Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പലിശനിരക്ക് കൂട്ടുന്നതു മുതൽ ടർഫ് സംഘങ്ങൾവരെ; യുവാക്കളെ ആകർഷിക്കാൻ ആശയങ്ങളേറെ

28 Oct 2025 19:04 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സഹകരണമേഖലയിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിനായി ക്രിയാത്മക നിർദേശങ്ങളും നൂതനാശങ്ങളും പങ്കുവച്ച് വിഷൻ 2031 വികസന സെമിനാർ.

യുവജനങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള സംഘങ്ങൾക്കു രൂപം നൽകാൻ ഇവയിൽ യുവാക്കൾക്ക് അംഗത്വം നൽകി ജിം, ക്ലബ്, ടർഫ് എന്നിവ സംഘങ്ങളുടെ പരിധിയിൽ സ്ഥാപിക്കുക, കായികമേഖലയുടെ പ്രോത്സാഹനം കൂടി ലക്ഷ്യമിട്ട് പഞ്ചായത്തുകളിൽ ടർഫ് യൂണിറ്റുകൾ ആരംഭിച്ച്, മിതമായ നിരക്കിൽ യുവജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക തുടങ്ങി നിർദേശങ്ങൾ പ്രതിനിധികൾ മുന്നോട്ടുവച്ചു.

 സഹകരണ ബാങ്കിംഗ് മേഖലയിലേക്ക് യുവതലമുറയെ ആകർഷിക്കാൻ ദേശസാൽകൃത ബാങ്കുകൾ വഴിയുള്ള എല്ലാ സേവനങ്ങളും നൽകുക, മുതിർന്ന പൗരന്മാർക്കു നൽകുന്നതുപോലെ യുവാക്കൾക്കും നിക്ഷേപങ്ങൾക്ക് ആകർഷണീയമായ പലിശ നൽകുക, ഹൈസ്‌കൂൾ തലം മുതൽ സഹകരണമേഖല പാഠ്യവിഷയമാക്കുക തുടങ്ങിയ ആശയങ്ങളും പ്രതിനിധികൾ മുന്നോട്ടു വച്ചു.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ലോജിസ്റ്റിക്സ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനായി തിരുവനന്തപുരം ജില്ല കേന്ദ്രമാക്കി ഒരു ലോജിസ്റ്റിക്സ് സഹകരണ സംഘം ആരംഭിക്കുക, യുവാക്കൾക്കു നൈപുണ്യ പരിശീലനം നൽകുക, ഇ-സേവാ കേന്ദ്രങ്ങൾ പോലെയുള്ളവ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും അവതരിപ്പിക്കപ്പെട്ടു.

സഹകരണ മേഖലയുടെ ആധുനികവൽക്കരണത്തിനും ആശയങ്ങൾ-

കോട്ടയം: സഹകരണമേഖലയുടെ ആധുനികവൽക്കരണം ലക്ഷ്യമിടുന്ന നിരവധി നിർദേശങ്ങൾ വിഷൻ 2031 സഹകരണ സെമിനാറിൽ അവതരിപ്പിക്കപ്പെട്ടു.

സഹകരണ വകുപ്പിലെ സേവനങ്ങൾ ഒറ്റ ഡിജിറ്റൽ പ്ലാറ്റ് ഫോമിലാക്കുക, സംഘങ്ങൾക്ക് മൊബൈൽ ആപ്ലിക്കേഷൻ, ക്യൂആർ കോഡ് അധിഷ്ഠിത ഇടപാടുകൾ ഒരുക്കുക, ബയോമെട്രിക്ക് അടിസ്ഥാനമാക്കി മൈക്രോ എ.ടി.എമ്മുകൾ നടപ്പാക്കുക, കേരള ബാങ്ക് ഡിജിറ്റൽ സേവനങ്ങൾ പ്രാഥമിക സഹകരണസംഘങ്ങൾ മുഖേന നടപ്പാക്കുക തുടങ്ങിയ നിർദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

