Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സര്‍ക്കാര്‍ കുടിവെള്ളമായ ഹില്ലി അക്വ ഇനി കടല്‍ കടക്കും

06 Oct 2024 20:30 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ: സര്‍ക്കാര്‍ നേരിട്ട് ഉല്‍പ്പാദിപ്പിക്കുന്ന കുപ്പിവെള്ളമായ ഹില്ലി അക്വ ഇനി വിദേശത്തയ്ക്കും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഗള്‍ഫ് നാടുകളിലേക്ക് ഹില്ലി അക്വ കുപ്പിവെള്ളം കയറ്റി അയച്ചു തുടങ്ങും. ഇതിനായി ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനും കയറ്റുമതി കമ്പനിയുമായുള്ള മൂന്ന് വര്‍ഷ കരാറില്‍ ഒപ്പു വച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ കമ്പനി പ്രതിനിധികള്‍ക്ക് കരാര്‍ കൈമാറി. മൂന്നു വര്‍ഷമാണ് കരാര്‍ കാലാവധി.


ദക്ഷിണേന്ത്യയില്‍ നിന്നാദ്യം


ദക്ഷിണേന്ത്യയില്‍ നിന്നും ആദ്യമായാണ് ഒരു കമ്പനി ഗള്‍ഫ് നാടുകളിലേക്ക് കുപ്പിവെള്ളം കയറ്റി അയയ്ക്കുന്നത്. അര ലിറ്റര്‍ മുതല്‍ 20 ലിറ്റര്‍ വരെയുള്ള കുപ്പികളിലും കാനുകളിലുമുള്ള വെള്ളമാണ് കയറ്റി അയയ്ക്കുന്നത്. അരുവിക്കരയിലെ പ്ലാന്റില്‍ നിന്നും കാനുകളിലെ വെള്ളവും മലങ്കരയിലെ പ്ലാന്റില്‍ നിന്നും കുപ്പികളിലെ വെള്ളവുമാണ് കയറ്റിയയ്ക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഒരു കണ്ടെയ്നര്‍ വെള്ളം കയറ്റിയയ്ക്കും. മാസം 30 മുതല്‍ നാല്‍പ്പത് ലക്ഷം രൂപയുടെ കുപ്പിവെള്ളം ആദ്യഘട്ടത്തില്‍ കയറ്റി അയയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പിന്നീട് ഗള്‍ഫ് വിപണിയുടെ സാധ്യതകള്‍ കൂടുതല്‍ മനസിലാക്കിയ ശേഷം ദിവസേന 15,000 ലിറ്റര്‍ കുപ്പിവെള്ളം കയറ്റുമതി ചെയ്യുന്നതിലൂടെ 30 ശതമാനം വരെ അധിക ലാഭമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി ഉത്പ്പാദനവും വര്‍ധിപ്പിക്കും.


തുടക്കം ഗ്ലോബല്‍ ട്രാവല്‍ മീറ്റില്‍ നിന്നും


വിദേശ രാജ്യത്തേയ്ക്ക് ഹില്ലി അക്വ കയറ്റി അയയ്ക്കുന്നതിനുള്ള നടപടി തുടങ്ങിയത് മാസങ്ങള്‍ക്ക് മുന്‍പ് തിരുവന്തപുരത്ത് നടന്ന ഗ്ലോബല്‍ ട്രാവല്‍ മീറ്റിലാണ്. ഇവിടെ ഹില്ലി അക്വയുടെ സ്റ്റാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെയെത്തിയ ദുബായ് ആസ്ഥാനമായ എക്സ്പോര്‍ട്ടിംഗ് കമ്പനിയായ ആരോഹണ ജനറല്‍ ട്രേഡിങ് എല്‍.എല്‍.സി കുപ്പിവെള്ളം കയറ്റി അയയ്ക്കാനുള്ള താത്പര്യം ജല വിഭവ വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ നടപടികള്‍ വേഗത്തിലാക്കി. കയറ്റുമതിക്ക് വേണ്ട ലൈസന്‍സായ ഇമ്പോര്‍ട്ട്എക്പോര്‍ട്ട് കോഡ് നേടി. ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ ആദ്യം വീഡിയോ കോണ്‍ഫറന്‍സിലൂടെ കൂടിക്കാഴ്ചയും പിന്നീട് ഹില്ലി അക്വയുടെ മലങ്കരയിലെ പ്ലാന്റിലെത്തി പരിശോധനയും നടത്തി. ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം രേഖകള്‍ പരിശോധിച്ചു. പ്രകൃതിദത്തമായി ലഭിക്കുന്ന കുടിവെള്ളത്തിന്റെ ഗുണമേന്‍മ നേരിട്ടറിഞ്ഞ ഇവര്‍ കയറ്റുമതിക്ക് അനുമതി നല്‍കുകയായിരുന്നു. 


ശുദ്ധീകരിച്ച കടല്‍വെള്ളത്തിന് പകരം ഇനി പ്രകൃതിദത്തം


ഗള്‍ഫ് നാടുകളില്‍ കടല്‍ വെള്ളം ശുദ്ധീകരിച്ചാണ് കുപ്പിവെള്ളം നിര്‍മിക്കുന്നത്. കേരളത്തില്‍ നിന്നുള്ള പ്രകൃതിദത്ത കുടിവെള്ളത്തിന്റെ രുചിയും ഗുണവും അവിടെ വിപണി കീഴടക്കുമെന്നാണ് പ്രതീക്ഷ. പ്രധാനമായും ഗള്‍ഫ് മലയാളികളെയാണ് ലക്ഷ്യമിടുന്നത്.

 ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് (കിഡ്ക്) ഹില്ലി അക്വ നിര്‍മിച്ച് വിതരണം നടത്തുന്നത്. തൊടുപുഴ മലങ്കരയിലും തിരുവനന്തപുരം അരുവിക്കരയിലുമുള്ള ഡാമുകളിലെ വെള്ളം ഉപയോഗിച്ച് ഇവിടങ്ങളിലെ പ്ലാന്റിലാണ് ഉത്പ്പാദനം. വിപണിയില്‍ മറ്റ് കമ്പനികളുടെ കുപ്പിവെള്ളത്തിന് ലിറ്ററിന് 20 രൂപയുള്ളപ്പോള്‍ ഹില്ലി അക്വക്ക് 15 രൂപ മാത്രമേയുള്ളു.


റേഷന്‍ കടകളിലും റെയില്‍വേ സ്റ്റേഷനുകളിലും


സുജലം പദ്ധതിയിലൂടെ റേഷന്‍ കടകളിലൂടെയും മറ്റും 10 രൂപയ്ക്കും കുപ്പിവെള്ളം നല്‍കുന്നുണ്ട്. ഇതിനു പുറമെ റെയില്‍വേ സ്റ്റേഷനുകളിലും കുപ്പിവെള്ള വില്‍പ്പന നടന്നു വരുന്നുണ്ട്. ഗുണമേന്‍മയും കൃത്യമായ വിപണി തന്ത്രങ്ങളും ഒത്തു ചേര്‍ന്നപ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വില്‍പ്പനയില്‍ വലിയ വളര്‍ച്ചയുണ്ടായി. കയറ്റുമതി സജീവമാകുന്നതോടെ കൂടുതല്‍ വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സീനിയര്‍ ജനറല്‍ മാനേജര്‍ വി.സജി പറഞ്ഞു.


Follow us on :

More in Related News