Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാഞ്ഞിരപ്പള്ളി രൂപതാദിനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

08 May 2024 19:28 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം, നേതൃസംഗമം, ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ എന്നിവയ്ക്കായി എരുമേലി ഫൊറോന ഒരുങ്ങിയതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


 കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പ്പത്തിയേഴാമത് രൂപതാദിനാഘോഷത്തിനാണ് എരുമേലി ഫൊറോന പള്ളി വേദിയാകുന്നത്. 1977 ലാണ് ചങ്ങനാശ്ശേരി അതിരൂപതയുടെ കിഴക്കൻ മേഖല വിഭജിച്ച് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമാകുന്നത്. നാല്പത്തിയേഴാമത് രൂപതാദിനാചരണ പ്രതിനിധി സംഗമദിനമായ മെയ് 13 ന് രാവിലെ 9.30ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന പരിശുദ്ധ കുര്‍ബാനയില്‍ രൂപതയിലെ വൈദിക സമൂഹം, സന്യസ്തര്‍, വിവിധ തലങ്ങളിലുള്ള പ്രതിനിധികള്‍ എന്നിവര്‍ പങ്കുചേരും. തുടര്‍ന്ന് നടത്തപ്പെടുന്ന പ്രതിനിധി സമ്മേളനത്തില്‍ ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യാതിഥിയായിരിക്കും. മാര്‍ മാത്യു അറയ്ക്കല്‍ സന്ദേശം നല്‍കും. രൂപതയിലെ വിശ്വാസിസമൂഹത്തെ പ്രതിനിധീകരിച്ചെത്തുന്ന വൈദികര്‍, സന്യസ്തര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും രൂപതാതല ഭാരവാഹികള്‍, ഇടവകകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ എന്നിവരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സുവര്‍ണ്ണ ജൂബിലിക്കൊരുങ്ങുന്ന കാഞ്ഞിരപ്പള്ളി രൂപതയില്‍ കുടുംബവര്‍ഷമായി പ്രഖ്യാപിച്ച് നടപ്പിലാക്കപ്പെട്ട കര്‍മ്മപദ്ധതികളുടെ പൂര്‍ത്തീകരണവും അടുത്തവര്‍ഷത്തെ പദ്ധതികളുടെ പ്രഖ്യാപനവും രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വ്വഹിക്കും.


രൂപതാദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ മെയ് 12, രാവിലെ ഒൻപതിന് പരിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് മൂന്നുമണിയോടെ സമാപിക്കും. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ.ബിനോയി കരിമരുതുങ്കലാണ് വിചിന്തനങ്ങള്‍ പങ്കുവയ്ക്കുന്നത്.


മെയ് 12 നടത്തപ്പെടുന്ന എരുമേലി ഫൊറോനയിലെ ഇടവകകളില്‍ നിന്നുമുള്ള പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബക്കൂട്ടായ്മ ലീഡര്‍മാര്‍ എന്നിവരുടെ സംഗമം രാവിലെ ഒൻപതിന് പരിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് ഉച്ചയ്ക്ക് സമാപിക്കും. കോട്ടയം പൗരസ്ത്യവിദ്യാപീഠം സഭാനിയമ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ജോസഫ് കടുപ്പില്‍. . ഷാജി വൈക്കത്തുപറമ്പില്‍ എന്നിവര്‍ നേതൃസംഗമം നയിക്കും.


രൂപതാദിനത്തോടനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ക്കായി എരുമേലി ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നുമുള്ള 150 അംഗ വോളണ്ടിയര്‍ ടീം പരിശീലനം പൂര്‍ത്തിയാക്കി സജീവമായി പ്രവര്‍ത്തിക്കുന്നു.


രൂപതാദിനത്തിനൊരുക്കമായി എരുമേലി ഫോറോനയിലെ ഇടവകകളിലെ ഭവനങ്ങളില്‍ രൂപതയിലെ വൈദിക വിദ്യാര്‍ത്ഥികളും ഹോം മിഷന്റെ ഭാഗമായി സന്യാസിനികളും സന്ദര്‍ശനം പൂര്‍ത്തിയാക്കി.

എരുമേലിയില്‍ നടത്തപ്പെട്ട പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനറും ഫൊറോന വികാരിയുമായ ഫാ. വര്‍ഗീസ് പുതുപ്പറമ്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.ജൂബി മാത്യു, പബ്ലിസിറ്റി കണ്‍വീനര്‍ ഫാ. തോമസ് പാലയ്ക്കല്‍, രൂപത മാതൃവേദി ട്രഷറര്‍ ലൗലി പൈകട, രൂപത പാസ്റ്ററല്‍ ആനിമേഷന്‍ ഡയറക്ടര്‍ ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ പങ്കെടുത്തു.


പാര്‍ക്കിംഗ്:


കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങള്‍ ശബരി ഓഡിറ്റോറിയത്തിന്റെ പ്രവേശനകവാടത്തിലൂടെയും എരുമേലി ടൗണ്‍ ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങള്‍ എരുമേലി ഫൊറോന പള്ളിയുടെ പ്രവേശനകവാടത്തിലൂടെയുമാണ് പ്രവേശിക്കേണ്ടത്. സ്‌കൂള്‍ ഗ്രൗണ്ട്, ശബരി ഓഡിറ്റോറിയം ഗ്രൗണ്ട്, നിര്‍മ്മല സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് പാര്‍ക്കിംഗ് ക്രമീകരിച്ചിരിക്കുന്നത്.

Follow us on :

More in Related News