 സൈബർ സുരക്ഷയുടെ ഭാഗമായി സഹകരണമേഖലയിൽ സ്വന്തമായി സെർവറുകൾ, ക്ലൗഡ് സംവിധാനം, വാണിജ്യ മേഖലയിൽ ഡിജിറ്റൽ പ്ലാറ്റ് ഫോം രൂപീകരിച്ച് സേവനങ്ങൾ നൽകുക, സഹകരണ മേഖലയിലെ മുഴുവൻ ജീവനക്കാരുടേയും വിവരങ്ങൾ ഉൾപ്പെടുത്തി സ്പാർക്ക് രീതിയിൽ ഡാറ്റാ ബാങ്ക് രൂപീകരിക്കുക, സംഘങ്ങളിൽ ഇലക്ട്രോണിക് റിക്കോർഡ്സ് മാനേജ്മെൻറ് സിസ്റ്റം നടപ്പിലാക്കുക തുടങ്ങിയ നിർദേശങ്ങളും പ്രതിനിധികൾ അവതരിപ്പിച്ചു.

 ഭരണനടപടികളിൽ സുതാര്യത ഉറപ്പാക്കുന്നതിന് യോഗത്തിൽതന്നെ മിനുറ്റ്സ് രേഖപ്പെടുത്തുന്നതിന് ഓൺലൈൻ പ്ലാറ്റ്ഫോം നിർബന്ധമാക്കണം. ജീവനക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപ്  പ്രഫഷണൽ പരിശീലനം നൽകണം. സാങ്കേതിക സഹായം നൽകുന്നതിന് ജില്ലാതലത്തിൽ സമിതി രൂപീകരിക്കണം. പൊതുവായ സോഫ്റ്റ്വേർ, ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങൾ, ഏകീകൃത പർച്ചേസ് മാന്വൽ തുടങ്ങിയവ ഏർപ്പെടുത്തണം-ചർച്ചകളിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

സഹകരണ സർവകലാശാല എന്ന ആശയവുമായി സെമിനാർ-

കോട്ടയം: വിദ്യാഭ്യാസ രംഗത്ത് സഹകരണ മേഖലയുടെ ഇടപെടൽ വിപുലീകരിക്കുന്നതിനായി സഹകരണ സർവകലാശാല ഉൾപ്പെടെയുള്ള ആശയങ്ങൾ മുന്നോട്ടു വച്ച് വിഷൻ 2031 സഹകരണ സെമിനാർ.

സഹകരണ സംഘങ്ങൾ മുഖേന പ്രവേശന പരീക്ഷാ പരിശീലനം, മത്സര പരീക്ഷാ പരിശീലനം, ഫിനിഷിംഗ് സ്‌കൂൾ തുടങ്ങിയ നിർദേശങ്ങളാണ് ചർച്ചയിൽ ആദ്യമുയർന്നത്.

സ്‌കൂൾ കൂട്ടികളെ സഹകരണ മേഖലയിലേക്ക് ആകർഷിക്കുന്നതിന് നടപടികൾ സ്വീകരിക്കണം. എല്ലാ ജില്ലകളിലും ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്ഫോം ഒരുക്കണം. സൗജന്യ ഓൺലൈൻ വിദ്യാഭ്യാസ സംവിധാനങ്ങൾ വികസിപ്പിക്കണം. വിദ്യാർഥികൾക്ക് സംരംഭകത്വ പരിശീലനവും ഫണ്ടിംഗ് പിന്തുണയും നൽകണം.വിദ്യാർഥികൾക്കു നൈപുണ്യ പരിശീലനം നൽകണം. സ്റ്റാർട്ടപ്പ് ഇൻക്യൂബേഷൻ, സാമൂഹ്യ സംരംഭങ്ങൾ, സഹകരണ ഇൻക്യൂബേഷൻ സെൻററുകൾ എന്നിവ ഒരുക്കണം.

സഹകരണ മേഖലയിൽ ലൈബ്രറികൾ ആരംഭിക്കണം, സംരംഭകത്വത്തിന് പ്രാധാന്യം നല്കുന്ന സഹകരണ സ്ഥാപനങ്ങൾക്ക് രൂപം നൽകണം. സ്‌കൂൾ തലത്തിൽ തന്നെ നൈപുണ്യ വികസന പരിപാടികൾ ആരംഭിക്കുക, വിദ്യാർഥികൾക്കു പുതിയ സംരംഭങ്ങൾ ആരംഭിക്കാനാകുന്ന വിധത്തിൽ സ്‌കൂൾ സംഘങ്ങൾ രൂപീകരിക്കുക തുടങ്ങിയ നിർദേശങ്ങളും പ്രതിനിധികൾ മുന്നോട്ടുവച്ചു.



Follow us on :

More in Related News