Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Nov 2024 13:27 IST
Share News :
കട്ടപ്പന: സുപ്രീം കോടതിയുടെ വിലക്ക് നിലനില്‍ക്കെ ആനവിലാസം വില്ലേജിലെ കെ. ചപ്പാത്തില്‍ നടക്കുന്ന അനധികൃത നിര്‍മാണത്തില്‍ ഒളിച്ചുകളിച്ച് റവന്യൂ വകുപ്പും പോലീസും. സി.എച്ച്.ആര്‍ കേസില്‍ ആനവിലാസം ഉള്‍പ്പെടെയുള്ള വില്ലേജുകളില്‍ വാണിജ്യ നിര്‍മാണം നടത്തരുതെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കെയാണ് കെ. ചപ്പാത്തില്‍ ബഹുനില വാണിജ്യ കെട്ടിട നിര്‍മാണം പുരോഗമിക്കുന്നത്.
അനധികൃത നിര്‍മാണത്തിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടും മാധ്യമ വാര്‍ത്തകള്‍ അടക്കം പുറത്തു വന്നിട്ടും നിര്‍മാണം തടയാന്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. പേരിന് സ്റ്റോപ്പ് മെമ്മോ നല്‍കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും മാത്രമാണ് റവന്യൂ വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.
ചപ്പാത്തില്‍ നടക്കുന്ന ബഹുനില കെട്ടിട നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ഏലപ്പാറ പഞ്ചായത്ത് കമ്മിറ്റി വില്ലേജ് ഓഫീസര്‍ക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടെന്ന അലസമായ ന്യായം പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു.
നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് ഉപ്പുതറ പോലീസ് എസ്.എച്്.ഒയ്ക്ക് കത്ത് നല്‍കിയെന്നാണ് വിഷയത്തില്‍ എല്‍.ആര്‍ തഹസില്‍ദാരുടെ പക്ഷം. എന്നാല്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതായി അറിയിച്ചെങ്കിലും തുടര്‍ നിര്‍മാണം തടയാന്‍ പോലീസിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് എസ്.എച്ച്.ഒ വിശദമാക്കുന്നത്.
നിര്‍മാണം ആര് തടയുമെന്ന് പോലീസും റവന്യൂ വകുപ്പും തമ്മില്‍ തര്‍ക്കം നിലനില്‍ക്കെ ചപ്പാത്തില്‍ രണ്ട് സ്വകാര്യ വ്യക്തികള്‍ തങ്ങളുടെ കെട്ടിടങ്ങളുടെ പണികള്‍ അവസാന ഘട്ടത്തിലെത്തിച്ചിരിക്കുകയാണ്.
മലയോര ഹൈവേ നിര്‍മാണത്തിന്റെ മറവിലാണ് സി.പി.എം. ഭരിക്കുന്ന അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ കെ. ചപ്പാത്തില്‍ അനധികൃത നിര്‍മാണം ആരംഭിച്ചത്. പെരിയാര്‍ നദിയുടെ ഭാഗമായ ചതുപ്പ് വകഞ്ഞെടുത്താണ് ഒരു കെട്ടിടം പടുത്തുയര്‍ത്തിയിരിക്കുന്നത്.
കഴിഞ്ഞ മഴയില്‍ ഉള്‍പ്പെടെ ഈ കെട്ടിടങ്ങള്‍ പണിയുന്ന ഭാഗത്ത് ഒരാള്‍ പൊക്കത്തില്‍ വെള്ളം ഉയര്‍ന്നതാണ്. ഇത്തരം സാഹചര്യം നിലനില്‍ക്കെയാണ് അനധികൃത നിര്‍മാണത്തിന് പരസ്പരം പഴിചാരി പോലീസും റവന്യൂ വകുപ്പും കുട പിടിക്കുന്നത്
Follow us on :
More in Related News
Please select your location.