Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം മണർകാട് പള്ളിയിലെ ചരിത്ര പ്രസിദ്ധമായ റാസ ഭക്തിസാന്ദ്രമായി

06 Sep 2024 23:51 IST

CN Remya

Share News :

കോട്ടയം: ദേശവഴികളെ ഭക്തിനിർഭരമാക്കി കോട്ടയം മണർകാട് പള്ളിയിലെ ചരിത്ര പ്രസിദ്ധമായ റാസ. ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്ര കൂടിയായ കോട്ടയം മണർകാട് പള്ളിയിലെ എട്ട് നോമ്പാചരണത്തോടനുബന്ധിച്ചുള്ള റാസയിൽ അണിനിരന്ന് വിശ്വാസ സമൂഹം. ആയിരക്കണക്കിന് വിശ്വാസികളാണ്  മുത്തുക്കുടകളും, പൊൻ-വെള്ളിക്കുരിശുകളും, കൊടികളും വെട്ടുക്കുടകളുമായി റാസയിൽ പങ്കു ചേർന്നത്.

വൈദീകർ പ്രാർഥനകൾക്ക് ശേഷം പള്ളിയിലെയും, കൽക്കുരിശിലെ ധൂപപ്രാർഥനയ്ക്കും ശേഷം റാസയിൽ അണിചേർന്നു. കണിയാംകുന്ന്, മണർകാട് കവല എന്നിവിടങ്ങളിലെ കുരിശിൻ തൊട്ടികളും കരോട്ടെ പള്ളിയും ചുറ്റി മൂന്നര കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് റാസ തിരികെ വലിയ പള്ളിയിലെത്തിയത്.

ദേശവഴികളിൽ കാത്തുനിന്ന വിശ്വാസ സമൂഹത്തിൽ വാഴ്‌വുകൾ നൽകി വൈദീകർ വൈകുന്നേരം അഞ്ചു മണിയോടെയാണ് തിരികെ ദേവാലയത്തിൽ എത്തിയത്. കുരിശുപള്ളികളിലും കരോട്ടെ പള്ളിയിലും പ്രത്യേക ധൂപപ്രാർഥനയും വൈദീകരുടെ നേതൃത്വത്തിൽ നടന്നു.

എട്ടു നോമ്പിൻ്റെ ഏഴാം നാളായ നാളെയാണ് മണർകാട് പള്ളിയിലെ നടതുറക്കൽ നടക്കുക. ശനിയാഴ്ച രാവിലെ 11.30ന് ഉച്ചനമസ്‌കാരത്തെ തുടർന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സാന്നിധ്യത്തിൽ നടതുറക്കൽ ശുശ്രൂഷ നടക്കുക.

കത്തീഡ്രലിന്റെ പ്രധാന മദ്ബഹായിലെ ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കൽ ശുശ്രൂഷ. തുടർന്ന് കറിനേർച്ചയ്ക്കുള്ള പന്തിരുനാഴി ഘോഷയാത്ര. വൈകിട്ട് 7.30ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം. 8.45ന് ആകാശവിസ്മയം. 10ന് പരിചമുട്ടുകളി, മാർഗം കളി. രാത്രി 12ന് ശേഷം കറിനേർച്ച വിതരണം. പ്രധാന പെരുന്നാൾ ദിനമായ സെപ്റ്റംബർ എട്ടിന് മൂന്നിന്മേൽ കുർബാന എന്നിവയോടെ നോമ്പാചരണത്തിന് സമാപനമാകും. സ്ലീബാ പെരുന്നാൾ ദിനമായ സെപ്തംബർ 14ന് വൈകിട്ട് അ‍ഞ്ചിന് സന്ധ്യാ പ്രാർഥനയോടെ നട അടയ്ക്കും.

Follow us on :

More in Related News