Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2024 07:49 IST
Share News :
ഈരാറ്റുപേട്ട: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും,യാത്ര സുഗമമാക്കുന്നതിനും ഉദ്ദേശിച്ച് വിഭാവനം ചെയ്തിട്ടുള്ള പുതിയ ഈരാറ്റുപേട്ട ബൈപ്പാസിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് ഗവൺമെന്റ് അനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഈരാറ്റുപേട്ട എം.ഇ.എസ് കവലയിൽ നിന്നും ആരംഭിച്ച് പുത്തൻപള്ളിക്ക് സമീപം തടവനാൽ പാലത്തിലൂടെ കടന്ന് ഈരാറ്റുപേട്ട -ചേന്നാട് റോഡിലെത്തി തെക്കേക്കര വഴി കടന്നു പോകുന്ന രീതിയിലാണ് നിർദിഷ്ട ബൈപ്പാസിന്റെ അലൈൻമെന്റ് നിർണ്ണയിച്ചിട്ടുള്ളത്. ഇതിന് നിലവിലുള്ള റോഡ് വീതി കൂട്ടുന്നതിനായി 49.21 ആർ ഭൂമി അധികമായി ഏറ്റെടുക്കേണ്ടതുണ്ട്. ഇപ്രകാരം സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുക്കേണ്ട ഭൂമി 2013 ലെ ലാൻഡ് അക്വസിഷൻ റീഹാബിലിറ്റേഷൻ ആൻഡ് റീ സെറ്റിൽമെന്റ് ആക്ട് വ്യവസ്ഥകൾക്ക് അനുസൃതമായിട്ടായിരിക്കും ഏറ്റെടുക്കുക. ഈരാറ്റുപേട്ട വില്ലേജിലെ ബ്ലോക്ക് നമ്പർ 69 ൽ പെട്ട വിവിധ സർവ്വേ നമ്പറുകളിൽ ഉൾപ്പെട്ടു വരുന്ന ഭൂമിയാണ് ഏറ്റെടുക്കുക. വസ്തു ഉടമകൾക്ക് മികച്ച പ്രതിഫലം ഉറപ്പുവരുത്തിയാകും ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുക എന്നും എംഎൽഎ അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി കോട്ടയം ജില്ലാ കളക്ടറെ അധികാരപ്പെടുത്തിയിട്ടുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടങ്ങൾ പിൻവലിക്കുന്ന മുറയ്ക്ക് സ്ഥലം ഏറ്റെടുപ്പിന്റെ പ്രായോഗിക നടപടികൾക്ക് തുടക്കം കുറിക്കുകയും പരമാവധി വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് റവന്യൂ വകുപ്പ് മുഖേന സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും ചെയ്യും. തുടർന്ന് അന്തിമ എസ്റ്റിമേറ്റ് തയ്യാറാക്കി ആവശ്യമായ തുക അനുവദിപ്പിച്ച് ബൈപ്പാസ് യാഥാർത്ഥ്യമാക്കും എന്നും എംഎൽഎ കൂട്ടിച്ചേർത്തു. ഈരാറ്റുപേട്ട ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടുകൂടി കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല സ്റ്റേറ്റ് ഹൈവേയിലൂടെ വരുന്ന വാഹനങ്ങൾക്ക് ടൗണിന്റെ അതിർത്തിയായ തെക്കേക്കരയിൽ നിന്നും തിരിഞ്ഞ് ബൈപ്പാസിലൂടെ എംഇഎസ് ജംഗ്ഷനിൽ എത്തി പൂഞ്ഞാർ ഭാഗത്തേക്കും , തീക്കോയി ഭാഗത്തേക്കും , വാഗമൺ മുതലായ സ്ഥലങ്ങളിലേക്കുമെല്ലാം പോകുവാൻ കഴിയും. ഇത് ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും, ഈരാറ്റുപേട്ട ടൗണിലെ യാത്രാ സൗകര്യം കൂടുതൽ സുഗമമാകുന്നതിനും ഏറെ പ്രയോജനപ്രദമാകും. ഈരാറ്റുപേട്ട ബൈപ്പാസ് നിർമ്മാണത്തിന് പ്രാരംഭമായി പത്തുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു. ആവശ്യമായി വരുന്ന മുഴുവൻ തുകയും അനുവദിപ്പിച്ച് പരമാവധി വേഗത്തിൽ ഈരാറ്റുപേട്ട ബൈപ്പാസ് യാഥാർത്ഥ്യമാക്കുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.