Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Oct 2024 19:55 IST
Share News :
കടുത്തുരുത്തി :സമഗ്ര ട്രോമ കെയർ സംവിധാനം എല്ലാ ജില്ലകളിലും യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ കൂടി ട്രോമ കെയർ സംവിധാനം ഒരുക്കി വരുന്നു. നിലവിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ ലെവൽ 1 ട്രോമ കെയർ സംവിധാനവും കൊല്ലം, എറണാകുളം, മഞ്ചേരി മെഡിക്കൽ കോളേജുകളിൽ ലെവൽ 2 ട്രോമ കെയർ സംവിധാനവുമാണുള്ളത്. ഇടുക്കി, വയനാട്, പത്തനംതിട്ട, കാസർകോട് മെഡിക്കൽ കോളേജുകളിൽ ലെവൽ 2 സംവിധാനം ഒരുക്കാനുമുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഇതുകൂടാതെ ദേശീയ പാതയോടും സംസ്ഥാന പാതയോടും ചേർന്നുള്ള ആരോഗ്യ വകുപ്പിന് കീഴിലുള്ള 52 തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലും ട്രോമ കെയർ സംവിധാനമൊരുക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
അപകടം സംഭവിച്ചാൽ ആദ്യത്തെ മണിക്കൂറുകൾ വളരെ പ്രധാനമാണ്. ആ നിമിഷങ്ങളിൽ അടിയന്തര ചികിത്സ ലഭ്യമാക്കാനായി സൗകര്യമൊരുക്കാനുള്ള പദ്ധതിയാണ് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങൾ കണ്ടെത്തി ബ്ലാക്ക് സ്‌പോട്ടുകൾ നിശ്ചയിച്ച് കനിവ് 108 ആംബുലൻസുകൾ പുന:വിന്യസിച്ചു. അപകടത്തിൽ പെടുന്നവർക്ക് വേഗത്തിൽ പ്രാഥമിക ചികിത്സ ലഭ്യമാക്കാനായി സംസ്ഥാന പാതയോടും ദേശീയ പാതയോടും ബന്ധിപ്പിച്ച് പ്രധാന ആശുപത്രികളിൽ ട്രോമകെയർ സംവിധാനമൊരുക്കി വരുന്നു. ഒരു രോഗിയെ ആ ആശുപത്രിയിൽ നിന്നും മറ്റൊരു ഉയർന്ന ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതിന് റഫറൽ മാർഗനിർദേശങ്ങശും പുറത്തിറക്കി. റഫറൽ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
മെഡിക്കൽ കോളേജുകളിൽ ട്രോമ കെയർ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആദ്യമായി എമർജൻസി മെഡിസിൻ വിഭാഗം ആരംഭിച്ചു. അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റെസിഡന്റ് തസ്തികൾ ഉൾപ്പെടെ സൃഷ്ടിച്ചു. മെഡിക്കൽ കോളേജുകളിലെ അത്യാഹിത വിഭാഗത്തിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ ക്വാളിറ്റി മാനേജ്‌മെന്റ് ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തെ കേന്ദ്ര സർക്കാർ സെന്റർ ഓഫ് എക്‌സലൻസ് ആയി ഉയർത്താൻ തീരുമാനിച്ചു. അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി ആയോഗ് - ഐസിഎംആർ തെരഞ്ഞടുക്കുന്ന രാജ്യത്തെ 5 മെഡിക്കൽ കോളേജുകളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജും ഉൾപ്പെട്ടത്.
മികച്ച ട്രോമകെയറിന് മികച്ച പരിശീലനം ഏറ്റവും അത്യാവശ്യമാണ്. ഒരാൾ അപകടത്തിൽപ്പെട്ടാൽ ഗോൾഡൻ അവറിനുള്ളിൽ അയാളെ രക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അതിന് വിദഗ്ധ പരിശീലനം ആവശ്യമാണ്. ഇത് മുന്നിൽ കണ്ട് ആരോഗ്യ പ്രവർത്തകരെ പരിശീലിപ്പിക്കുന്നതിനായി അപെക്‌സ് ട്രോമ ആൻഡ് എമർജൻസി ലേണിഗ് സെന്റർ (എടിഇഎൽസി) സ്ഥാപിച്ചു. ഇതിനോടകം 25,000ലധികം ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.