Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദേശത്തേക്ക് മനുഷ്യക്കടത്ത്: തട്ടിപ്പു സംഘങ്ങളുടെ വലയിൽ അകപ്പെട്ട് നിരവധി യുവാക്കൾ

13 Oct 2024 11:55 IST

- ജേർണലിസ്റ്റ്

Share News :

ഇടുക്കി: വിദേശ മോഹവുമായി കഴിയുന്ന യുവാക്കളെ മനുഷ്യകടത്തു സംഘങ്ങൾ വ്യാപകമായ തോതിൽ വലയിലാക്കുന്നതായുള്ള പരാതി പ്രളയം. സൗദി, കമ്പോഡിയ, മാൾട്ട, വിയറ്റ്നാം, ഇസ്രയേൽ, ലിത്വാനിയ, പാേളണ്ട്, ദുബായ്, കുവെെറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ജോലിക്കുള്ള വിസ നൽകാമെന്ന് പറഞ്ഞ് കബളിപ്പിക്കുന്നത്. ഇത്തരത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 15 ആളുകളെ കടത്തിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം കൊല്ലം സ്വദേശികളായ മൂവർ സംഘത്തെ അടിമാലി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. അടിമാലി സ്വദേശി ഷാജഹാന്റെ പരാതിയെ തുടർന്നാണ് സജീദ്, മുഹമ്മദ് ഷാ, അൻഷാദ് എന്നിവരെ അറസ്റ്റ് ചെയ്തത്. മാൾട്ടയിലേക്ക് നാലുലക്ഷം രൂപ മാത്രം മുടക്കി ജോലി ലഭിക്കും എന്നു പറഞ്ഞു വിശ്വസിപ്പിച്ച് എറണാകുളം, ഇടുക്കി ജില്ലകൾ കേന്ദ്രീകരിച്ച് വൻതോതിൽ തട്ടിപ്പ് നടക്കുന്നതായി പരാതിയുണ്ട്. സുപരിചിതനായ ഒരു വൈദികന്റെ നേതൃത്വത്തിൽ നിരവധി ആളുകളിൽ നിന്നും ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം രൂപ വരെ വാങ്ങിയിട്ടുള്ളതായും ആക്ഷേപം ഉയർന്നു. പണം നൽകിയിട്ടും മാസങ്ങൾക്ക് ശേഷവും ജോലി ലഭിക്കാതിരുന്ന നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇങ്ങനെയുള്ള ഘട്ടങ്ങളിൽ പ്രോസസിങ് ചാർജ് എന്ന നിലയിൽ 60,000 മുതൽ ₹1 ലക്ഷം രൂപ വരെ പിടിച്ച ശേഷം ബാക്കി പണം മടക്കി നൽകി നിയമക്കുരുകളിൽ നിന്നും രക്ഷപ്പെടുന്ന രീതിയാണ് പല ഏജൻസികളും കൈക്കൊള്ളുന്നത്. ജോലിക്കായി പണം നൽകുന്നവർക്ക് സാമ്പത്തിക പ്രാരാബ്ദം ഉള്ളതിനാൽ കേസിന് പിന്നാലെ പോകില്ലെന്ന വിശ്വാസത്തിലാണ് തട്ടിപ്പ് സംഘങ്ങൾ തടിച്ചു കൊടുക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് സമാന രീതിയിൽ പണം വാങ്ങിയ വൈദികൻ മാങ്കുളം സ്വദേശിനി യുവതിയെ കബളിപ്പിച്ചതോടെ മറ്റൊരു കേസിലെ പ്രതിയായിരുന്ന ഭർത്താവ്, ലോറി ഇടിച്ച് താങ്കളെ കൊലപ്പെടുത്തിയ ശേഷം ജയിലിൽ പോകുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തിരികെ വാങ്ങിയത്. കോതമംഗലം കേന്ദ്രീകരിച്ചുള്ള സണ്ണി എന്നയാൾക്കെതിരെ നൂറുകണക്കിന് ആളുകളാണ് പരാതിയുമായി രംഗത്തെത്തുന്നത്. ലിത്ത് വാനിയ, പോളണ്ട്, ദുബായ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആളുകളെ ജോലിക്ക് അയക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 3 ലക്ഷം മുതൽ 8 ലക്ഷം വരെ വാങ്ങിയിട്ടുണ്ട്. 150ലധികം ആളുകൾ ഇയാളുടെ ചതിയിൽ പെട്ടതായാണ് സൂചന. പോലീസിൽ ഇത് സംബന്ധിച്ച് പരാതിയുണ്ടെങ്കിലും തട്ടിപ്പിന് ശേഷം വിദേശത്തേക്ക് മുങ്ങിയ സണ്ണിയെ ഇതുവരെ പിടികൂടാൻ ആയിട്ടില്ല. ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന മുരിക്കാശ്ശേരി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പ് നടത്തുന്നവർ പോലീസ് പിടിയിലായാൽ തങ്ങൾ നൽകിയ തുക തിരികെ ലഭിക്കില്ലെന്നുള്ള ഭീഷണിയെ തുടർന്നും നൂറുകണക്കിനാളുകൾ രേഖാമൂലം പരാതി നൽകാതെ പിൻവാങ്ങുന്നുണ്ട്. അടുത്തകാലത്തായി ലക്ഷക്കണക്കിന് യുവാക്കളാണ് പ്ലസ് ടു പഠനത്തിനുശേഷം വിദേശരാജ്യങ്ങളിലേക്ക് ചേക്കേറിയിട്ടുള്ളത്. പല ഏജൻസികളും വാക്കുപാലിച്ച് തങ്ങളുടെ സേവനത്തിൽ കൃത്യത ഉറപ്പുവരുത്തുന്നുണ്ട്. പക്ഷേ തട്ടിപ്പുകാരായ ഏജൻ്റുമാരുടെ വലയിൽ കുടുങ്ങുന്നവരുടെ എണ്ണം വർധിച്ചതോടെ കൃത്യമായ സേവനം ചെയ്യുന്ന ഏജൻസികളുടെ പ്രവർത്തനത്തെയും ബാധിച്ചതായി ഇവർ പറയുന്നു.


വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പുകളും സജീവമാണ്. കേരളത്തിൽ നിന്നും ജോലിക്കെന്നപേരിൽ കൊണ്ടുപോകുന്ന ആളുകളെയാണ് ഭീഷണിയിലൂടെ ഇത്തരം തട്ടിപ്പ് ജോലികൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.

വിയറ്റ്നാമിലേക്ക് കൊണ്ടുപോകുന്നവർക്ക് ജോലി ലഭിക്കാതെയാകുന്നതോടെ ചെെനക്കാർ അടക്കമുള്ള ഇടനില ഏജൻസികൾക്ക് ചെറിയ തുകയ്ക്ക് വിൽക്കുന്ന രീതിയുണ്ട്. ഇവരാണ് ഓൺലൈൻ തട്ടിപ്പ് ജോലിക്ക് ഉദ്യോഗാർത്ഥികളെ നിയോഗിക്കുന്നത്. ഓൺലൈൻ തട്ടിപ്പിലൂടെ പണം ലഭിച്ചാൽ മാത്രം ഇവർക്ക് ശമ്പളം ഇനത്തിൽ വിഹിതം നൽകും. അല്ലാത്ത ആളുകളെ തടവിലാക്കി പീഡിപ്പിക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൃത്യമായ അന്വേഷണം നടത്തി അംഗീകൃത ഏജൻസികൾ മുഖേന മാത്രമേ വിദേശ ജോലികൾക്കായി പണം നൽകാവൂ എന്ന് അധികൃതർ ആവർത്തിച്ചു പറയുന്നു. 

Follow us on :

More in Related News