Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2024 11:45 IST
Share News :
കാഞ്ഞാര്‍: ആരവങ്ങളില്ലാത്ത ലോകത്തേയ്ക്ക് വിടവാങ്ങി കബീര്‍. നാല്‍പ്പത് വര്‍ഷം കാഞ്ഞാറുകാരുടെ കബീറണ്ണന്‍ ആയി വോളിബോള്‍ കോര്‍ട്ടില്‍ നിറഞ്ഞു നിന്നിരുന്ന മണക്കണ്ടതില്‍ കബീറിന്റെ വിടവാങ്ങല്‍ കായിക ലോകത്തെ ദുഃഖത്തിലാഴ്ത്തി. കിടിലന്‍ സ്മാഷുകളുമായി കളം നിറഞ്ഞിരുന്ന കബീര്‍ ഒരുകാലത്ത് ജില്ലാ , സംസ്ഥാന ടീമുകളിലെ മിന്നും താരമായിരുന്നു. 1982 ലാണ് കബീര്‍ വോളി ബോള്‍ കോര്‍ട്ടിലേക്ക് ഇറങ്ങുന്നത്. വീടിന് സമീപത്തായി നിരവധി് വോളിബോള്‍ കോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചേട്ടന്‍മാര്‍ കളിക്കുന്നത് കണ്ട് കബീറിനും താത്പര്യമായി. കളിച്ചുതുടങ്ങി. പിന്നീടാണ് വോളി ബോള്‍ ക്യാമ്പുകളില്‍ പങ്കെടുക്കുന്നത്. അതെല്ലാം വഴിത്തിരിവായി. കബീറിന്റെ പ്രതിഭ കണ്ട് അഖിലേന്ത്യാ വോളിബോള്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന കെ.ജി.ഗോപാല കൃഷ്ണന്‍ നല്ല പിന്തുണ നല്‍കി. മൂന്നുവര്‍ഷം കൊണ്ട് ജില്ലാ , സംസ്ഥാന ടീമുകളില്‍ ഇടംനേടി. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് മൈതാനത്ത് നടന്ന ദേശീയ വോളിബോള്‍ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചു കളിച്ചു. അതുമാത്രമല്ല വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി നാടായ നാടൊക്കെ ഓടി നടന്നു വോളിബോള്‍ കളിച്ചു വിജയിച്ചു . അറ്റാക്കിങ്, ഡിഫന്‍സ്, ജമ്പ് ആന്‍ഡ് സര്‍വീസ് അങ്ങനെ കോര്‍ട്ടില്‍ ഓള്‍ റൗണ്ടായി നിറഞ്ഞു നിന്നു. തൊള്ളായിരത്തോളം ട്രോഫികളാണ് വാരിക്കൂട്ടിയത്. കൂടുതലും കാഞ്ഞാര്‍ വിജിലന്റ് ക്ലബ്ബിനെ പ്രതിനിധീകരിച്ചാണ് അദ്ദേഹം കളിച്ചത്. അന്ന് ശ്രമിച്ചിരുന്നെങ്കില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സര്‍ക്കാര്‍ ജോലി കിട്ടുമായിരുന്നു. എന്നാല്‍ , കളി തലയ്ക്ക് പിടിച്ചു നടന്നപ്പോള്‍ കബീര്‍ അക്കാര്യം അന്ന് ശ്രദ്ധിച്ചില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. വിജിലന്റ് ക്ലബിലെ സജീവ അംഗമായിരുന്ന കബീര്‍ കുട്ടികളെ വോളിബോള്‍ പരിശീലിപ്പിച്ചിരുന്നു. കാഞ്ഞാര്‍ , അറക്കുളം മേഖലകളില്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ വോളിബോള്‍ എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് കബീറിനെയാണ്. ഭാര്യ ഫസീല. മകള്‍ റിയ
Follow us on :
More in Related News
Please select your location.