച്ചിട്ടുള്ളതിനാൽ തുക വർദ്ധിപ്പിച്ചു നൽകിയാൽ മാത്രമേ റോഡ് പുനരുദ്ധാരണം സാധ്യമാവുകയുള്ളൂ എന്ന് ബോധ്യപ്പെട്ട് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഒരുകോടി ഇരുപത്തി ഒന്ന് ലക്ഷത്തി അറുപത്തി ആറായിരം രൂപയുടെ പൂതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി പരിശോധനയും നടപടിക്രമങ്ങളും പാലിച്ച് ഗവൺമെന്റിൽ സമർപ്പിച്ചിരിക്കുകയാണ്. പരമാവധി വേഗത്തിൽ പ്രസ്തുത തുക അനുവദിപ്പിച്ച് ഭരണാനുമതി നേടിയെടുക്കാൻ ശ്രമിച്ചു വരികയാണെന്നും എംഎൽഎ അറിയിച്ചു. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഇപ്പോൾ ഫണ്ട് അനുവദിക്കുന്നതിന് ഏറ്റവും മുന്തിയ പ്രയോറിറ്റിയിൽ ആവശ്യപ്പെട്ടിരിക്കുന്നതും കരിനിലം-പശ്ചിമ-കുഴിമാവ് റോഡ് ആണെന്നും  എംഎൽഎ പറഞ്ഞു. മുൻപ് കരാറെടുത്ത വ്യക്തി വലിയ കാലവിളംബം വരുത്തിയതും,തുടർന്ന് അയാളെ നടപടിക്രമങ്ങൾ പാലിച്ച് കരാറിൽ നിന്നും ടെർമിനേറ്റ് ചെയ്യാൻ വന്ന താമസവും, പിന്നീട് നിരവധിതവണ ടെൻഡർ ക്ഷണിച്ചിട്ടും ആരും ക്വോട്ട് ചെയ്യാൻ തയ്യാറാകാതെ വന്നതും , പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലവിലിരുന്നതുമൂലം ഏതാനും മാസങ്ങൾ നടപടിക്രമങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നതും എല്ലാം മൂലമാണ് റീ ടാറിങ് നടത്താൻ കഴിയാതെ വന്നതെന്ന് എംഎൽഎ വിശദീകരിച്ചു. ഏറ്റവും മുന്തിയ പരിഗണനയും പ്രാധാന്യവും നൽകി പരമാവധി വേഗം ഈ റോഡ് ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുന്നതാണ്. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ 3 പൊതുമരാമത്ത് സെക്ഷൻ ഓഫീസുകൾക്ക് കീഴിലായി 630 കിലോമീറ്ററോളം പിഡബ്ല്യുഡി റോഡ് ഉള്ളതിൽ കഴിഞ്ഞ മൂന്നുവർഷം കൊണ്ട് ബഹുഭൂരിപക്ഷം റോഡുകളും റീ ടാർ ചെയ്ത ഗതാഗതയോഗ്യമാക്കാൻ കഴിഞ്ഞതായും 11 പുതിയ ബിഎം ആൻഡ് ബി സി റോഡുകളും നിയോജക മണ്ഡലത്തിൽ നിർമ്മിക്കാൻ കഴിഞ്ഞതായും എംഎൽഎ പറഞ്ഞു. വിവിധങ്ങളായ സാങ്കേതിക തടസ്സങ്ങൾ മൂലമാണ് കരിനിലം- പശ്ചിമ റോഡ് പുനരുദ്ധാരണത്തിന് താമസം നേരിട്ടത് എന്നും ഇപ്പോൾ അവയൊക്കെ പരിഹരിച്ച് പുതുക്കിയ എസ്റ്റിമേറ്റും പ്രോജക്ടും ഭരണാനുമതി ലഭ്യമാകുന്നതിന് വേണ്ടി ഗവൺമെന്റിൽ സമർപ്പിച്ചിട്ടുണ്ടെന്നും പരമാവധി വേഗത്തിൽ ഭരണാനുമതി നേടിയെടുക്കാൻ ശ്രമിക്കുകയാണെന്നും എംഎൽഎ പറഞ്ഞു.

Follow us on :

More in Related News