Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാട്ടുമലയില്‍ ഭൂരഹിത-ഭവന രഹിതരായ ലൈഫ് ഗുണഭോക്താക്കള്‍ക്കായി ഫ്‌ലാറ്റ് സമുച്ചയം നിര്‍മിക്കും

26 Jul 2024 18:45 IST

ENLIGHT REPORTER KODAKARA

Share News :


 50 കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യമൊരുക്കുന്ന തരത്തില്‍ ആകെ 30,000 ചതുരശ്ര അടിയുള്ള

ഫ്‌ലാറ്റ് സമുച്ചയം നിര്‍മിക്കും


  

പുതുക്കാട് : ഹൗസിങ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള പുതുക്കാട് മാട്ടു മലയിലെ 53 സെന്റ് സ്ഥലത്തു മണ്ഡലത്തിലെ ഏട്ട് ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്ത കുടുംബങ്ങള്‍ക്കായി ഫ്‌ലാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിനെ ക്കുറിച്ച് ആലോചിക്കുന്നതിനായി കെ. കെ. രാമചന്ദ്രന്‍ എം. എല്‍. എ. യുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ആര്‍ രഞ്ജിത്, ഗ്രാമപഞ്ചായത് പ്രസിഡന്റുമാരായ കെ. എം ബാബുരാജ്, (പുതുക്കാട് ), ഇ കെ അനൂപ് (പറപ്പൂക്കര ), അജിതാ സുധാകരന്‍ (വരന്തരപ്പിള്ളി ), ജനപ്രതിനിധികളായ അഡ്വ അല്‍ജോ പി ആന്റണി (കൊടകര ബ്ലോക്ക് ), ഷാജു കാളിയങ്കര, പ്രീതി ബാലകൃഷ്ണന്‍ (പുതുക്കാട് പഞ്ചായത്ത് ), കേരള ഹൗസിങ് ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ ബി ഹരികൃഷ്ണന്‍, റീജിയണല്‍ എഞ്ചിനീയര്‍ മഞ്ജുള ടി ആര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി എസ് ഗിരീശന്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ദീപ രാജന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിഖില്‍ കെ. കെ., തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു...2010 ല്‍ ഹൗസിങ് ബോര്‍ഡ് പാര്‍പ്പിട സാമൂച്ചയപദ്ധതി തയ്യാറാക്കുകയും പ്രഥമീക അനുമതി ലഭ്യമാക്കുകയും 2012 ല്‍ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കി നിര്‍മ്മാണം ആരംഭിച്ചു എങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പ്രസ്തുത സ്ഥലത്തു പുതുക്കാട് മണ്ഡലത്തിലെ ഭൂ ഭവന രഹിതരായ കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യം, ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ഒരുക്കണം എന്ന് കെ. കെ. രാമചന്ദ്രന്‍ എം. എല്‍. എ. യുടെ നിരന്തരമായ അഭ്യര്‍ത്ഥന പരിഗണിച്ചാണ് സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് പുതിയ ഫ്‌ലാറ്റ് സമൂച്ചയ നിര്‍മ്മാണത്തിന് സന്നദ്ധത അറിയിച്ചത്. ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി.പി സുനീര്‍ മാട്ടുമലയിലെ സ്ഥലം സന്ദര്‍ശിക്കുകയും അനുകൂലമായ നിലപാട് എടുക്കുകയും ചെയ്തിരുന്നു. ഈ ആവശ്യം എം. എല്‍. എ. നിയമസഭയില്‍ ഉന്നയിക്കുകയും, സംസ്ഥാന റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജനോട് നിവേദനത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈ 2 ന് തിരുവനന്തപുരത്തു റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന തൃശ്ശൂര്‍ ജില്ലാ റവന്യൂ അസംബ്ലിയില്‍ ഹൗസിങ് ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ അനുകൂല തീരുമാനം  അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന്,എം. എല്‍. എ യുടെ നിര്‍ദേശ പ്രകാരം ജൂലൈ 26 ന് പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിക്കുന്നതിനും ബന്ധപ്പെട്ടവരുടെ യോഗം ചേരുന്നതിനും തീരുമാനിക്കുകയായിരുന്നു.. യോഗത്തിന് മുന്‍പ് സംഘം മാട്ടു മലയിലെ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. 50 കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യമൊരുക്കുന്ന തരത്തില്‍ ആകെ 30,000 ചതുരശ്ര അടിയുള്ള സമുച്ചയമാണ് നിര്‍മിക്കാനുദ്ദേശിക്കുന്നത് . ഇതിനായി ഹൗസിങ് ബോര്‍ഡ്, എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കി അനുമതി ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ത്രിതല പഞ്ചായത്തുകളുടെ ഭവന പദ്ധതിക്കായുള്ള ഫണ്ടും പദ്ധതിക്കായി പ്രയോജനപ്പെടുത്തും. അടിസ്ഥാന സൗകര്യങ്ങളോടെ മികച്ച ഒരു ഫ്‌ലാറ്റ് സമുച്ചയമാണ് പുതുക്കാടു മണ്ഡലത്തിലെ മാട്ടു മലയില്‍ വിഭാവനം ചെയ്യുന്നതെന്നും സെപ്തംബര്‍ മാസത്തില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.കെ.രാമചന്ദ്രന്‍ എം. എല്‍ എ. പറഞ്ഞു. 




Follow us on :

More in Related News