Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2024 19:56 IST
Share News :
വീട്ടമ്മയുടെ പതിനേഴ് ലക്ഷം തട്ടിയ കേസിൽ നാല് പേർ പിടിയിൽ
കൊച്ചി: ഒൺലൈൻ തട്ടിപ്പിലൂടെ വീട്ടമ്മയുടെ പതിനേഴ് ലക്ഷം രൂപ തട്ടിയ കേസിൽ നാല് യുവാക്കൾ പിടിയിൽ.
കോഴിക്കോട് പെരുവയൽ പുലപ്പറമ്പിൽ മുഹമ്മദ്.മിൻഹാജ് (22), പെരുവയൽ പന്തീരൻകാവ് കുഴിപ്പള്ളി മിത്തൽ ഷിഫാദലി (27), ഇരുപതു വയസുള്ള രണ്ട് പേർ എന്നിവരെയാണ് എറാണാകുളം റൂറൽ ജില്ലാ സൈബർ പോലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. വീട്ടിലിരുന്ന് ഒൺലൈൻ ടാസ്ക്കിലൂടെ ജോലി ചെയ്ത് വരുമാനമുണ്ടാക്കാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ചാണ് എടത്തല സ്വദേശിനിയായ വീട്ടമ്മയ്ക്ക് 17 ലക്ഷം രുപ നഷ്ടമായത്. വീട്ടമ്മ ഒരു സൈറ്റിൽ പ്രവേശിച്ച് അതിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്തത്. "വെറൈറ്റി ഫുഡിന് " റേറ്റിംഗ് ഇടുകയായിരുന്നു ജോലി. ഇതിലുടെ കുറച്ച് പണം ലഭിക്കുകയും ചെയ്തു. വീട്ടമ്മയ്ക്ക് കമ്പനിയിൽ വിശ്വാസം ജനിപ്പിക്കാനാണ് തട്ടിപ്പു സംഘം പ്രതിഫലമെന്ന പേരിൽ ചെറിയ തുകകൾ നൽകിയത്. ഉടനെ അടുത്ത ഓഫർ വന്നു. കുറച്ച് തുക ഇൻവെസ്റ്റ് ചെയ്താൽ വൻ തുക ലാഭം കിട്ടും. 3 ലക്ഷം,, 5 ലക്ഷം, 2 ലക്ഷം എന്നിങ്ങനെ ഘട്ടം ഘട്ടമായി തുക നിക്ഷേപിച്ചു. ആദ്യഘട്ടത്തിൽ അതിനും ചെറിയ തുക തിരികെക്കൊടുത്തു. അങ്ങനെ പല ഘട്ടങ്ങളിലായി 17 ലക്ഷം രൂപ നിക്ഷേപിച്ചു. സംഘം പറഞ്ഞ ഒമ്പത് അക്കൗണ്ടുകളിലേക്കാണ് വീട്ടമ്മ പണം നിക്ഷേപിച്ചത്. ലാഭവിഹിതമായി വൻ തുക അവരുടെ പേജിൽ കാണിച്ചു കൊണ്ടുമിരുന്നു. ഒടുവിൽ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ അതിന് സാധിച്ചില്ല. അപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് പരാതി നൽകി. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം പിടിയിലായത്. സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ടുകൾ എടുത്ത് തട്ടിപ്പ്സംഘത്തിന് വിൽക്കുകയും അതിന് കൂട്ടുനിൽക്കുകയും ചെയ്തവരാണ് പിടിയിലായവർ. ഇതിൽ ഒരാളുടെ പേരിൽ മാത്രം എട്ട് അക്കൗണ്ടുകളുണ്ട്. ഇതിലുടെ എത്ര രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് പോലീസ് അന്വേഷിക്കുന്നു. വീട്ടമ്മയുമായി തട്ടിപ്പ് സംഘം ആശയ വിനിമയം നടത്തിക്കൊണ്ടിരുന്നത് ടെലഗ്രാം വഴിയാണ്. അതിലൂടെയാണ് ഏത് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കുന്നതെന്ന നിർദ്ദേശം നൽകുന്നത്. പിടിയിലായവർക്ക് ഒരു അക്കൗണ്ടിന് നിശ്ചിത തുകയും, അക്കൗണ്ടിൽ വരുന്ന തുകയ്ക്ക് കമ്മീഷനുമാണ് നൽകുന്നത്. ഇൻസ്പെക്ടർ ആർ.റോജ്, എസ്.ഐ മാരായ സി.ആർ ഹരിദാസ്, എം.അജേഷ്, എ.എസ്.ഐമാരായ ആർ.ഡെൽജിത്ത്, ബോബി കുര്യാക്കോസ്, ടി.കെ സലാഹുദ്ദീൻ, സി പി ഒ ലിജോ ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് എടുത്ത് അത് കൈമാറ്റം ചെയ്യുന്നത് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു. രണ്ട് പേരെ ആലുവ സബ് ജയിലിൽ റിമാൻ്റ് ചെയ്തു. 20 വയസുള്ളവരെ കാക്കനാട് ബോസ്റ്റൽ സ്ക്കൂളിലേക്ക് മാറ്റി.
Follow us on :
Tags:
More in Related News
Please select your location.